| Tuesday, 9th August 2022, 9:13 pm

അദ്വാനിജിയുടെ രഥം തടഞ്ഞുനിര്‍ത്തിയയാളാണ് ലാലുജി; ലാലുജിക്കും നിതീഷ് കുമാറിനും നന്ദി: തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്.

നിതീഷ് കുമാറിന് നന്ദി പറഞ്ഞ തേജസ്വി യാദവ് ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച തന്റെ പിതാവും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനും നന്ദി പറഞ്ഞു. രഥയാത്രയിലൂടെ എല്‍.കെ. അദ്വാനി നടത്തിയ ഹിന്ദുത്വ രാഷ്ട്രീയ പ്രചരണം ലാലു പ്രസാദ് യാദവ് തടഞ്ഞുനിര്‍ത്തിയെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.

”നമ്മുടെ പൂര്‍വികരുടെ പൈതൃകം ആര്‍ക്കും ഏറ്റെടുക്കാന്‍ കഴിയില്ല. നിതീഷ് കുമാറിനും ലാലുജിക്കും ഞങ്ങള്‍ നന്ദി പറയുന്നു. ബി.ജെ.പിയുടെ അജണ്ട ബിഹാറില്‍ നടപ്പിലാക്കരുതെന്ന് ഞങ്ങള്‍ എല്ലാവരും ആഗ്രഹിച്ചിരുന്നു.

ലാലുജി അദ്വാനിജിയുടെ ‘രഥം’ തടഞ്ഞുനിര്‍ത്തി, ഞങ്ങള്‍ വിജയിച്ചു’ എന്ത് വിലകൊടുത്തും അനുതപിക്കും,” എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ തേജസ്വി യാദവ് പറഞ്ഞു.

അല്‍പസമയം മുമ്പായിരുന്നു നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്. തേജസ്വി യാദവിനൊപ്പം ഗവര്‍ണറെ ചെന്നുകണ്ടാണ് നിതീഷ് കമാര്‍ രാജിക്കത്ത് കൈമാറിയത്.

അതേസമയം ഇനിയൊരു മുഖ്യമന്ത്രിയുണ്ടെങ്കില്‍ അത് നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്ന് ജെ.ഡി(യു) പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

മന്ത്രിസ്ഥാനം വിട്ടുകൊടുത്ത് മുതിര്‍ന്ന നേതാവായ നിതീഷ് കുമാറിനെ ചെറുതാക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നായിരുന്നു ജെ.ഡി (യു)വിന്റെ പ്രതികരണം.

നീതീഷ് കുമാറിന്റെ രാജിക്കെതിരേയും സഖ്യസര്‍ക്കാര്‍ രൂപീകരണത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് മരണത്തോട് മല്ലടിക്കുന്ന രോഗി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നത് പോലെയാണ് സഖ്യസര്‍ക്കാര്‍ രൂപീകരണമെന്നാണ് ബി.ജെ.പിയുടെ വാദം.

ജെ.ഡി.യുവിന് പിന്തുണയറിയിച്ച് നേരത്തെ തന്നെ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

ബിഹാറില്‍ നീണ്ട കാലത്തെ എന്‍.ഡി.എയോടൊപ്പമുള്ള സഹവാസം അവസാനിപ്പിച്ചാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യു സഖ്യം വിട്ടത്. പാര്‍ട്ടി എം.പിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം നടന്നതിന് പിന്നാലെയായിരുന്നു പാര്‍ട്ടി വിടാനുള്ള തീരുമാനം.

കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യം, സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയുമായുള്ള വിയോജിപ്പ്, ജാതി സെന്‍സസ്, അഗ്നിപഥ് പദ്ധതി തുടങ്ങിയവയാണ് ബി.ജെ.പി- ജെ.ഡി.യു ബന്ധം വഷളാക്കിയത്.

2017ലെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ തേജസ്വി യാദവും മന്ത്രിയായിരുന്നു. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയും, ജെ.ഡി.യു, കോണ്‍ഗ്രസ് തുടങ്ങിയവയുടെ സഖ്യസര്‍ക്കാരായിരുന്നു 2017ല്‍ ബിഹാര്‍ ഭരിച്ചിരുന്നത്. എന്നാല്‍ അഴിമതി ചൂണ്ടിക്കാട്ടി നിതീഷ് തേജസ്വിക്കെതിരെ തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ എന്‍.ഡി.എയിലെത്തിയത്.

Content Highlight: RJD leader Tejashwi Yadav says thanks to Lalu Prasad Yadav and Nitish Kumar

We use cookies to give you the best possible experience. Learn more