| Thursday, 1st September 2022, 8:16 am

വകുപ്പ് മാറ്റം, പിന്നാലെ രാജി; ബീഹാറില്‍ മന്ത്രി സ്ഥാനമൊഴിഞ്ഞ് ആര്‍.ജെ.ഡി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: വകുപ്പ് മാറ്റിയതിന് പിന്നാലെ ബീഹാറില്‍ മന്ത്രി രാജിവച്ചു. ബീഹാര്‍ നിയമ മന്ത്രിയായിരുന്ന കാര്‍ത്തികേയ സിങ്ങാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഇദ്ദേഹത്തിന്റെ വകുപ്പ് മാറ്റിയത്.

തട്ടിക്കൊണ്ടു പോകല്‍ കേസില്‍ അറസ്റ്റ് വാറണ്ട് ഉള്ള സാഹചര്യത്തില്‍ ആയിരുന്നു വകുപ്പുമാറ്റ നടപടി. അറസ്റ്റ് വാറണ്ട് നിലനില്‍ക്കെ ഇദ്ദേഹം മന്ത്രിയായത് നേരത്തെ വിവാദമായിരുന്നു

നിയമവകുപ്പിന് പകരം കാര്‍ത്തികേയ സിങ്ങിന് കരിമ്പ് വ്യവസായ വകുപ്പാണ് പുതുതായി നല്‍കിയത്. അതേസമയം രാജി ബീഹാര്‍ ഗവര്‍ണര്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഇദ്ദേഹത്തിന്റെ രാജിക്ക് മുഖ്യമന്ത്രി നിതീഷ് കുമാറും അംഗീകാരം നല്‍കിയിരുന്നു.

ഇദ്ദേഹത്തിനെതിരേയുള്ള കേസില്‍ സെപ്റ്റംബര്‍ ഒന്ന് വരെ ദനപൂര്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. മന്ത്രി രാജിവച്ചതോടെ കരിമ്പ് വ്യവസായ വകുപ്പിന്റെ ചുമതല റവന്യൂ വകുപ്പ് മന്ത്രി അശോക് കുമാര്‍ മേത്തയെ ഏല്‍പ്പിച്ചിട്ടുണ്ട്. മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് മന്ത്രി സ്വയം ഒഴിഞ്ഞത്.

അതേസമയം മണിപ്പൂരിലെ ബി.ജെ.പിക്കുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. 60 സീറ്റുള്ള നിയമസഭയാണ് മണിപ്പൂരിലേത്. ഇതില്‍ 55 എം.എല്‍.എമാരാണ് ബി.ജെ.പി സഖ്യത്തിനുള്ളത്. ഏഴ് പേരാണ് ജെ.ഡി.യുവിന്റെ എം.എല്‍.എമാര്‍. അതായത് സഖ്യം ഉപേക്ഷിച്ചാലും ബി.ജെ.പിക്ക് ആകെയുണ്ടാകുന്ന എം.എല്‍.എമാരുടെ എണ്ണം 48 ആയിരിക്കും.

സെപ്റ്റംബര്‍ 3-4 തീയതികളില്‍ പട്നയില്‍ വെച്ച് നടക്കുന്ന നാഷണല്‍ എക്‌സിക്യൂട്ടിവ് സമ്മേളനത്തില്‍ വെച്ചാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. പാര്‍ട്ടിയുടെ മണിപ്പൂര്‍ ഘടകവും ജെ.ഡി.യു നേതാക്കളും തമ്മിലുള്ള നിര്‍ണായകമായ കൂടി കാഴ്ചയില്‍ ബി.ജെ.പി സര്‍ക്കാരിനു നല്‍കുന്ന പിന്തുണയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍.

2017ല്‍ എന്‍.ഡി.എയുമായി ആരംഭിച്ച സഖ്യത്തില്‍ നിന്ന് പിന്മാറി അടുത്തിടെയാണ് നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റത്.

രണ്ടാം തവണയാണ് ബീഹാറില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്-നിതീഷ് കുമാര്‍ കൂട്ടുകെട്ട് അധികാരത്തിലെത്തുന്നത്. 2015ലായിരുന്നു ആദ്യഘട്ടത്തില്‍ സഖ്യസര്‍ക്കാര്‍ ബീഹാറില്‍ അധികാരത്തിലെത്തിയത്. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2017ല്‍ ആര്‍.ജെ.ഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാറും സംഘവും ബി.ജെ.പിയോടൊപ്പം ചേരുകയായിരുന്നു.

Content Highlight:  RJD leader who also serves as Bihar minister resigns soon after portfolio change says reports

We use cookies to give you the best possible experience. Learn more