പാട്ന: ബീഹാറില്‍ തുടര്‍ച്ചയായി പാലങ്ങള്‍ തകരുന്നതില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്തെ പാലങ്ങള്‍ തകരുന്നതില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിക്കാത്തതെന്നും തേജസ്വി യാദവ് മാധ്യമങ്ങളോട് ചോദിച്ചു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും അവരുടെ ഈ ‘നേട്ട’ങ്ങളില്‍ പൂര്‍ണരായും നിശബ്ദരാണ്. ഈ ‘വിജയകര’മായ അഴിമതിയെ എങ്ങനെ ‘ജംഗിള്‍ രാജ്’ ആക്കി മാറ്റാമെന്നാണ് അവര്‍ ചിന്തിക്കുന്നത്,’ തേജസ്വി യാദവ് എക്സില്‍ പ്രതികരിച്ചു.
ബീഹാറിലെ സിവാന്‍, സരണ്‍, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് ജില്ലകളിലായി രണ്ടാഴ്ചയ്ക്കിടെ പത്ത് പാലങ്ങള്‍ തകര്‍ന്ന പശ്ചാത്തലത്തിലാണ് തേജസ്വിയുടെ പ്രതികരണം. ഇതിനുപുറമെ മണ്‍സൂണില്‍ വെള്ളപ്പൊക്കത്തിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാല്‍, സംസ്ഥാനത്തെ പാലങ്ങളുടെ സുരക്ഷയും ഭാവിയും മുന്‍നിര്‍ത്തി അഭിഭാഷകന്‍ ബ്രജേഷ് സിങ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
ജൂലൈ മൂന്നിന് സരണ്‍ ജില്ലയിലെ ജന്തബസാര്‍ ഏരിയയിലും ലഹ്ളാദപൂര്‍ ഏരിയയിലും ഉള്ള രണ്ട് പാലങ്ങള്‍ തകര്‍ന്നിരുന്നു. പിന്നാലെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് പാലങ്ങള്‍ തകര്‍ന്ന സരണില്‍, 15 വര്‍ഷം മുന്‍പ് നിര്‍മിച്ച ഒരു പാലം കൂടി ഇന്ന് രാവിലെ തകര്‍ന്നു വീണു.
ജില്ലയില്‍ തുടര്‍ച്ചയായി പാലങ്ങള്‍ തകരുന്നതിന്റെ കാരണം കണ്ടെത്താന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളുടെയും സര്‍വേ നടത്തി അടിയന്തരമായി അറ്റകുറ്റപ്പണി ആവശ്യമുള്ളവ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ റോഡ് നിര്‍മാണ, റൂറല്‍ വര്‍ക്ക് വകുപ്പുകളോട് നിര്‍ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് സരണില്‍ പാലം തകര്‍ന്നത്. 15 ദിവസത്തിനുള്ളില്‍ തകരുന്ന പത്താമത്തെ പാലം കൂടിയായിരുന്നു ഇത്.
Content Highlight: RJD leader Tejaswi Yadav criticized Chief Minister Nitish Kumar for the continuous collapse of bridges in Bihar