| Sunday, 16th August 2020, 7:55 pm

'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; ബീഹാറില്‍ മൂന്ന് എം.എല്‍.എമാരെ പുറത്താക്കി ആര്‍.ജെ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബീഹാറില്‍ മൂന്ന് എം.എല്‍.എമാരെ പുറത്താക്കി രാഷ്ട്രീയ ജനതാദള്‍. ആറു വര്‍ഷത്തേക്കാണ് എം.എല്‍.എമാരെ പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാണിച്ചാണ് എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ആര്‍.ജെ.ഡിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗായിഘട്ട് എം.എല്‍.എ മഹേശ്വര്‍ പ്രസാദ് യാദവ്, പതേപൂര്‍ എം.എല്‍.എ പ്രേമ ചൗധരി കിയോട്ടി എം.എല്‍.എ ഫറാസ് ഫത്മി എന്നിവരെയാണ് ആറുവര്‍ഷത്തേക്ക് പുറത്താക്കിയത്.

പാര്‍ട്ടിയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായി ഒരു എം.എല്‍.എ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പാര്‍ട്ടി പ്രസിഡന്റിന് നടപടിയെടുക്കാമെന്ന് ആര്‍.ജെ.ഡി നേതാവ് അലോക് മേത്ത എ.എന്‍.ഐയോട് പറഞ്ഞു.

‘പാര്‍ട്ടിയുടെ നിയമങ്ങള്‍ക്ക് കീഴിലെ ആര്‍ട്ടിക്കിള്‍ 33 ലെ 5 എ,ബി പ്രകാരം ഏതെങ്കിലുമൊരു എം.എല്‍.എ പാര്‍ട്ടി വിരുദ്ധ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായോ, പാര്‍്ടടിയുടെ തത്ത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ പാര്‍ട്ടി പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം പുറത്താക്കാന്‍ സാധിക്കും. ഇവരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നല്‍കുന്ന വിശദീകരണം ഇതാണ്,’ അലോക് മേത്ത പറഞ്ഞു.

നിലവിലെ ബീഹാര്‍ സര്‍ക്കാരിന്റെ കാലാവധി നവംബര്‍ 29ന് അവസാനിക്കാനിരിക്കുകയാണ്. വരുന്ന ഒക്ടോബര്‍-നവംബര്‍ മാസത്തിലായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇതിനിടയിലാണ് ആര്‍.ജെ.ഡിയുടെ നടപടി.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടില്ല.

രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കമ്മീഷന്‍ അഭിപ്രായങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: RJD expels 3 MLA’s from party due to anti-party activities

We use cookies to give you the best possible experience. Learn more