പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനേറ്റ പരാജയത്തിന് കാരണം കോണ്‍ഗ്രസാണെന്ന് ആര്‍.ജെ.ഡി മുതിര്‍ന്ന നേതാവ് ശിവാനന്ദ് തിവാരി.
‘മഹാസഖ്യത്തിന് കോണ്‍ഗ്രസ് ഒരു വിലങ്ങുതടിയായിരുന്നു. അവര്‍ 70 സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു. എന്നാല്‍ 70 റാലി പോലും സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. വെറും മൂന്ന് ദിവസമാണ് രാഹുല്‍ ഗാന്ധി പ്രചരണത്തിനെത്തിയത്. പ്രിയങ്ക ഗാന്ധി വന്നതുമില്ല. ബീഹാറുമായി യാതൊരു പരിചയമില്ലാത്തവരാണ് പ്രചരണത്തിനെത്തിയത്’, ശിവാനന്ദ് തിവാരി പറഞ്ഞു.
അതേസമയം ബീഹാറിലെ മാത്രമല്ല, മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥിതി ഇതാണെന്നും തിവാരി പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ധാരാളം സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിര്‍ത്തുന്നുണ്ട്. എന്നാല്‍ അതില്‍ പകുതിപേര്‍ പോലും വിജയിക്കുന്നില്ല. ഇതേപ്പറ്റി കോണ്‍ഗ്രസ് നേതൃത്വം കാര്യമായി തന്നെ ചിന്തിക്കണമെന്നും തിവാരി പറഞ്ഞു.
‘ബീഹാറില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിച്ച് നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി സിംലയിലെ പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് പിക്‌നിക് നടത്തുന്ന തിരക്കിലായിരുന്നു. ഇങ്ങനെയാണോ ഒരു പാര്‍ട്ടി നേതൃത്വം പെരുമാറേണ്ടത്? കോണ്‍ഗ്രസിന്റെ ഇത്തരം പ്രവൃത്തികള്‍ ബി.ജെ.പിയ്ക്ക് വളരാനുള്ള വളമാകും എന്ന ആരോപണത്തില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നുന്നു’, തിവാരി പറഞ്ഞു.
നേരത്തെ തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രസക്തിയില്ലാതെയായെന്ന് സിബല്‍ പറഞ്ഞു.
ബീഹാറിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ ഉപതെരഞ്ഞെടുപ്പുകളിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്നും നേതൃത്വം ഇതില്‍ ആത്മ പരിശോധന നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന് 70 സീറ്റുകള്‍ നല്‍കേണ്ടിയിരുന്നില്ലെന്ന വിമര്‍ശനവുമായി ആര്‍.ജെ.ഡി, സി.പി.ഐ.എം.എല്‍ അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക