| Wednesday, 11th November 2020, 7:47 am

'ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി'; മഹാസഖ്യം സുപ്രീംകോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിനടന്നിട്ടുണ്ടെന്ന് ആരോപിച്ച് മഹാസഖ്യം കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പട്‌ന ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.

വോട്ടെണ്ണലില്‍ 12 സീറ്റുകളില്‍ അട്ടിമറി നടന്നതായാണ് ആര്‍.ജെ.ഡി പറയുന്നത്. 500ല്‍ കുറഞ്ഞ വോട്ടുകള്‍ക്ക് തോറ്റ മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്ന മഹാസഖ്യത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതോടെയാണ് കോടതിയെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നു. ഏറെ വൈകി വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.ഡി.എ 125 സീറ്റിലാണ് വിജയിച്ചത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്. എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു.

മഹാസഖ്യത്തിലെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍.ജെ.ഡിയ്ക്ക് ലഭിച്ചത്. 74 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്.

ജെ.ഡി.യുവിന് 43 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റും ലഭിച്ചു. ഇടത് പാര്‍ട്ടികളായ സി.പി.ഐ.എം.എല്‍ (12), സി.പി.ഐ.എം (2), സി.പി.ഐ (2) എന്നീ കക്ഷികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

എന്‍.ഡി.എയിലെ മറ്റ് കക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് വീതം സീറ്റുകളില്‍ വിജയിച്ചു.

ഒറ്റയ്ക്ക് മത്സരിച്ച എല്‍.ജെ.പിയ്ക്കും ഒരു സ്വതന്ത്രനുമാണ് ശേഷിച്ച സീറ്റ്.

ചൊവ്വാഴ്ച രാവിലെ എട്ട് മണിയ്ക്ക് തുടങ്ങിയ വോട്ടെണ്ണല്‍ ബുധനാഴ്ച പുലര്‍ച്ചെ 4.10 ഓടെയാണ് അവസാനിച്ചത്.

അതേസമയം മഹാസഖ്യം 119 സീറ്റില്‍ വിജയിച്ചെന്ന് പറഞ്ഞ് ആര്‍.ജെ.ഡി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് പുറത്തുവിടുന്നില്ലെന്നും ആര്‍.ജെ.ഡി ആരോപിച്ചിരുന്നു.

മഹാസഖ്യം വിജയിച്ച സ്ഥലങ്ങളില്‍ ലിസ്റ്റും ആര്‍.ജെ.ഡി ട്വീറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിതീഷ് കുമാര്‍ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ആര്‍.ജെ.ഡി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: RJD To Supreme Court To challenge Bihar Election Result

Latest Stories

We use cookies to give you the best possible experience. Learn more