ആര്‍.കെ നഗര്‍; വിശാലിന്റെ പത്രിക തള്ളിയ വരണാധികാരിയെ നീക്കം ചെയ്തു
Daily News
ആര്‍.കെ നഗര്‍; വിശാലിന്റെ പത്രിക തള്ളിയ വരണാധികാരിയെ നീക്കം ചെയ്തു
എഡിറ്റര്‍
Saturday, 9th December 2017, 5:32 pm

 

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ അസാധരണ നടപടിക്രമങ്ങള്‍ക്കൊടുവില്‍ നടന്‍ വിശാലിന്റെ പത്രിക തള്ളിയ വരണാധികാരിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു. റിട്ടേണിങ് ഓഫീസര്‍ കെ.വേലുസാമിയെ ആണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നീക്കം ചെയ്തത്.

ഈയാഴ്ച ആദ്യമായിരുന്നു വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയത്. താരത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങിയ പത്തുപേരില്‍ രണ്ടുപേര്‍ തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് അറിയിച്ചെന്ന് പറഞ്ഞായിരുന്നു കമ്മീഷണറുടെ അസാധാരണ നടപടി. പത്രിക തള്ളിയതിനെത്തുടര്‍ന്ന് വിശാല്‍ നേരത്തെ ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.

എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥി മധുസൂദനന്റെ ആളുകള്‍ പത്രികയില്‍ ഒപ്പിട്ടവരെ ഭീഷണിപ്പെടുത്തി കത്ത് വാങ്ങുകയായിരുന്നുവെന്നാണ് വിശാല്‍ ആരോപിക്കുന്നത്. വേലുസാമിയെ പുറത്താക്കിയ കമ്മീഷണര്‍ വരണാധികാരിയായി പ്രവീണ്‍ പി.നായരെ നിയമിച്ചിട്ടുണ്ട്.


Also Read: ‘ഇസ്രഈലിന് വിട്ടുകൊടുക്കാന്‍ ജറുസലേം ട്രംപിന്റെ സ്വത്തല്ല’ വെള്ളിയാഴ്ച നിസ്‌കാരം ട്രംപിന്റെ വീടിനുമുമ്പില്‍ നടത്തി യു.എസിലെ മുസ്‌ലീങ്ങള്‍


തന്നെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തിയത് തെളിയിക്കാന്‍ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും താരം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് പത്രിക സ്വീകരിച്ചുവെന്ന് വിശാല്‍ അവകാശപ്പെട്ടിരുന്നെങ്കിലും പത്രിക തള്ളിയെന്ന് വരണാധികാരി പന്നീട് വ്യക്തമാക്കുകയായിരുന്നു.

വിശാലിനെ പിന്താങ്ങിയ സുമതി, ദീപന്‍ എന്നിവര്‍ തനിക്കുമുന്നില്‍ നേരിട്ട് ഹാജരായെന്നാണ് വരണാധികാരി വേലുസ്വാമി ിതിനു നല്‍കിയ വിശദീകരണം. എന്നാല്‍, പത്രിക തള്ളിയതിനെതിരെ പരാതിയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറെ കണ്ട വിശാല്‍ പിന്താങ്ങിയവരെ ഭീഷണിപ്പെടുത്തിയെന്നു തെളിയിക്കാന്‍ തന്റെ കൈവശം വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് വരണാധികാരിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തത്. വിശാലിനു പുറമെ ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ പത്രികയും കമ്മീഷന്‍ തള്ളിയിരുന്നു.