| Thursday, 6th February 2014, 8:48 pm

സമരം ശക്തമാക്കും; പ്രചരണത്തിന് വെബ്‌സൈറ്റ് ആരംഭിയ്ക്കും: ആര്‍.എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: കെ.കെ രമ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി സംസ്ഥാന വ്യാപകമായി സമരങ്ങള്‍ സംഘടിപ്പിയ്ക്കുമെന്ന് ആര്‍.എം.പി വ്യക്തമാക്കി.

സമരം ശക്തമാക്കുമെന്നും ഇതിന്റെ പ്രചരണത്തിനായി പുതിയ വെബ്‌സൈറ്റ് ആരംഭിയ്ക്കുമെന്നും ആര്‍.എം.പി അറിയിച്ചു.

ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്റെ വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ രമ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.

രമയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജില്ലാ കേന്ദ്രങ്ങളില്‍ റിലേ സത്യാഗ്രഹം നടത്താനും തീരുമാനമായിട്ടുണ്ട്.

ആര്‍.എം.പി നേതൃയോഗത്തിലാണ് സംസ്ഥാന വ്യാപകമായി സമരങ്ങള്‍ സംഘടിപ്പിയ്ക്കാന്‍ തീരുമാനമായിരിയ്ക്കുന്നത്.

രമയുടെ സമരത്തിന് സഹകരിച്ചവരുമായി ചേര്‍ന്ന് വരുന്ന എട്ടാം തീയതി യോഗം ചേരും. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സമരസമിതി രൂപീകരിയ്ക്കും.

സി.ബി.ഐ അന്വേഷണം വേണമെന്ന തങ്ങളുടെ ആവശ്യത്തില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചു കളിയ്ക്കുകയാണ്.

കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് നേരത്തേ അറിയിച്ച ആര്‍.എം.പി തങ്ങളുടെ ആവശ്യത്തെ സര്‍ക്കാര്‍ അട്ടിമറിയ്ക്കുകയാണെന്നും ആരോപിച്ചിരുന്നു.

സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ സമരം നിര്‍ത്താനാവില്ലെന്നും തങ്ങള്‍ക്ക് കൃത്യമായ തീരുമാനമാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

രമയുടെ അനിശ്ചിതകാല നിരാഹാര സമരം ഇത നാലാം ദിവസമാണ്. നിരവധി സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും രമയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more