| Saturday, 12th January 2019, 12:17 pm

സി.ബി.ഐയുടെ സ്വാതന്ത്ര്യം ഉറപ്പാക്കണം; ആകാശത്ത് പറക്കണമെങ്കില്‍ തത്തയെ സ്വതന്ത്ര്യമാക്കണം: മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.ഐയെ കേന്ദ്ര സര്‍ക്കാര്‍ താത്പ്പര്യങ്ങള്‍ക്ക് അനുസൃതമായി ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ. സ്വാതന്ത്ര്യം നല്‍കിയില്ലെങ്കില്‍ തത്തക്ക് വിശാലമായ ആകാശത്ത് പറക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ലോധ പറഞ്ഞു.

സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന സി.ബി.ഐയെ “കൂട്ടിലടച്ച തത്ത” എന്ന് ആര്‍.എം ലോധ നേരത്തെ വിശേഷിപ്പിച്ചിരുന്നു.

“രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സി എന്ന നിലയില്‍ സി.ബി.ഐയുടെ സ്ഥാനത്തിന് സംരക്ഷണം നല്‍കണം. അതിനായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതിനുള്ള സമയമാണിപ്പോള്‍”- ലോധ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.


“സ്ഥാപനത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വിവിധ വഴികള്‍ തേടണം. സര്‍ക്കാര്‍ സി.ബി.ഐയെ സ്വാധീനിക്കാനും അവരവരുടെ താത്പ്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനും ശ്രമിക്കും. ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണ്. കല്‍ക്കരി അഴിമതിയിലും മറ്റും ഇതും ഉയര്‍ന്നു വന്നിരുന്നു. സി.ബി.ഐയുടെ സ്വാതന്ത്ര്യം കോടതിയുടെ നിരീക്ഷണത്തിലൂടെയോ മറ്റു വഴികളിലൂടെയോ ഉറപ്പാക്കേണ്ടതാണ്”-അദ്ദേഹം പറഞ്ഞു

സി.ബി.ഐ മേധാവിയെ സ്ഥലം മാറ്റുന്നതിന് ഉന്നതാധികാര സമിതി ചേര്‍ന്നില്ല എന്ന നടപടി ക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അലോക് വര്‍മക്ക് വീണ്ടും അവസരം നല്‍കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അലോക് വര്‍മ്മ അഴിമതി നടത്തിയെന്നതിന് യാതൊരു തെളിവുമില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി.വി.സി) അംഗവും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ എ.കെ പട്നായിക് പറഞ്ഞിരുന്നു. അലോക് വര്‍മ്മയെ പുറത്താക്കിയ ഉന്നതാധികാര സമിതിയുടെ തീരുമാനം തിരക്കിട്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


സി.ബി.ഐയിലെ രണ്ടാമനായ രാകേഷ് അസ്താന തനിക്ക് മൊഴി നല്‍കിയിട്ടില്ലെന്നും പട്നായിക്ക് പറഞ്ഞു. രാകേഷ് അസ്താനയുടെ പരാതിയിലാണ് അന്വേഷണം നടന്നിരുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more