| Friday, 23rd December 2022, 12:01 pm

'ഇന്ത്യയില്‍ ജീവിക്കാനാകില്ല, വിദേശത്ത് സെറ്റിലാകാന്‍ മക്കളോട് പറഞ്ഞു': ആര്‍.ജെ.ഡി നേതാവിന്റെ പരാമര്‍ശം വിവാദമാക്കി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ഇന്ത്യയിലെ സാഹചര്യങ്ങള്‍ മോശമാണെന്നും ഇവിടെ ജീവിക്കാതെ വിദേശത്ത് ജോലിയും പൗരത്വവും നേടാന്‍ തന്റെ മക്കളെ ഉപദേശിച്ചെന്നുമുള്ള ബിഹാറിലെ ആര്‍.ജെ.ഡി നേതാവിന്റെ പരാമര്‍ശത്തെ വിവാദമാക്കി ബി.ജെ.പി.

ആര്‍.ജെ.ഡിയുടെ മുതിര്‍ന്ന നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ ബാരി സിദ്ദിഖിയാണ് (Abdul Bari Siddiqui) പരാമര്‍ശം നടത്തിയത്. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും വിവേചനങ്ങളെയും കുറിച്ച് സംസാരിക്കവെയായിരുന്നു പ്രസ്തുത പരാമര്‍ശം.

”ഇന്ത്യയിലെ സാഹചര്യം (ദേശ് കാ ജോ മഹൗല്‍ ഹേ) എങ്ങനെയാണെന്ന് പറയാന്‍ വ്യക്തിപരമായ ഒരു ഉദാഹരണം ഉദ്ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഹാര്‍വാര്‍ഡില്‍ പഠിക്കുന്ന ഒരു മകനും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദം നേടിയ ഒരു മകളുമുണ്ട്.

അവരോട് വിദേശത്ത് തന്നെ ജോലി ചെയ്യാനും കഴിയുമെങ്കില്‍ അവിടെത്തന്നെ പൗരത്വം നേടാനും ഞാന്‍ ആവശ്യപ്പെട്ടു. കാരണം ഇന്ത്യയിലെ അന്തരീക്ഷം അത്തരത്തിലുള്ളതാണ്. അവര്‍ക്ക് ഇവിടത്തെ സാഹചര്യം താങ്ങാന്‍ കഴിയുമോ എന്നറിയില്ല

ഞാന്‍ ഇപ്പോഴും ഇവിടെ ഇന്ത്യയില്‍ തന്നെയാണല്ലോ ജീവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് എന്റെ മക്കള്‍ പ്രതികരിച്ചപ്പോള്‍ ഞാനവരോട് പറഞ്ഞത് ഇന്ത്യയിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് നേരിടാന്‍ കഴിയില്ലെന്നാണ്,” എന്ന് അബ്ദുല്‍ ബാരി സിദ്ദിഖി ഒരു പരിപാടിക്കിടെ പറയുന്നതായുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

അതേസമയം, ആര്‍.ജെ.ഡി നേതാവിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പി വക്താക്കളും നേതാക്കളും പ്രതികരിക്കുന്നത്.

”സിദ്ദിഖിയുടെ പരാമര്‍ശം ഇന്ത്യാ വിരുദ്ധമാണ്. അദ്ദേഹത്തിന് അത്രയും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍, ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഇവിടെ അനുഭവിക്കുന്ന പദവികള്‍ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ. ആരും അദ്ദേഹത്തെ തടയില്ല.

ആര്‍.ജെ.ഡിയുടെ തലവന്‍ ലാലു പ്രസാദ് യാദവിന്റെ ഏറ്റവുമടുത്ത അനുയായിയാണ് സിദ്ദിഖി. മുസ്‌ലിങ്ങളെ പ്രീണിപ്പിക്കുന്ന ആര്‍.ജെ.ഡി സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ വാക്കുകളും,” ബി.ജെ.പി വക്താവ് നിഖില്‍ ആനന്ദ് പ്രതികരിച്ചു.

അതേസമയം സഖ്യകക്ഷിയായ ജെ.ഡി.യു സിദ്ദിഖിയുടെ പരാമര്‍ശത്തെ പിന്തുണച്ചിട്ടുണ്ട്.

Content Highlight: RJD leader says he told his children To Settle Abroad, and Atmosphere is Not Good in India

We use cookies to give you the best possible experience. Learn more