പാട്‌ന: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ വന്‍ നേട്ടം കൊയ്ത് ആര്‍.ജെ.ഡി. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ട തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് ആര്‍.ജെ.ഡി നടത്തുന്നത്.
73 ഇടത്ത് ബി.ജെ.പി മുന്നേറുമ്പോള്‍ കനത്ത പോരാട്ടം കാഴ്ചവെച്ച് 60 ഇടത്താണ് ആര്‍.ജെ.ഡി മുന്നേറുന്നത്. അതേസമയം 47 സീറ്റുകളിലാണ് ജെ.ഡി.യു ലീഡ് ചെയ്യുന്നത്. 19 സീറ്റുകളില്‍ ഇടതുസഖ്യം മുന്നേറുമ്പോള്‍ 21 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറ്റം കാഴ്ചവെക്കാനായത്.
നിലവില്‍ എന്‍.ഡി.എയേക്കാള്‍ ഭൂരിപക്ഷം മഹാസഖ്യത്തിന് കുറവാണെങ്കിലും ട്രന്റുകള്‍ ആര്‍.ജെ.ഡിക്ക് അനുകൂലമാണെന്ന് തന്നെയാണ് ആര്‍.ജെ.ഡി ക്യാമ്പുകള്‍ പറയുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും ട്രന്റുകള്‍ മുന്‍നിര്‍ത്തി ഇപ്പോള്‍ ഒരു പ്രതികരണത്തിന് സാധിക്കില്ലെന്നുമാണ് ആര്‍.ജെ.ഡി നേതാവ് മൃതുജ്ഞയ് തിവാരി പറഞ്ഞത്.
അതേസമയം നിലവിലെ ട്രന്റ് വെച്ച് വിജയം അവകാശപ്പെടാന്‍ ബി.ജെ.പിയും തയ്യാറായിട്ടില്ല. വൈകീട്ടോടെ മാത്രമേ എന്തെങ്കിലും പ്രതികരണം നടത്തുകയുള്ളൂവെന്നും നിലവില്‍ ഒരു പ്രതികരണത്തിനും തയ്യാറല്ലെന്നുമാണ് ബി.ജെ.പിയുടെ ബീഹാര്‍ പ്രസിഡന്റ് സജ്ഞയ് ജയ്‌സാല്‍ പറഞ്ഞത്.
നിലവില്‍ 132 സീറ്റിലെ ലീഡുമായി എന്‍.ഡി.എ മുന്നേറുകയാണ്. നേരത്തെ വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ മഹാസഖ്യത്തിനായിരുന്നു വിജയം പ്രവചിച്ചിരുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോഴും മഹാസഖ്യത്തിന് മുന്നേറ്റമുണ്ടായിരുന്നു.
സംസ്ഥാനത്ത് 25 ശതമാനം വോട്ടുകള്‍ മാത്രമേ ഇതുവരെ എണ്ണിയിട്ടുള്ളു. നാലിലൊന്ന് വോട്ടുകള്‍ മാത്രം എണ്ണിയ പശ്ചാത്തലത്തില്‍ നിലവില്‍ ബീഹാര്‍ ആര് ഭരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
ഹാജിപൂര്‍ ലോക്‌സഭാ സീറ്റിലെ ഭാഗമായ രാഘോപൂര്‍ നിയമസഭാ മണ്ഡലത്തിലാണ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് മത്സരിക്കുന്നത്.
1995 ലും 2000 ലും ലാലു പ്രസാദ് യാദവ് വിജയിച്ച വൈശാലി ജില്ലയിലെ യാദവ് ആധിപത്യമുള്ള മണ്ഡലമാണ് രഘോപൂര്‍, 2005 ല്‍ ലാലുവിന്റെ ഭാര്യ റാബ്രി ദേവിയും ഇവിടെ വിജയിച്ചിരുന്നു.
2015 ല്‍ ഈ സീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്ന തേജസ്വി ബി.ജെ.പിയുടെ സതീഷ് കുമാറിനെ 22733 വോട്ടിന്റെ മാര്‍ജിനില്‍ അന്ന് തോല്‍പ്പിക്കുകയായിരുന്നു. അന്ന് ആര്‍.ജെ.ഡി-ജെ.ഡി.യു.-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു തേജസ്വി. എന്നാല്‍ ഈ സഖ്യം 2017 ല്‍ പിരിയുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക