അശോകന്റെ ഹരജിയ്‌ക്കെതിരെ ആര്‍.എം.പിയും വിവാദ വ്യവസായിയും
Kerala
അശോകന്റെ ഹരജിയ്‌ക്കെതിരെ ആര്‍.എം.പിയും വിവാദ വ്യവസായിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th May 2012, 9:27 am

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ മരണത്തിന് പിന്നില്‍ വിവാദ വ്യവസായി ആണെന്ന സി.പി.ഐ.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്റെ ഹരജിയ്‌ക്കെതിരെ റവല്യൂഷണി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രംഗത്ത്. കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സി.പി.ഐ.എമ്മിന്റെ ശ്രമമാണിതെന്ന് ആര്‍.എം.പി ആരോപിച്ചു.

അഴിയൂരിലെ ഐസ് പ്ലാന്റിന് എതിരായാണ് ടി.പി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം ചെയ്തത്. ജനതാദള്‍ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഒരുമിച്ച് നടത്തിയ സമരം കൊലപാതകത്തിന് കാരണമായി കരുതാനാവില്ലെന്ന് ഇടതുപക്ഷ ഏകോപന സമിതി നേതാവ് കെ.എസ് ഹരിഹരന്‍ പറഞ്ഞു.

അതേസമയം, അശോകന്റെ ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും പുകമറ സൃഷ്ടിക്കാനാണ് അശോകന്‍ ശ്രമിക്കുന്നതെന്നും ഐസ്പ്ലാന്റ് ഉടമ പ്രദീപ് കുമാര്‍ വ്യക്തമാക്കി.

ഐസ്പ്ലാന്റിനെതിരായ സമരത്തില്‍ ചന്ദ്രശേഖരന്‍ സജീവമായിരുന്നില്ലെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. സി.പി.ഐ.എമ്മും ജനതാദളുമാണ് ഐസ്പ്ലാന്റിനെതിരായ സമരത്തിന് നേതൃത്വം നല്‍കിയിരുന്നതെന്നും 25 ലക്ഷം രൂപയുടെ ചെറുകിട പദ്ധതി മാത്രമാണിതെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.

ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ബന്ധമുള്ള വ്യവസായിയാണെന്ന് കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്.അശോകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഐസ്പ്ലാന്റിനെതിരായ സമരത്തിന് ചന്ദ്രശേഖരന്‍ നേതൃത്വം നല്‍കിയതാകാം വിരോധത്തിന് കാരണമെന്നും അശോകന്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ,  ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്. ഗൂഢാലോചനയില്‍ മുഖ്യപങ്കാളിയെന്ന് സംശയിക്കുന്ന കുഞ്ഞനന്തനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ശക്തമാക്കി. ഇയാള്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച സ്ഥിരീകരണത്തിനായി അന്വേഷണ സംഘം വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടു തുടങ്ങി.

പോലീസ് കസ്റ്റഡിയിലായിരുന്ന ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രനെയും ലംബു പ്രദീപനെയും റിമാന്റ് ചെയ്തു.