പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ഇന്ത്യയിലെ സാധാരണക്കാരായ സ്ത്രീകളുടെ താലിമാല യഥാര്‍ത്ഥത്തില്‍ തട്ടിയെടുത്തത് ആരാണെന്ന ചോദ്യത്തോട് കൂടിയാണ് മോദിക്കെതിരെ തേജസ്വി രംഗത്തെത്തിയത്.
കൊവിഡ് സമയത്തും പുല്‍വാമ ഭീകരാക്രമണത്തിലും ചൈനീസ് ഏറ്റുമുട്ടലിലും എത്ര സ്ത്രീകളാണ് ഇന്ത്യയില്‍ വിധവകളായതെന്ന് തേജസ്വി മാധ്യമങ്ങളോട് ചോദിച്ചു. അതിനെല്ലാം ഉത്തരവാദി ആരാണെന്ന് ചിന്തിക്കേണ്ടത് ഇവിടെയുള്ള വോട്ടര്‍മാരാണെന്നും ആര്‍.ജെ.ഡി നേതാവ് ചൂണ്ടിക്കാട്ടി.
2019 ഫെബ്രുവരിയില്‍ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 40ലധികം സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്) ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി തേജസ്വി യാദവ് ചൂണ്ടിക്കാട്ടി.
കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുമെന്ന് അവകാശവാദം ഉന്നയിച്ച് നോട്ട് നിരോധനം നടപ്പിലാക്കിയപ്പോള്‍ ഇന്ത്യയില്‍ ഉണ്ടായ മരണങ്ങള്‍ക്കും അതിലൂടെ താലിമാല നഷ്ടപ്പെട്ടവരുടെ വേദനയ്ക്കും ആരാണ് കാരണമായതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ പങ്കാളികളുടെ താലിമാല തട്ടിയെടുത്തത് ആരാണെന്നതില്‍ ബി.ജെ.പി ഉത്തരം പറയണമെന്ന് സമാജ്‌വാദിപാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവും ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ അമ്മമാരുടെയും സഹോദരിമാരുടെയും താലിമാല വരെ പിടിച്ചുപറിക്കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. അന്‍പത്തിയഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ആര്‍ക്കെങ്കിലും താലിമാല നഷ്ടമായിട്ടുണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു.
‘എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. യുദ്ധകാലത്ത് എന്റെ മുത്തശ്ശി അവരുടെ സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യക്ക് വേണ്ടിയാണ് നല്‍കിയത്.’ പ്രിയങ്ക പറഞ്ഞു. മോദിയെ പോലെയുള്ളവരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണമെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: RJD leader Tejashwi Yadav criticized Narendra Modi