യു.ഡി.എഫുമായി സഖ്യമുണ്ടാക്കിയ ആര്‍.എം.പി നിലപാടുകളെ നിശിതമായി അന്‍വര്‍ തന്റെ തുറന്ന രാജി കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഒപ്പം നിന്നിട്ട് അത് ഉപേക്ഷിക്കാന്‍ തനിക്ക് വിഷമമുണ്ടെന്നും ആര്‍.എം.പി എന്നത് കേവലം വൈകാരികതയുടെ അടിസ്ഥാനത്തില്‍ മാത്രം ഇനിയും ഉള്ളില്‍കൊണ്ട് നടക്കാന്‍ സാധ്യമല്ലെന്നും പറയേണ്ടത് പറയേണ്ട സമയത്തും ഉപേക്ഷിക്കേണ്ടത് ഉപേക്ഷിക്കേണ്ട സമയത്തും എതിര്‍ക്കേണ്ടത് എതിര്‍ക്കേണ്ട സമയത്തും ചെയ്യുക എന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും അന്‍വര്‍ പറയുന്നു.
പ്രിയപ്പെട്ട ആര്‍.എം.പി നേതൃത്വത്തിന് എന്റെ രാജിക്കത്ത്
പ്രിയപ്പെട്ട സഖാക്കളെ,
റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അഥവാ ആര്‍.എം.പി എന്നത് കേവലം ഒരു പാര്‍ട്ടിയായിരുന്നില്ല എനിക്ക്. ഒരു സ്വപ്‌നമായിരുന്നു. പുതിയ ഇടത് രാഷ്ട്രീയ ബദലും വിപ്ലവങ്ങളും കോര്‍ത്തിണക്കിയ ഒരു വലിയ പ്രതീക്ഷ. അത്തരമൊരു പ്രതീക്ഷക്ക് വിത്തുപാകിയത് വേറാരുമല്ല, ധീരരക്തസാക്ഷി, സഖാവ് ടി.പി ചന്ദ്രശേഖരന്‍ എന്ന മഹാമാനുഷിയും. അതില്‍ നിങ്ങള്‍ക്ക് ഇന്ന് തര്‍ക്കമുണ്ടാകുമോ എന്ന് എനിക്കറിയില്ല. ഇപ്പോള്‍ ചിലപ്പോള്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ലാതില്ല.
ഇന്ത്യയിലെ വിപ്ലവപ്രതീക്ഷകളെ നെഞ്ചേറ്റി ജീവിച്ച് മണ്‍മറഞ്ഞുപോയ നൂറുകണക്കിന് രക്തസാക്ഷികളുടെ വിപ്ലവപാരമ്പര്യത്തെ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാനാണ് സഖാവ് ചന്ദ്രശേഖരന്‍ വ്യവസ്ഥാപിത ഇടത് രാഷ്ട്രീയത്തെ ചരിത്രത്തിലുപേക്ഷിച്ച് മുന്നോട്ട് വന്നത് എന്നാണ് എന്റെ ധാരണ. ഇന്നും അങ്ങനെ തന്നെ. അതൊരു നവസാധ്യതയെയാണ് ഇടതുപക്ഷ മാര്‍ക്സ്സിസ്റ്റ് രാഷ്ട്രീയത്തിനുള്ളില്‍ തിരഞ്ഞത്.
വ്യവസ്ഥാപിത ഇടത് ചട്ടക്കൂടുകളെയും സന്ധിമനോഭാവങ്ങളെയും മാത്രമല്ല അത് വിമര്‍ശന വിധേയമാക്കിയത്, മറിച്ച് വലതുപക്ഷ, അതിവലതുപക്ഷ പിന്തിരിപ്പന്‍മൂല്യ ബോധങ്ങളെയും കൂടിയാണ്. അവിടെയാണ് സഖാവ് തന്റെ രാഷ്ട്രീയത്തെ ഊന്നി നിര്‍ത്തിയത്. അതുകൊണ്ടാണ്, “കോണ്‍ഗ്രസുകാരാ, നീ ഓര്‍ക്കണം, ഞങ്ങള്‍ സി.പി.ഐ.എമ്മിന് വോട്ടുചെയ്‌തേക്കും, എന്നാല്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ വോട്ടുനല്‍കില്ല” എന്ന് വളരെ ഉറച്ച നിലപാട് അദ്ദേഹത്തിന് വ്യക്തമാക്കാനായത്.
