|

സി.പി.ഐയേക്കാള്‍ അംഗബലമുള്ള പാര്‍ട്ടിയാണ് ആര്‍.ജെ.ഡി, അസംബ്ലി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും: കെ.പി. മോഹനന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐയേക്കാള്‍ കൂടുതല്‍ അംഗബലമുള്ള പാര്‍ട്ടിയാണ് തങ്ങളെന്ന് ആര്‍.ജെ.ഡി നേതാവും മുന്‍ മന്ത്രിയുമായ കെ.പി. മോഹനന്‍ എം.എല്‍.എ. എല്‍.ഡി.എഫില്‍ തങ്ങള്‍ പൂര്‍ണതൃപ്തരല്ലെങ്കിലും മുന്നണി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് തങ്ങളെ സംരക്ഷിക്കുന്നുണ്ടെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ ചെലവുകളില്ലാതെ വലിയ ഭൂരിപക്ഷത്തില്‍ തനിക്ക് ജയിക്കാന്‍ കഴിഞ്ഞത് ഇതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി വിടുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിട്ടില്ലെന്നും എന്നാല്‍ മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല എന്ന ചര്‍ച്ചയുണ്ടായിട്ടുണ്ടെന്നും കെ.പി. മോഹനന്‍ പറഞ്ഞു. ഊഴം വെച്ച് മന്ത്രിസ്ഥാനം ലഭിച്ച ചെറിയ പാര്‍ട്ടികളെല്ലാം നേരത്തെ തന്നെ മുന്നണിയില്‍ ഉണ്ടായിരുന്നവരാണെന്നും അതിനാല്‍ അവര്‍ക്ക് നല്‍കാതെ ആര്‍.ജെ.ഡിക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ സാധിക്കുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമല്ലോ എന്നാണ് ഇത് സംബന്ധിച്ച് ചോദിച്ച യു.ഡി.എഫ് നേതാക്കളോട് പറഞ്ഞിട്ടുള്ളതെന്നും കെ.പി. മോഹനന്‍ പറഞ്ഞു.

എല്‍.ഡി.എഫില്‍ തങ്ങള്‍ പൂര്‍ണ സംതൃപ്തരല്ലെന്നും എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ലെന്നും കെ.പി. മോഹനന്‍ പറഞ്ഞു. വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫില്‍ അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ല എന്ന കാര്യത്തില്‍ അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടെന്നും കെ.പി. മോഹനന്‍ പറയുന്നു.

ഇടതുമുന്നണിയിലും സര്‍ക്കാറിലും എല്ലാം ശരിയാണെന്ന അഭിപ്രായം ആര്‍.ജെ.ഡിക്കില്ലെന്നും അത് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ടെന്നും കെ.പി. മോഹനന്‍ പറഞ്ഞു. പിണറായി വിജയന്റെ ബലത്തിലാണ് ഇപ്പോള്‍ ഇടതു മുന്നണിയുടെ രാഷ്ട്രീയം മുന്നോട്ട് പോകുന്നതെന്നും അത് വലിയൊരു ആജ്ഞാശക്തിയും നേതൃത്വതവുമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃപാടവത്തിന് വലിയ വിലകല്‍പിക്കുന്ന ആര്‍.ജെ.ഡിക്ക് അത് തിരികെ നല്‍കുന്നതിന് മുഖ്യമന്ത്രിക്ക് ചില പരിമിതികളുണ്ടെന്നും കെ.പി. മോഹനന്‍ പറഞ്ഞു. താന്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് എല്‍.ഡി.എഫിന്റെ ഭാഗമായിട്ടായിരിക്കുമെന്നും അതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.ജെ.ഡി. എല്‍.ഡി.എഫ് വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിനെയെല്ലാം തള്ളുന്ന പ്രസ്താവനയാണ് ഇപ്പോള്‍ കെ.പി. മോഹനനില്‍ നിന്നുണ്ടായിരിക്കുന്നത്. ആര്‍.ജെ.ഡിയുടെ ഏക എം.എല്‍.എയാണ് കൂത്തുപറമ്പില്‍ നിന്നുള്ള കെ.പി. മോഹനന്‍.

യു.ഡി.എഫ് മന്ത്രി സഭയില്‍ അംഗമായിരുന്ന അദ്ദേഹത്തിന് പക്ഷേ, എല്‍.ഡി.എഫിലെത്തിയിപ്പോള്‍ മന്ത്രി സ്ഥാനം ലഭിച്ചിരുന്നില്ല. ഇതില്‍ പാര്‍ട്ടിയില്‍ അസ്വസ്ഥകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒറ്റ എം.എല്‍.എമാരുള്ള നാല് പാര്‍ട്ടികള്‍ക്ക് ഊഴംവെച്ച് മന്ത്രിസ്ഥാനം ലഭിച്ചപ്പോഴും ആര്‍.ജെ.ഡിക്ക് മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്താണ് ആര്‍.ജെ.ഡി എല്‍.ഡി.എഫിലെത്തിയത്. എല്‍.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റുകളായിരുന്ന മൂന്ന് സീറ്റുകളാണ് അന്ന് ആര്‍.ജെ.ഡിക്ക് നല്‍കിയത്. എന്നാല്‍ കൂത്തുപറമ്പില്‍ മാത്രമാണ് ഇന്ന് ആര്‍.ജെ.ഡിക്ക് വിജയിക്കാനായത്. ഇതില്‍ വടകരയൊഴികെയുള്ള കല്‍പറ്റയും കൂത്തുപറമ്പും സി.പി.ഐ.എമ്മിന്റെ സീറ്റുകളായിരുന്നു. കല്‍പറ്റയില്‍ ശ്രേയാംസ് കുമാറിനെ മത്സരിപ്പിച്ചതില്‍ സി.പി.ഐ.എം. പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധവും അന്നുണ്ടായിരുന്നു.

content highlights: RJD is a stronger party than CPI and will demand more seats in assembly polls: KP Mohanan