| Thursday, 26th December 2019, 9:04 am

ജാര്‍ഖണ്ഡിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ജയിലില്‍ നിന്നും തന്ത്രങ്ങള്‍ മെനഞ്ഞ് ലാലു; ബിഹാറിനു പുറമേ ലക്ഷ്യം ദല്‍ഹി; സഖ്യത്തിന് സാധ്യത?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ജാര്‍ഖണ്ഡില്‍ തന്റെ പാര്‍ട്ടി അടങ്ങുന്ന മഹാസഖ്യം വിജയത്തിലെത്തിയതോടെ ജയിലിലാണെങ്കിലും സജീവമായി ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയം അവശേഷിക്കേ പാര്‍ട്ടി പ്രവര്‍ത്തകരോട് ജാര്‍ഖണ്ഡില്‍ ചെയ്തതിനേക്കാള്‍ നാലുമടങ്ങ് അധികം ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ലാലുവിപ്പോള്‍.

കാലിത്തീറ്റ കുംഭകോണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് റാഞ്ചിയിലെ ജയിലിലാണ് ലാലു കഴിയുന്നത്. ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്ന മകന്‍ തേജസ്വി യാദവ് എത്തിയപ്പോഴാണ് ലാലു ഇക്കാര്യം പറഞ്ഞതെന്ന് ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ജാര്‍ഖണ്ഡിലെ ഫലം ബിഹാറിലും പ്രതിഫലിക്കുമെന്നാണ് തേജസ്വി യാദവ് പറയുന്നത്. ആര്‍.ജെ.ഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ലാലു എത്തില്ലെന്ന് തേജസ്വി വ്യക്തമാക്കി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയകാര്യങ്ങളില്‍ ലാലു കൃത്യമായ നിലപാട് സ്വീകരിച്ചുകഴിഞ്ഞെന്ന സൂചനയാണ് തേജസ്വി നല്‍കിയത്.

ബിഹാര്‍ തിരിച്ചുപിടിക്കുക എന്നതു മാത്രമല്ല, ഉടന്‍ നടക്കാനിരിക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്തി മത്സരിക്കാനും ലാലു ആഗ്രഹിക്കുന്നതായി തേജസ്വി പറഞ്ഞു.

ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു ദേശീയാധ്യക്ഷനുമായ നിതീഷ് കുമാറിന്റെ വോട്ടുബാങ്കുകളില്‍ വിള്ളല്‍ വീണിട്ടുണ്ടെന്ന് തേജസ്വി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പറഞ്ഞു. എന്നാല്‍ ഏതെങ്കിലും മുന്നണികള്‍ക്കു കേവല ഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.ജെ.ഡിയുടെ രൂപീകരണം നടന്ന 1997 മുതല്‍ 2005 വരെ തുടര്‍ച്ചയായി അവരാണ് ബിഹാര്‍ ഭരിച്ചിരുന്നത്. എന്നാല്‍ ആ വര്‍ഷം ഭരണം നഷ്ടപ്പെട്ടു. അതിനു ശേഷം 2015-ല്‍ 80 സീറ്റുകള്‍ നേടി അവര്‍ ഏറ്റവും വലിയ കക്ഷിയായി.

എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒറ്റ സീറ്റ് പോലും നേടാനായില്ല. ആദ്യമായായിരുന്നു പാര്‍ട്ടി ഇത്ര ദയനീയമായ പ്രകടനം ബിഹാറില്‍ കാഴ്ചവെയ്ക്കുന്നത്. ആദ്യമായി ലാലുവിന്റെ നേതൃത്വത്തിലല്ലാതെ ആര്‍.ജെ.ഡി മത്സരരംഗത്തിറങ്ങുന്നതും ഈ തെരഞ്ഞെടുപ്പിലായിരുന്നു.

We use cookies to give you the best possible experience. Learn more