| Monday, 10th June 2024, 4:16 pm

മന്ത്രിമാരുടെ പട്ടികയിൽ ഒരു മുസ്‌ലിം പോലുമില്ല, മുസ്‌ലിങ്ങൾ രാഷ്ട്രീയമായി അദൃശ്യരാക്കപ്പെട്ടു: രജ്ദീപ് സർദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയിൽ മന്ത്രിമാരുടെ പട്ടികയിൽ ഒരു മുസ്‌ലിം പേര് പോലുമില്ലെന്ന വിമർശനവുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ രജ്ദീപ് സർദേശായി. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം പുതിയ മോദി സർക്കാരിനെ വിമർശിച്ചത്.

72 അംഗങ്ങളുള്ള മന്ത്രിസഭയിൽ എല്ലാ ജാതിയിൽ നിന്നും സമുദായങ്ങളിൽ നിന്നുമുള്ള ആളുകളുടെ പ്രാതിനിധ്യമുണ്ട് എന്നാൽ ഒരു വിഭാഗത്തെ മാത്രം കാണുന്നില്ലെന്നും ഒരു മുസ്‌ലിം പേരുപോലും മന്ത്രിസഭയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക സഖ്യ കക്ഷികളിലും പ്രബല പാര്‍ട്ടികളിലുമുള്ള, മുസ്‌ലിം വിഭാഗത്തിന് ഒരിടം കൊടുക്കേണ്ടിയിരുന്നെന്നും ഇന്ത്യയിലെ 14 ശതമാനത്തോളം വരുന്ന ഒരു ജനവിഭാഗത്തിന് പ്രാതിനിധ്യം കൊടുക്കാത്തത് തെറ്റായെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

’72അംഗ മന്ത്രിമാരുടെ കൗൺസിലിൽ എല്ലാ ജാതിയിൽ നിന്നും സമുദായത്തിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വിപുലമായ പ്രാതിനിധ്യമുണ്ട്. ഏഴ് മുൻ മുഖ്യമന്ത്രിമാരാണുള്ളത് ഇവർക്ക് കൂടുതൽ അനുഭവ സമ്പത്ത് ഉണ്ടാകും. പക്ഷെ ഒരു കാര്യം മാത്രം കാണുന്നില്ല. മന്ത്രിപ്പട്ടികയിൽ ഒരു മുസ്‌ലിം പേരുപോലുമില്ല. ഒരാൾ പോലുമില്ല. കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ മുസ്‌ലിങ്ങൾ രാഷ്ട്രീയമായി അദൃശ്യരാക്കപ്പെട്ടു എന്നതാണ് സത്യം. പ്രാദേശിക സഖ്യകക്ഷികൾക്കും പ്രബല പാർട്ടികൾക്കും ഇടയിൽ ജനസംഖ്യയുടെ 14 ശതമാനത്തിനും പ്രതിനിധീകരിക്കാൻ ഇടം കണ്ടെത്താമായിരുന്നു,’ അദ്ദേഹം കുറിച്ചു.

മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്തത്. 30 കാബിനറ്റ് മന്ത്രിമാരും 5 സ്വതന്ത്ര ചുമതലയുള്ളവരും 36 സഹമന്ത്രിമാരുമാണ് അധികാരമേറ്റത്. ആദ്യമായാണ് മുസ്‌ലിം സമുദായത്തെ മാറ്റിനിർത്തി ഒരു മന്ത്രിസഭ വരുന്നത്. എസ്. സി, എസ്.ടി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നെല്ലാം മന്ത്രിമാരുണ്ടായിരുന്നെങ്കിലും മുസ്‌ലിം വിഭാഗത്തിൽ നിന്ന് ആരുമുണ്ടായിരുന്നില്ല.

Content Highlight: Rjdeep Sardeshayi speak up against new cabinet ministry

We use cookies to give you the best possible experience. Learn more