| Wednesday, 10th August 2022, 7:52 am

കഴിഞ്ഞ തവണ വെറും ചെണ്ടയായിരുന്നു, അവനെ ടീമിലെടുക്കാത്തത് നന്നായി; ഏഷ്യാ കപ്പില്‍ നിന്നും ഷമിയെ ഒഴിവാക്കിയതിനെ പിന്തുണച്ച് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പേസ് ബൗളിങ്ങില്‍ പരീക്ഷണത്തിനൊരുങ്ങിയാണ് ഇന്ത്യന്‍ ടീം സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ് പുറത്തായതിനാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കോ ഹര്‍ഷല്‍ പട്ടേലിനോ ടീമില്‍ ഇടം പിടിക്കാനായില്ല.

ഭുവനേശ്വര്‍ കുമാറിനാണ് ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പേസ് ആക്രമണത്ത മുന്നില്‍ നിന്നും നയിക്കാന്‍ ചുമതല. ആവേശ് ഖാനും അര്‍ഷ്ദീപ് സിങ്ങുമാണ് പ്രധാന പേസര്‍മാര്‍. ഒപ്പം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെയും പേസര്‍ എന്ന നിലയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി പോലും ടീമില്‍ ഇടം നേടിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. ഷമിയെ ടീമിലെടുക്കാത്തതിന് പിന്നാലെ ആരാധകര്‍ സെലക്ഷന്‍ കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

എന്നാലിപ്പോള്‍ ഷമിയെ ടീമിലെടുക്കാത്ത സെലക്ഷന്‍ കമ്മിറ്റിയുടെ നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്.

2021ല്‍ നടന്ന ടി-20 ലോകകപ്പില്‍ ഷമി എല്ലാ ബാറ്റര്‍മാരില്‍ നിന്നും അടിവാങ്ങിക്കൂട്ടിയിരുന്നുവെന്നും അതിനാല്‍ തന്നെ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം നൂറ് ശതമാനവും ശരിയാണെന്നുമായിരുന്നു ബട്ടിന്റെ അഭിപ്രായം.

‘ഇന്ത്യ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല, കാരണം ഇതിന് മുമ്പ് യു.എ.ഇയില്‍ കളിച്ചപ്പോള്‍ ഷമി പൂര്‍ണമായും പരാജയമായിരുന്നു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങാന്‍ സാധിക്കുന്ന ഫ്‌ളെക്‌സിബിളായ താരങ്ങളെയാണ് ഇന്ത്യ ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫീല്‍ഡിങ്, ബാറ്റിങ്, ലോവര്‍ ഓര്‍ഡര്‍ എന്നീ ഡിപ്പാര്‍ട്‌മെന്റിലൊക്കെ തന്നെ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്ന ടീമിനെയാണ് സെലക്ട് ചെയ്തിരിക്കുന്നത്,’ ബട്ട് പറഞ്ഞു.

പേസില്‍ പരീക്ഷണം നടത്തുകയാണെങ്കിലും സ്പിന്നില്‍ അത്തരം നീക്കമൊന്നുമില്ല. ചഹലും അശ്വിനും നയിക്കുന്ന സ്പിന്‍ ആക്രമണത്തിന് പിന്തുണ നല്‍കുന്നത് രവി ബിഷ്‌ണോയ് ആണ്.

മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ടീമിലേക്കുള്ള മടങ്ങി വരവാണ് ഏറ്റവും വലിയ പ്രത്യേകത. ഫോം ഔട്ടില്‍ വലഞ്ഞിരുന്ന താരത്തിന്റെ തിരിച്ചുവരവാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ടീമില്‍ ബാക്ക് അപ് ആയി മൂന്ന് താരങ്ങളാണുള്ളത്. ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചഹര്‍ എന്നിവരാണ് സ്റ്റാന്‍ഡ്ബൈ താരങ്ങള്‍.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍ , അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

Content Highlight: Former Pakistan captain Salman Butt backs decision to snub Shami for Asia Cup 2022

We use cookies to give you the best possible experience. Learn more