| Friday, 28th August 2020, 12:33 pm

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിക്ക് വേണ്ടി കളത്തിലിറങ്ങുന്നത് കനയ്യകുമാറോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി ആര്‍.ജെ.ഡി. 2019 ലോക് സഭ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയുടെ മുഖ്യ എതിരാളിയായിരുന്ന ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവും സി.പി.ഐ സ്ഥാനാര്‍ത്ഥിയുമായ കനയ്യ കുമാറുമായി സഖ്യത്തിലേര്‍പ്പെടാനൊരുങ്ങുകയാണ് പാര്‍ട്ടി എന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സി.പി.ഐ- ആര്‍.ജെ.ഡി സഖ്യത്തെപ്പറ്റി വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഇതുവരെ നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ സ്റ്റാര്‍ ക്യാമ്പെയ്നര്‍ കനയ്യ കുമാര്‍ ആയിരിക്കും. പക്ഷേ അദ്ദേഹം ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

സി.പി.ഐ യുടെ ദേശീയ എക്‌സിക്യൂട്ടിവ് അംഗമാണ് കനയ്യ കുമാര്‍. അതുകൊണ്ട് തന്നെ ദേശീയ നേതൃത്വത്തിന് മുന്നില്‍ പാര്‍ട്ടി ക്യാംപെയ്‌നര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പേര് ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

ആര്‍.ജെ.ഡിയ്ക്ക് ഞങ്ങളുമായി സഖ്യത്തിലേര്‍പ്പെടാന്‍ ആഗ്രഹമുണ്ടെങ്കില്‍, അവര്‍ക്ക് വേണ്ടി കനയ്യകുമാര്‍ പ്രചരണം നടത്തണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, ആ വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാവുന്നതാണ്. അത് പാര്‍ട്ടി പരിഗണിക്കുകയും ചെയ്യും- സി.പി.ഐ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡേ ദി പ്രിന്റിനോട് പറഞ്ഞു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസാരായില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന് സീറ്റ് നിഷേധിച്ചിരുന്നു. ഇടതുപക്ഷത്ത് നിന്ന് സി.പി.ഐയെ പരിഗണിക്കാതിരുന്ന മുന്നണി സി.പി.ഐ.എം.എല്ലിന് ആര്‍.ജെ.ഡിയുടെ സീറ്റുകളിലൊന്ന് നല്‍കി. ഇതാദ്യമായാണ് സി.പി.ഐ.എം.എല്ലിനൊപ്പം ആര്‍.ജെ.ഡി മത്സരിച്ചത്.

സീറ്റ് ചര്‍ച്ചകളില്‍ കനയ്യയുടെ പേര് പോലും വന്നില്ലെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞിരുന്നു. തേജസ്വി യാദവിന് കനയ്യകുമാറിനോടുള്ള അനിഷ്ടമാണ് അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാന്‍ കാരണമെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സി.പി.ഐയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ബെഗുസാരായി നേരത്തെ സി.പി.ഐ ജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണ്. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്നാണ് ബെഗുസാരായി അറിയപ്പെട്ടിരുന്നത്.

എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കനയ്യ കുമാര്‍ മുന്നോട്ട് വന്നിട്ടില്ല. അദ്ദേഹം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് കനയ്യകുമാറിന്റെ അടുത്ത സുഹൃത്തായ സരോജ് കുമാര്‍ പ്രിന്റിനോട് പറഞ്ഞത്.

കഴിഞ്ഞ നാല് മാസത്തോളമായി പൊതു രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് കനയ്യകുമാര്‍. മുമ്പ് സോഷ്യല്‍ മീഡിയയില്‍ വളരെയധികം ഇടപെട്ടിരുന്ന കനയ്യ കുമാര്‍ ഇപ്പോള്‍ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. കഴിഞ്ഞ ജൂലൈ 21 നാണ് അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഒരു പോസ്റ്റ് ട്വീറ്റ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഫെബ്രുവരിയില്‍ ജനഗണ മന യാത്രയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അവസാനമായി തന്റെ നാട് സന്ദര്‍ശിച്ചത്.

2016 ല്‍ ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്നപ്പോള്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുവെന്നാരോപിച്ച് രാജ്യദ്രോഹ കുറ്റത്തിന് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് ഫെബ്രുവരിയില്‍ അദ്ദേഹത്തെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  rjd cpi use kanhya kumar to fight bihar election

We use cookies to give you the best possible experience. Learn more