അത്തരം ധീരതകള്‍ ചരിത്രത്തില്‍ നിരവധി മാതൃകകളുടെ തുടര്‍ച്ചയാണ്. ചെഗുവേര യുവാക്കളുടെ പ്രതീകമായി മാറുന്നത് മരണം കൊണ്ട് മാത്രമല്ല, ഉറച്ച രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനത്തില്‍ സ്വശരീരം വിപ്ലവത്തിനായി സമര്‍പ്പിച്ചതുകൊണ്ടുകൂടിയാണ്. അതുതന്നെയാണ് സഖാവ് റോസ ലക്‌സംബര്‍ഗും, കാള്‍ ലിബെക്‌നെറ്റും, സാല്‍വദോര്‍ അലയണ്ടെയുമൊക്കെ ചരിത്രത്തില്‍ നമുക്ക് കാണിച്ച് തന്ന സത്യസന്ധമായ രാഷ്ട്രീയ മാതൃക. അതിന്റെ തുടര്‍ച്ചയായാണ് തീര്‍ച്ചയായും സഖാവ് ടി.പി.യുടെ രാഷ്ട്രീയത്തെ ഇന്നും മനസില്‍ കരുതലോടെ സൂക്ഷിക്കുന്നത്. കെ.സി. ഉമേഷ് ബാബുവുമൊക്കെ പലയാവര്‍ത്തി അടയാളപ്പെടുത്തിയ സംഗതിയാണ് ഇത്.
വലതുപക്ഷത്തിനെതിരായ നിരന്തരമായ കരുതലും ഇടതുപക്ഷരാഷ്ട്രീയത്തിന്റെ വിമര്‍ശനാത്മക വികാസവുമാണ് ഒരു ഇടതുബദലിന്റെ ഏറ്റവും അടിസ്ഥാനപരമായ സാധ്യതയെ തുറക്കുന്നത് എന്ന് ടി.പി.യുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന കാര്യമല്ലേ? അതു തന്നെയല്ലേ പലവിധത്തിലുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തുനിയുമ്പോഴും ഇന്ത്യയിലെമ്പാടും ഓടിനടന്ന് കഴിയാവുന്ന ഇടതുപക്ഷ ചെറുസംഘങ്ങളുമായി ഐക്യവും അതേസമയം രാഷ്ട്രീയ സംവാദങ്ങളും തുടക്കം മുതല്‍ക്കേ ടി.പി. നടത്തിവന്നത്? അതിന്റെ ഒരു നിശ്ചിത ഘട്ടത്തില്‍ പ്രാദേശികമായ സംഭവവികാസങ്ങളുടെ ആവശ്യങ്ങളുടെ സമ്മര്‍ദ്ദവും പരിഗണിച്ച അദ്ദേഹം ആര്‍.എം.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. അതില്‍ ആവേശം കൊണ്ടിട്ടുണ്ട് ഇക്കാലമത്രയും. സഖാവ് ബിമലടക്കം തന്റെ ജീവിതത്തില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
പ്രിയ സഖാക്കളെ, കമ്മ്യൂണിസം എന്നത് സത്യസന്ധമായ രാഷ്ട്രീയമാണ്, അതിനെത്രതന്നെ പരിമിതികളും വീഴ്ച്ചകളും സംഭവിച്ചാലും. കമ്മ്യൂണിസം എന്ന വ്യവസ്ഥ വരുന്നതും പുലരുന്നതുമൊക്കെ ഭാവിയാണെങ്കില്‍ നിലവിലെ ചൂഷണാധിഷ്ഠിതവും മര്‍ദ്ദിതവുമായ വ്യവസ്ഥയെ പൊള്ളിക്കാനും പൊളിക്കാനുമുള്ള നവ സാധ്യതയുടെ വാതായനമാണ് കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രം. ഓരോ രാജ്യത്തിന്റെയും സവിശേഷതകളില്‍ പ്രവര്‍ത്തിക്കുകയും സാര്‍വ്വദേശീമായ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുകയും മുതലാളിത്തമെന്ന മനുഷ്യവിരുദ്ധപ്രകൃതിവിരുദ്ധ വ്യവസ്ഥയെ നിഷ്‌ക്കാസിതമാക്കാന്‍ നിലകൊള്ളുകയും ചെയ്യുന്ന ഈ രാഷ്ട്രീയത്തിനെ ആര്‍ക്ക് സ്‌നേഹിക്കാതിരിക്കാനാവും?
