ഇ.വി.എം തകരാറിന് പിന്നില്‍ ബി.ജെ.പി; 55 ബൂത്തുകളിലെ പോളിങ് റദ്ദാക്കണമെന്ന് ആര്‍.ജെ.ഡി
Bihar Election
ഇ.വി.എം തകരാറിന് പിന്നില്‍ ബി.ജെ.പി; 55 ബൂത്തുകളിലെ പോളിങ് റദ്ദാക്കണമെന്ന് ആര്‍.ജെ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th October 2020, 12:45 pm

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മിലെ തകരാര്‍ കാരണം വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളില്‍ പോളിങ് റദ്ദാക്കണമെന്ന് ആര്‍.ജെ.ഡി. ജമുയിലെ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി വിജയ് പ്രകാശാണ് ആവശ്യവുമായി രംഗത്തെത്തിയത്.

55 പോളിങ് ബൂത്തുകളില്‍ ഇ.വി.എം തുടര്‍ച്ചയായി പണിമുടക്കിയെന്നും മെഷിനുകള്‍ മാറ്റിയിട്ടും കാര്യക്ഷമമായില്ലെന്നും വിജയ് പ്രകാശ് പറഞ്ഞു.

ഇ.വി.എം തകരാറുകള്‍ക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയുമാണെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ തന്നെ ചില മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് തകരാറുള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

16 ജില്ലകളിലായി 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് ആരംഭിച്ചത്.

കൊവിഡ് ആരംഭിച്ചതിന് ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന പോളിങ് ആണ് ബീഹാറിലേത്. മൊത്തം 1,066 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്, 31,371 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

2,14,84,787 വോട്ടര്‍മാര്‍ ആണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1,13,51,754 പേര്‍ പുരുഷന്മാരും 1,01,32,434 പേര്‍ സ്ത്രീകളും 599 പേര്‍ ട്രാന്‍സ്ജെന്റേഴ്സുമാണ്.

ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ചെറിയ നിയോജകമണ്ഡലം ഷെയ്ഖ്പുര ജില്ലയിലെ ബാര്‍ബിഗയാണ്. ഏറ്റവും വലുത് നവഡ ജില്ലയിലെ ഹിസുവയുമാണ്.

തൊഴിലില്ലായ്മ, കുടിയേറ്റം, അഴിമതി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം മത്സരരംഗത്തുള്ളത്. നിതീഷ് കുമാറിനെതിരായ ഭരണ വിരുദ്ധ മനോഭാവം സംസ്ഥാനത്തുടനീളം ശക്തമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും പോളിങ് ബൂത്തിലെത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നീതി, തൊഴില്‍, മാറ്റം എന്നിവ മുന്‍നിര്‍ത്തിയായിരിക്കണം വോട്ട് രേഖപ്പെടുത്തേണ്ടതെന്നും മഹാഗദ്ബന്ധന്‍ സഖ്യത്തെ അധികാരത്തിലെത്തിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു.

മെച്ചപ്പെട്ട ഭാവി, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ വികസനം എന്നിവ മുന്‍നിര്‍ത്തി വോട്ടുചെയ്യണമെന്നായിരുന്നു ആര്‍.ജെ.ഡി നേതാവും മഹാഗദ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: RJD demands polling at 55 booths be cancelled over repeated EVM malfunctioning Bihar Election