ന്യൂദല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയും പുറത്താക്കിയ സുപ്രീം കോടതി വിധി ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയമാണെന്ന് ജസ്റ്റിസ് ആര്‍.എം. ലോധ.
കമ്മീഷന്‍ റിപ്പോര്‍ട്ട് ഇനി തടസ്സങ്ങളില്ലാതെ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് 2016ല്‍ സുപ്രീം കോടതി ഉത്തരവ് ഉണ്ടായെങ്കിലും ബി.സി.സി.ഐ അത് നടപ്പാക്കാന്‍ തയ്യാറായില്ല. റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യം ഉറപ്പുവരുത്തുന്നതിന് സുപ്രീം കോടതിയുടെ ഉത്തരവ് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതെങ്കിലും വ്യക്തികള്‍ക്കെതിരായ റിപ്പോര്‍ട്ടല്ല ഇത്. വ്യക്തികള്‍ വരികയും പോവുകയും ചെയ്യും. എന്നാല്‍, ഘടനാപരമായ മാറ്റമാണ് റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ഉയരങ്ങളിലേയ്ക്കുള്ള യാത്ര തുടരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കോടതി വിധി വന്നതിന് ശേഷം ജസ്റ്റിസ് ലോധ മാധ്യമങ്ങളോട് പ്രതികരിച്ചു.
വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അനുരാഗ് ഠാക്കൂറിനെതിരായ കോടതി നടപടിയെടുത്തത്. അനുരാഗ് ഠാക്കൂര്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും ക്ഷമാപണം നടത്തിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നും സുപ്രീം കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അനുരാഗ് ഠാക്കൂറിന് സുപ്രീം കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുമുണ്ട്. ഠാക്കൂറിന് പകരം മുതിര്‍ന്ന വൈസ് പ്രസിഡന്റിനും ജോയിന്റ് സെക്രട്ടറിക്കുമാണ് ചുമതല.
2013ലെ ഐ.പി.എല്‍ വാതുവെപ്പ് അഴിമതിയെ തുടര്‍ന്ന്, ക്രിക്കറ്റിനെ അഴിമതിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചത്. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തതിന് ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതി പലതവണ മുന്നറിയിപ്പുകള്‍ കൊടുത്തിരുന്നു. ഇത് അവഗണിച്ചതാണ് ഇപ്പോഴത്തെ കടുത്ത നടപടിയിലേയ്ക്ക് നയിച്ചത്.
ഇന്ത്യന്‍ കായിക മേഖലയിലെ ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദി പ്രതികരിച്ചു. വിധിയെ എല്ലാവരും സ്വാഗതം ചെയ്യുന്നതായും ഇരുട്ടിലായിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിന് വെളിച്ചമേകുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.