| Saturday, 30th November 2019, 4:07 pm

മഹാരാഷ്ട്ര ബീഹാറിലും ആവര്‍ത്തിക്കണമെന്ന് ആര്‍.ജെ.ഡി നേതാവ്; നിതീഷ് കുമാര്‍ ലാലുവിന് കൈകൊടുക്കുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടി ശിവസേന എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും കൈക്കോര്‍ത്തതിന് പിന്നാലെ, സമാനനീക്കം 2020ലെ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ജെ.ഡി നേതാവ്. ബി.ജെ.പിയെ തോല്‍പ്പിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍.ജെ.ഡിയുമായി സഖ്യത്തിലെത്തണമെന്നാണ് ആര്‍.ജെ.ഡി നേതാവായ രഘുവംശ് പ്രസാദ് ആവശ്യപ്പെട്ടത്.

ബീഹാറിലെ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ എന്‍.ഡി.എയെ തോല്‍പ്പിക്കുന്നതിന് വേണ്ടി ഒരുമിക്കണം. ജനതാദള്‍ യുണൈറ്റഡും ആര്‍.ജെ.ഡിയും ഒരിക്കല്‍ കൂടി ഒരുമിക്കുകയാണെങ്കില്‍ ആരും അത്ഭുതപ്പെടുകയില്ല. ബി.ജെ.പിയെ തോല്‍പ്പിക്കുവാന്‍ അതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ഞാന്‍ കരുതുന്നതെന്നും രഘുവംശ് പ്രസാദ് പറഞ്ഞു.

ആര്‍.ജെ.ഡിക്ക് നിതീഷ് കുമാറിനോട് എതിര്‍പ്പില്ല. ഇപ്പോള്‍ ഞങ്ങള്‍ക്കും നിതീഷ് കുമാറിനോട് എതിര്‍പ്പില്ലെന്നും രഘുവംശ് പ്രസാദ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടി ആര്‍.ജെ.ഡിയും ജനതാദള്‍ യുണൈറ്റഡും തമ്മില്‍ പിന്നാമ്പുറ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന സൂചനയും രഘുവംശ് പ്രസാദിന്റെ പ്രതികരണത്തിലുണ്ടായിരുന്നു. നിരവധി ജനതാദള്‍ യുണൈറ്റഡ് നേതാക്കളാണ് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആര്‍.ജെ.ഡിയുമായി സഖ്യത്തിലെത്താന്‍ ആഗ്രഹിക്കുന്നതെന്നും രഘുവംശ് പ്രസാദ് പറഞ്ഞു.

ജനതാദള്‍ യുണൈറ്റഡ് രഘുവംശ് പ്രസാദിന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. അതേ സമയം പലപ്പോഴും ജനതാദള്‍ യുണൈറ്റഡും ബി.ജെ.പിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവാറുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more