അതുകൊണ്ട് തന്നെ ഒരു മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് എന്ന പേരില്‍ അറിയപ്പെടാന്‍ തീര്‍ച്ചയായും സഖാക്കളെ ഇപ്പോഴും അഭിമാനിക്കുന്നു എന്ന് തുറന്ന് പറയട്ടെ.
ഈ രാഷ്ട്രീത്തെയാണ് നിങ്ങള്‍ ഇപ്പോള്‍ ഒറ്റുകൊടുത്തിരിക്കുന്നത്. ആ രാഷ്ട്രീയത്തിന്റെ പ്രതിനിധാനം നമുക്ക് സഖാവ് ചന്ദ്രശേഖരനാണെങ്കില്‍, ആവര്‍ത്തിച്ച് ഉറപ്പിച്ച് പറയട്ടെ, അവര്‍ അദ്ദേഹത്തെ കൊന്നതേയുള്ളു, സഖാക്കളേ നിങ്ങള്‍ അദ്ദേഹത്തെ തറപറ്റിച്ചുകളഞ്ഞു. അവിടെയാണ് സഖാവ് ഷിദീഷ് ലാലിന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്;
“വൈകാരികതയുടെ ചുരുക്കപേരല്ല ടി പി…
ഇടതുപക്ഷ രാഷ്ട്രീയനിലപാടിന്റെ ചുരുക്കപേരാണ് ടി പി…”
എന്തായാലും ആര്‍.എം.പി എന്ന രാഷ്ട്രീയപ്രസ്ഥാനം അതിന്റെ രാഷ്ട്രീയത്തില്‍ പരിപൂര്‍ണ പരാജയമാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരസ്യമായി തന്നെ ഒഞ്ചിയത്ത് വലതുപക്ഷവുമായി ധാരണയുണ്ടാക്കിയെന്ന് വ്യക്തമായ തെളിവുകള്‍ സഹിതം നമ്മുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ വിശദ ചര്‍ച്ചയ്ക്ക് വെച്ചതാണ്. പല സഖാക്കളും അത് ഉയര്‍ത്തിയതുമാണ്. അതിന് വ്യക്തമായ മറുപടി തന്നില്ല. എന്തുകൊണ്ടാണ് അത് നല്‍കാതിരുന്നത് എന്ന് ഇന്നലെ “ഒഞ്ചിയം ആര്‍.എം.പിക്ക്” എന്ന വാര്‍ത്തയുടെ വിശദാംശം എനിക്ക് വ്യക്തമായി മനസിലാക്കി തരുന്നുണ്ട്.
