Bihar Election 2020
ബി.ജെ.പിയെ മറികടന്ന് ആര്‍.ജെ.ഡിയുടെ ലീഡ്; വോട്ട് ഷെയറിലും ബഹുദൂരം മുന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 10, 12:43 pm
Tuesday, 10th November 2020, 6:13 pm

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മറികടന്ന് ആര്‍.ജെ.ഡിയുടെ ലീഡ് നില. 74 സീറ്റിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ആര്‍.ജെ.ഡി ലീഡ് ചെയ്യുന്നത്.

ബി.ജെ.പി 72 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ജെ.ഡി.യു 42 സീറ്റില്‍ ലീഡ് ചെയ്യുന്നു.

മഹാസഖ്യത്തില്‍ ആര്‍.ജെ.ഡിയ്ക്ക് പുറമെ കോണ്‍ഗ്രസ് 20 സീറ്റിലും ഇടത് പാര്‍ട്ടികള്‍ 18 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

എന്‍.ഡി.എ 123 സീറ്റിലും മഹാസഖ്യം 113 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. അതേസമയം വോട്ട് ഷെയറിലും ആര്‍.ജെ.ഡിയാണ് മുന്നിലുള്ളത്.

ആര്‍.ജെ.ഡി 23.3 ശതമാനം വോട്ട് നേടിയപ്പോള്‍ ബി.ജെ.പി 19.5 ശതമാനം വോട്ടുമാണ് നേടിയത്. കോണ്‍ഗ്രസ് 9.2 ശതമാനം വോട്ടും ജെ.ഡിയു 15.1 ശതമാനം വോട്ടുമാണ് നേടിയത്.

നിലവിലെ കണക്കുകള്‍ പ്രകാരം ഒരു കക്ഷിക്കും ഭൂരിപക്ഷം പ്രവചിക്കാന്‍ സാധിക്കില്ല. പല അട്ടിമറികള്‍ക്കും ബീഹാര്‍ സാക്ഷ്യം വഹിച്ചേക്കാമെന്നാണ് നിലവിലെ ട്രെന്റുകള്‍ സൂചിപ്പിക്കുന്നത്.

ബീഹാറില്‍ വിജയമുറപ്പിച്ച തരത്തില്‍ ജെ.ഡി.യു ക്യാമ്പുകളില്‍ നിന്ന് ചില പ്രതികരണങ്ങള്‍ വന്നിരുന്നു. എന്നാല്‍ കോടിക്കണക്കിന് വോട്ടുകള്‍ എണ്ണാനിരിക്കെ എന്‍.ഡി.എയുടെ ഭരണത്തുടര്‍ച്ച ഉറപ്പിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത.

കൊവിഡ് പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധനവാണ് വരുത്തിയത്. ഒരു ബൂത്തില്‍ 1,000 വോട്ടര്‍മാരെ മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

65,000 ബൂത്തുകള്‍ക്ക് പകരം ഇത്തവണ 1.06 ലക്ഷം ബൂത്തുകളാണ് ഒരുക്കിയത്. അതുകൊണ്ട് തന്നെ 1.06 ലക്ഷം ഇ.വി.എമ്മുകളാണ് കൗണ്ട് ചെയ്യാനുള്ളത്.

38 സ്ഥലങ്ങളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. മുന്‍പ് 25-26 റൗണ്ട് മാത്രമുണ്ടായിരുന്ന വോട്ടെണ്ണല്‍ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ കാരണം 35 റൗണ്ടുകളായി ഉയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വോട്ടെണ്ണല്‍ അര്‍ധരാത്രിയോളം നീളും. 4.10 കോടി വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതില്‍ 92 ലക്ഷം വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

മാത്രമല്ല 243 അംഗ ബീഹാര്‍ നിയമസഭയിലെ 41 മണ്ഡലങ്ങളിലെ നിലവിലെ ലീഡ് 1000 വോട്ടുകളില്‍ താഴെ മാത്രമാണ്. നാലിലൊന്ന് മണ്ഡലങ്ങളിലേയും വോട്ട് വ്യത്യാസം ആയിരത്തില്‍ താഴെ മാത്രമാണ്. ഇവിടെ ലീഡുകള്‍ ഏത് നിമിഷവും മാറിമറിയാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: RJD Leads Bihar Election BJP Second