| Tuesday, 17th December 2024, 8:31 pm

അന്ന് മനോജ് കെ. ജയനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അച്ഛന്‍ പുള്ളിയെ തല്ലിയേനെ: ആര്‍.എല്‍.വി രാമകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കലാഭവന്‍ മണി. മിമിക്രിവേദിയില്‍ നിന്ന് സിനിമയിലേക്കെത്തിയ മണി തന്റെ അതിഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനം നേടി. കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍. കലാഭവന്‍ മണി ആദ്യമായി ശ്രദ്ധേയവേഷം ചെയ്ത ചിത്രമായിരുന്നു സല്ലാപം. ചിത്രം കാണാന്‍ കുടുംബസേമതം പോയിരുന്നെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

അച്ഛന്‍ അധികം പുറത്തേക്കൊന്നും പോകാത്ത ആളായിരുന്നെന്നും താനും മണിയും നിര്‍ബന്ധിച്ചാണ് സിനിമക്ക് കൊണ്ടുപോയതെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ മനോജ് കെ. ജയന്റെ കഥാപാത്രം കലാഭവന്‍ മണിയെ തല്ലുന്ന സീന്‍ കണ്ട് അച്ഛന്‍ ബഹളം വെച്ചെന്നും ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചെന്നും രാമകൃഷ്ണന്‍ പറഞ്ഞു. തങ്ങള്‍ക്ക് ആര്‍ക്കും അന്ന് സിനിമ കാണാന്‍ കഴിഞ്ഞില്ലെന്നും മണിക്ക് അക്കാര്യത്തില്‍ ചെറിയ സങ്കടമായെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

വീട്ടിലെത്തിയ ശേഷം നാളെത്തന്നെ മനോജ് കെ. ജയനെപ്പോയി തല്ലണമെന്ന് അച്ഛന്‍ മണിയോട് പറഞ്ഞെന്നും തങ്ങളെ ആരും തല്ലുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നെന്നും രാമകൃഷ്ണന്‍ പറഞ്ഞു. സല്ലാപം കണ്ടുകൊണ്ടിരുന്നപ്പോള്‍ മനോജ് കെ. ജയനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അച്ഛന്‍ ഉറപ്പായും തല്ലിയിരുന്നേനെയെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയില്‍ സംസാരിക്കുകയായിരുന്നു ആര്‍.എല്‍.വി. രാമകൃഷ്ണന്‍.

‘അച്ഛന്‍ അങ്ങനെ പുറത്തേക്കൊന്നും പോകാത്ത ആളായിരുന്നു ഞങ്ങളുടെ അച്ഛന്‍. ആ സമയത്താണ് സല്ലാപം റിലീസാകുന്നത്. അതില്‍ ചേട്ടന് അത്യാവശ്യം നല്ലൊരു വേഷമായിരുന്നു. കുടുംബക്കാരുടെ കൂടെയിരുന്ന് സല്ലാപം കാണണമെന്ന് ചേട്ടന് നല്ല ആഗ്രഹമുണ്ടായിരുന്നു. അച്ഛനെ ഒരുവിധത്തില്‍ നിര്‍ബന്ധിപ്പിച്ച് പടത്തിന് കൊണ്ടുപോയി. അതില്‍ ഒരു സീനുണ്ട്, മനോജ് കെ. ജയന്‍ ചേട്ടന്‍ ചെയ്ത ക്യാരക്ടര്‍ മണിച്ചേട്ടനെ തല്ലുന്ന സീനായിരുന്നു അത്.

അച്ഛന്‍ ആ സീന്‍ കണ്ടപ്പോള്‍ ദേഷ്യപ്പെട്ടു. ‘സിനിമ നിര്‍ത്തിവെക്കെടാ’ എന്ന് പറഞ്ഞ് പുള്ളി എഴുന്നേറ്റ് നടന്നു. സ്റ്റെപ്പ് ഉള്ളത് കാണാത്തതുകൊണ്ട് അച്ഛന്‍ അവിടെ വീണു. ഞാനും ചേട്ടനും കൂടെ പുള്ളിയെ വീട്ടിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ക്കാര്‍ക്കും അന്ന് സിനിമ കാണാന്‍ പറ്റിയില്ല. വീട്ടിലെത്തിയപ്പോള്‍ ചേട്ടന്റെയടുത്ത് ‘എടാ, നീ നാളെത്തന്നെ പോയി അവനെ തിരിച്ചുതല്ലണം’ എന്ന് പറഞ്ഞു.

പുള്ളി അങ്ങനെയാണ്. ഞങ്ങളെ ആരെങ്കിലും തല്ലുന്നത് അച്ഛന് ഇഷ്ടമല്ല. അന്ന് അച്ഛനെ ഒരുവിധത്തില്‍ പറഞ്ഞ് മനസിലാക്കി കൊടുത്തു. പിന്നീട് ചേട്ടന്‍ ഈ കഥ ഒരുവിധം എല്ലാ സെറ്റിലും പറഞ്ഞിട്ടുണ്ട്. അന്ന് ആ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ മനോജ് കെ. ജയനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അച്ഛന്‍ ഉറപ്പായും പുള്ളിയെ തല്ലിയേനെ,’ രാമകൃഷ്ണന്‍ പറഞ്ഞു.

Content Highlight: RLV Ramakrishnan shares the memories of Kalabhavan Mani

We use cookies to give you the best possible experience. Learn more