| Saturday, 25th July 2020, 1:32 pm

'മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കനയ്യകുമാറാവുമോ?'; കുശ്‌വാഹയുടെ മറുപടി ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തങ്ങള്‍ക്കാര്‍ക്കും എതിര്‍പ്പില്ലെന്ന് ആര്‍.എല്‍.എസ്.പി നേതാവ് ഉപേന്ദ്ര കുശ്‌വാഹ. എന്നാല്‍ ആ തീരുമാനം മഹാസഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ചേര്‍ന്നെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

മഹാസഖ്യത്തിലെ പാര്‍ട്ടികളുടെ സീറ്റ് വിതരണ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. ആര്‍.ജെ.ഡി 150 സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് വ്യത്യസ്തമായ കാര്യമാണ്. വിഷയം മഹാസഖ്യത്തിലേക്ക് വരുമ്പോള്‍ തീരുമാനം ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാവണമെന്നും കുശ്‌വാഹ പറഞ്ഞു.

സി.പി.ഐ മഹാസഖ്യത്തിലുണ്ടാവുമോ, കനയ്യകുമാറിനെ ഒരു വിഭാഗം പ്രതിപക്ഷ നേതാക്കള്‍ സഖ്യത്തിന്റെ നേതാവായി ആഗ്രഹിക്കുന്നുണ്ടല്ലോ എന്ന ചോദ്യം അഭിമുഖത്തില്‍ ഉണ്ടായി. ആദ്യം സി.പി.ഐ മഹാസഖ്യത്തിലേക്ക് വരണം. അവരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആദ്യം സി.പി.ഐ വന്നതിന് ശേഷം കനയ്യകുമാറിനെ കുറിച്ച് സംസാരിക്കാമെന്നും കുശ്‌വാഹ പറഞ്ഞു.

കനയ്യകുമാര്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവാണെന്നതില്‍ സംശയമില്ല. പക്ഷെ ഈ ഘട്ടത്തില്‍ കനയ്യകുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമോ അല്ലയോ എന്നതൊന്നും ഇപ്പോള്‍ സംസാരിക്കാനാവില്ലെന്നും കുശ്‌വാഹ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

.

We use cookies to give you the best possible experience. Learn more