വടകര: ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍.എം.പിക്ക്. മുസ്‌ലിം ലീഗിന്റെ രണ്ടു മെമ്പര്‍മാരുടെ പിന്തുണയോടെയാണ് പഞ്ചായത്തില്‍ ആര്‍.എം.പി ഭരണം ഉറപ്പിച്ചിരിക്കുന്നത്.
ഒഞ്ചിയത്ത് 17 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിന് എഴ്, ആര്‍.എം.പിക്ക് ആറ്, യു.ഡി.എഫിന് നാല് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫ് പിന്തുണയോടെ പഞ്ചായത്ത് ഭരിക്കില്ലെന്ന് ആര്‍.എം.പി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി നടത്തിയ വോട്ടിംഗില്‍ യു.ഡി.എഫ് ഘടകകക്ഷികളായ കോണ്‍ഗ്രസും ജെ.ഡി.യുവും വിട്ടുനില്‍ക്കുകയാണ് ചെയ്തത്.
വോട്ടുരേഖപ്പെടുത്തിയ രണ്ട് മുസ്‌ലിം ലീഗ് മെമ്പര്‍മാര്‍ ആര്‍.എം.പിക്ക് വോട്ടുനല്‍കുകയും ചെയ്തു. ഇതോടെ എട്ട് പേരുടെ പിന്തുണയോടെ ആര്‍.എം.പിയുടെ കവിത പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഒഞ്ചിയത്ത് സി.പി.ഐ.എം ഭരണത്തിലെത്താതിരിക്കാന്‍ ആര്‍.എം.പിയെ സഹായിക്കുമെന്ന് കോണ്‍ഗ്രസ് പലതവണ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ആര്‍.എം.പിയും ഒത്തുകളിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നത് ആര്‍.എം.പിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫ് പിന്തുണ സ്വീകരിക്കില്ല എന്ന ശക്തമായ നിലപാടാണ് ആര്‍.എം.പി തെരഞ്ഞെടുപ്പിനുശേഷം സ്വീകരിച്ചത്.
യു.ഡി.എഫിന്റെ പിന്തുണ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പിന്തുണ വേണ്ടെന്നും തുറന്നടിച്ച് കെ.വേണു ഉള്‍പ്പെടെയുള്ള ആര്‍.എം.പി നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടെന്ന് യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ യു.ഡി.എഫ് തീരുമാനത്തിനു വിരുദ്ധമായി മുസ്‌ലിം ലീഗ് മെമ്പര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ആര്‍.എം.പിക്ക് അനുകൂലമായി വോട്ടുരേഖപ്പെടുത്തുകയും ചെയ്തു.
തൊട്ടടുത്ത ചോറോട് പഞ്ചായത്തിലും ആര് ഭരിക്കുമെന്നകാര്യത്തില്‍ അനിശ്ചിതത്ത്വമുണ്ടായിരുന്നു. ആകെയുള്ള 21 സീറ്റുകളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഒന്‍പത് സീറ്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. ആര്‍എംപി രണ്ട് സീറ്റ് നേടിയപ്പോള്‍ ബിജെപിക്ക് ഒരു സീറ്റുണ്ട്. ബിജെപി ഇവിടെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.ചോറോഡ് പഞ്ചായത്തില്‍ ആര്‍എംപിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലേറി.