national news
'സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല, ഞങ്ങള്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കൊപ്പമാണ്'; എന്‍.ഡി.എയുടെ ക്ഷണം നിരസിച്ച് ആര്‍.ജെ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 16, 09:28 am
Monday, 16th November 2020, 2:58 pm

പട്‌ന: ബീഹാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച് ആര്‍.ജെ.ഡി. എന്‍.ഡി.എയുടെ തട്ടിപ്പില്‍ ജനങ്ങള്‍ രോഷാകുലരാണെന്നും തങ്ങള്‍
അവര്‍ക്കൊപ്പമാണെന്നും ആര്‍.ജെ.ഡി പറഞ്ഞു.

‘തൊഴില്‍ ലഭിക്കാത്തവരോടും, കര്‍ഷകരോടും, കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സിനോടും അധ്യാപകരോടും ചോദിച്ച് നോക്കൂ എന്താണ് അവര്‍ക്ക് സംഭവിക്കുന്നതെന്ന്? എന്‍.ഡി.എയുടെ തട്ടിപ്പില്‍ പൊതുജനം രോഷാകുലരാണ്. ഞങ്ങള്‍ ജനങ്ങളുടെ പ്രതിനിധിയാണ്. അതുകൊണ്ട് അവര്‍ക്കൊപ്പമാണ് ഞങ്ങള്‍,’ ആര്‍.ജെ.ഡി ട്വീറ്റ് ചെയ്തു.

നിസഹായരായ രണ്ട് പാര്‍ട്ടികള്‍ ബീഹാറില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണെന്ന് ജെ.ഡി.യുവിനെയും ബി.ജെ.പിയെയും പരിഹസിച്ച് കൊണ്ട് ആര്‍.ജെ.ഡി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

അതേസമയം ആര്‍.ജെ.ഡിയുടെ ട്വീറ്റിനെതിരെ ബി.ജെ.പി നേതാവ് ഗിരിരാജ് സിങ് രംഗത്തെത്തി. ജനങ്ങള്‍ അവരുടെ വിധിയാണ് എന്‍.ഡി.എയെ തെരഞ്ഞെടുത്തതിലൂടെ തീരുമാനിക്കപ്പെട്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.

നേരത്തെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിയാരോപിച്ച് തേജസ്വിയാദവ് രംഗത്തെത്തിയിരുന്നു. ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ന് വൈകുന്നേരം 4.30ന് രാജ്ഭവനില്‍ വെച്ചാണ് ബീഹാര്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നിതീഷിനൊപ്പം 8 മുതിര്‍ന്ന നേതാക്കളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പിയില്‍ നിന്നും രണ്ട് പേരാണ് ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. അതേസമയം ഉപമുഖ്യമന്ത്രിയായി സുശീല്‍ മോദി തുടരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പി നേതാക്കളായ തര്‍കിഷോര്‍ പ്രസാദും രേണുദേവിയുമാണ് ഉപമുഖ്യമന്ത്രിമാരായി അധികാരമേല്‍ക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ബീഹാറില്‍ 43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. 74 സീറ്റുകളില്‍ ബി.ജെ.പി ആണ് വിജയിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: RJD Boycott Bihar Oath today