പ്രിയ സഖാക്കളെ,
ഇടതുവലതു വ്യതിയാനങ്ങളുടെ പഴങ്കതകളുടെ ഭാണ്ഡമേറിക്കൊണ്ട് നടക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്ന് ഒരു വിമര്‍ശനമുണ്ട്. എന്നാല്‍ ഏതൊരു രാഷ്ട്രീയ മാറ്റത്തെയും ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ ബാധ്യതയുണ്ട്, ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും, അത് വലതയാലും ഇടതായാലും അതി തീവ്ര വലതായാലും, അതി തീവ്ര ഇടതായാലും.
അത് അവര്‍ക്കൊക്കെ സാധിക്കുകയും ആര്‍.എം.പിക്ക് സാധ്യമല്ലാതെ വരുകയും ചെയ്യുമ്പോള്‍ ചോദ്യം ഇതാണ്, ആര്‍.എം.പി ആര്‍ക്കാണ് വിലമതിക്കുന്നത്? ആര്‍ക്കുവേണ്ടിയാണ് നലകൊള്ളുന്നത്? തീര്‍ച്ചയായും അത് ജനങ്ങള്‍ക്കുവേണ്ടിയാണ്, ജനങ്ങള്‍ക്കൊപ്പമാണ് എന്ന് ഇനിയും പറയരുതേ, അതിനുള്ള സത്യസന്ധതയെങ്കിലും കാണിക്കുമെന്ന് വിശ്വസിക്കുന്നു. വിജയന്‍ മാഷിന്റെ വരികള്‍ ഇനിയും ഞാന്‍ ഉദ്ധരിക്കുന്നില്ല, ബോറായിപ്പോകും.
സഖാക്കളെ വളരെ വിഷമമാണ്, ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഒപ്പം നിന്നിട്ട് അത് ഉപേക്ഷിക്കാന്‍. ആര്‍.എം.പി എന്നത് കേവലം വൈകാരികതയുടെ അടിസ്ഥാനത്തില്‍ മാത്രം ഇനിയും ഉള്ളില്‍കൊണ്ട് നടക്കാന്‍ സാധ്യമല്ല. പറയേണ്ടത് പറയേണ്ട സമയത്തും ഉപേക്ഷിക്കേണ്ടത് ഉപേക്ഷിക്കേണ്ട സമയത്തും എതിര്‍ക്കേണ്ടത് എതിര്‍ക്കേണ്ട സമയത്തും ചെയ്യുക എന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ആര്‍.എം.പി എന്ന പ്രസ്ഥാനത്തില്‍ നിന്നും രാജിവെയക്കുകയാണ്. ഈ തുറന്ന കത്ത് എന്റെ രാജിക്കത്തായി പരിഗണിക്കണമെന്നും കുണ്ടായിത്തോട് ബ്രാഞ്ച്കമ്മിറ്റിയില്‍ നിന്നും പ്രാഥമികാംഗത്വത്തില്‍ നിന്നും ഞാന്‍ രാജിവെയ്ക്കുന്നുവെന്നും വ്യക്തമാക്കികൊള്ളട്ടെ.
എല്ലാ സഖാക്കളോടും സ്‌നേഹം. ദുഖം, നിരാശ. (സന്തോഷം ഇല്ല.)
NB: ഇനിയും രാഷ്ട്രീയപരമായി സൗഹൃദം തുടരും. വിമര്‍ശനാത്മകമായി ഐക്യപ്പെടലുകള്‍ നടത്തും. ടി.പി ഉയര്‍ത്തിയ രാഷ്ട്രീയത്തെ നെഞ്ചില്‍ സൂക്ഷിക്കും. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമാണ് ഇന്നിന്റെ ആവശ്യമായി ഞാന്‍ ഇപ്പോഴും കരുതുന്നത്. അതില്‍ പ്രതീക്ഷ ഇല്ലാതായിട്ടില്ല. നവസാമൂഹ്യ സമരങ്ങളില്‍ ഉണ്ടാകും സമരങ്ങള്‍ക്കൊപ്പം.
എന്ന് സ്‌നേഹപൂര്‍വം
അന്‍വര്‍ സാദത്ത്