ഒഞ്ചിയത്ത് രാജിയില്ല; കൂറുമാറി വോട്ട് ചെയ്തതിന് വിശദീകരണം നല്‍കേണ്ടത് മുസ്‌ലിം ലീഗ്: ആര്‍.എം.പി
Daily News
ഒഞ്ചിയത്ത് രാജിയില്ല; കൂറുമാറി വോട്ട് ചെയ്തതിന് വിശദീകരണം നല്‍കേണ്ടത് മുസ്‌ലിം ലീഗ്: ആര്‍.എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st November 2015, 6:53 pm

n-venu

കോഴിക്കോട്:  ഒഞ്ചിയം പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് പിന്തുണയില്‍ അധികാരത്തില്‍ വന്ന ഭരണസമിതി രാജിവെക്കില്ലെന്ന് ആര്‍.എം.പി സംസ്ഥാന നേതൃത്വം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു ഇക്കാര്യം വ്യക്തമാക്കിയത്.

ഒഞ്ചിയത്ത് യു.ഡി.എഫ് തീരുമാനം തള്ളി ആര്‍.എം.പിക്ക് പിന്തുണ പ്രഖ്യാപിച്ചത് മുസ്‌ലിം ലീഗ് വിമതരാണ്. മുസ്‌ലിം ലീഗ് അംഗങ്ങള്‍ കൂറുമാറിയതിന്റെ വിശദീകരണം ലീഗിനോട് തന്നെ ചോദിക്കണം. ഒഞ്ചിയത്ത് യു.ഡി.എഫിന്റെ പിന്തുണ വേണ്ടെന്ന സംസ്ഥാന കമ്മറ്റി തീരുമാനത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും എന്‍. വേണു അവകാശപ്പെട്ടു.

ആര്‍.എം.പി നേതൃത്വത്തില്‍ ഭിന്നതയില്ല. ഭിന്നത ഉണ്ടാക്കാന്‍ വലിയ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍.എം.പിയില്‍ നിന്ന് ആരും രാജിവെച്ചിട്ടില്ല. ടി.പി ചന്ദ്രശേഖരന്റെ രാഷ്ട്രീയത്തെ ശക്തമായി മുന്നോട്ടുകൊണ്ടുപോകും.

ഒഞ്ചിയത്ത് മുസ്‌ലീം ലീഗ് വോട്ട് ചെയ്യാനുള്ള രാഷ്ട്രീയ സാഹചര്യം പരിശോധിക്കും. ഒഞ്ചിയത്ത് സ്വാധീനമില്ലാത്തതുകൊണ്ടാണ് യു.ഡി.എഫ് ആര്‍.എം.പി മത്സരിച്ച വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിക്കൊടുക്കാനുള്ള ബാധ്യത ആര്‍.എം.പിക്കല്ലെന്നും വേണു പറഞ്ഞു.

അതേ സമയം ചോറോട് പഞ്ചായത്തില്‍ യു.ഡി.എഫിനെ പിന്തുണച്ചത് സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായാണ്. ഇക്കാര്യത്തില്‍ ആര്‍.എം.പി പ്രാദേശിക നേതൃത്വത്തോട് വിശദീകരണം തേടുമെന്നും നേതാക്കള്‍ പറഞ്ഞു. എന്‍. വേണുവിനെ കൂടാതെ സംസ്ഥാന ചെയര്‍മാന്‍ ടി.എല്‍ സന്തോഷ്, കെ.കെ രമ തുടങ്ങിയവരും മാധ്യമങ്ങളോട് സംസാരിച്ചു.

പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി യു.ഡി.എഫ് പിന്തുണ സ്വീകരിച്ചെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേര്‍ന്നിരുന്നത്. ഒഞ്ചിയത്തെ പാര്‍ട്ടിയുടെ തീരുമാനത്തെ വിമര്‍ശിച്ച് സംസ്ഥാന ചെയര്‍മാന്‍ ടിഎല്‍ സന്തോഷടക്കം രംഗത്ത് വന്നിരുന്നു. സൈബര്‍ ഇടങ്ങളില്‍ ചോറോട്ടെയും ഒഞ്ചിയത്തെയും യു.ഡി.എഫ് ബന്ധം ആര്‍.എം.പി അനുഭാവികള്‍ക്കിടയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.

പതിനേഴംഗങ്ങളുള്ള ഒഞ്ചിയം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഏഴും ആര്‍.എം.പി.ക്ക് ആറും യു.ഡി.എഫിന് നാലും സീറ്റുമാണുള്ളത്. യു.ഡി.എഫില്‍ ലീഗിന് രണ്ടും കോണ്‍ഗ്രസിനും ജെ.ഡി.യുവിനും ഓരോ അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. ഇതില്‍ ലീഗ് ആര്‍.എം.പിക്ക് വോട്ട് ചെയ്യുകയായിരുന്നു.

അതേ സമയം എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്ല്യ സീറ്റുകള്‍ ഉണ്ടായിരുന്ന ചോറോട് ഗ്രാമപഞ്ചായത്തില്‍ ആര്‍.എം.പി പിന്തുണ നല്‍കിയാണ് യു.ഡി.എഫിനെ അധികാരത്തിലേറ്റിയിരുന്നത്.
21 അംഗങ്ങളില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒമ്പത് വീതവും രണ്ടെണ്ണം ആര്‍.എം.പിക്കും ഒരംഗം ബി.ജെ.പിക്കുമാണ് ഉണ്ടായിരുന്നത്. ഇവിടെ ആര്‍.എം.പി യു.ഡി.എഫിന് പിന്തുണ നല്‍കുകയും ബി.ജെ.പി വിട്ടു നില്‍ക്കുകയുമാണുണ്ടായത്.