ബിഹാര്‍: രാജ്യത്ത് പെട്രോള്‍ വില കുതിച്ചുയരവെ എഴുത്തുകാരന്‍ ചേതന്‍ ഭഗത്, നടന്മാരായ അക്ഷയ് കുമാര്‍, അനുപം ഖേര്‍, അമിതാഭ് ബച്ചന്‍ എന്നിവരെ പരിഹസിച്ച് ആര്‍.ജെ.ഡി.
”2012ന് മുന്‍പ് പെട്രോള്‍ വില 50 രൂപ മുതല്‍ 55 വരെയായിരുന്ന കാലത്ത് എന്തൊരു ബഹളമായിരുന്നു നിങ്ങളെല്ലാം കൂടി. ഇപ്പോള്‍ രാജ്യത്തെ കര്‍ഷകരും, സാധാരണക്കാരും, പാവപ്പെട്ടവരും വിലവര്‍ദ്ധനവും നാണ്യപ്പെരുപ്പവും കൊണ്ട് പൊറുതിമുട്ടുമ്പോള്‍ നാണമില്ലായ്മയുടെ പുതപ്പ് മൂടിയിരിക്കുകയാണ് എല്ലാവരും,” എന്നാണ് ആര്‍.ജെ.ഡി പറഞ്ഞത്. ദേശസ്‌നേഹികളെ നട്ടെല്ല് അവശേഷിക്കുന്നുണ്ടോ എന്നും ആര്‍.ജെ.ഡി ഇവരോട് ചോദിച്ചു.
നിങ്ങളുടെ ബൈസിക്കിള്‍ വൃത്തിയാക്കി റോഡിലിറക്കാന്‍ സമയമായെന്ന് അക്ഷയ് കുമാര്‍ 2012ല്‍ ട്വീറ്റ് ചെയ്തിരുന്നു.
അനുപം ഖേര്‍ യു.പി.എ ഭരണകാലത്ത് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു
”എന്തുകൊണ്ടാണ് ലേറ്റ് ആയതെന്ന് എന്റെ ഡ്രൈവറോട് ചോദിച്ചു. സൈക്കിളിലാണ് വന്നതെന്നായിരുന്നു അദ്ദേഹം തന്ന മറുപടി. മോട്ടോര്‍ സൈക്കിളിന് എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍ അത് ഷോക്കേസില്‍ വെച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്.
സംവിധായകന്‍ വിവേക് അഗ്നി ഹോത്രി പെട്രോള്‍ വില വര്‍ദ്ധന പോലെ തന്നെ നിങ്ങളുടെ സന്തോഷവും ഉയരട്ടെ എന്നായിരുന്നു ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇവരാരും ഇപ്പോള്‍ പെട്രോള്‍ വില പലയിടത്തും നൂറ് രൂപയോളമെത്തിയിട്ടും പ്രതികരിച്ചിട്ടില്ല.
തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധന വിലവര്‍ദ്ധിച്ചിരുന്നു. പത്ത് ദിവസത്തിനിടെ പെട്രോളിന് രണ്ട് രൂപ 70 പൈസയും ഡീസലിന് ഒരു രൂപ 45 പൈസയുമാണ് വര്‍ധിച്ചത്.
രാജ്യത്ത് ഇന്ധനവില റെക്കോര്‍ഡ് വേഗത്തിലാണ് വര്‍ധിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിക്കയിടങ്ങളിലും പെട്രോളിന് 100 രൂപ കടന്നിട്ടുണ്ട്.