| Thursday, 14th December 2017, 8:01 am

നിങ്ങള്‍ മതത്തിന്റെ മൊത്തക്കച്ചവടക്കാരാണോ; മറ്റുള്ളവരെ കരിവാരിത്തേക്കുന്ന ഓരോ വൃത്തികെട്ടവന്‍മാരും സ്വയം ചോദിക്കണം; പവിത്രന്‍ തീക്കുനിയ്ക്ക് പിന്തുണയുമായി ആര്‍.ജെ സൂരജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: “പര്‍ദ്ദ” എന്ന കവിത എഴുതിയതിന്റെ പേരില്‍ മതമൗലികവാദികളുടെ ആക്രമത്തിന് ഇരയായ പവിത്രന്‍ തീക്കുനിയ്ക്ക് പിന്തുണയുമായി ആര്‍.ജെ സൂരജ്.

കഴിഞ്ഞ ദിവസം താന്‍ കടന്നുപോയ അതേ സാഹചര്യത്തിലൂടെയാണ് നവയുഗ കവിയായ പവിത്രന്‍ തീക്കുനിയും കടന്നുപോയതെന്ന് സൂരജ് പറയുന്നു.

പര്‍ദ്ദ കവിത മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് അദ്ദേഹത്തിനെതിരെ നിരവധി പേര്‍ ആക്രോശങ്ങളുമായി തിരിഞ്ഞെന്നും ക്ഷമാപണം നടത്തി കവിത പിന്‍വലിക്കേണ്ടി വന്നുവെന്നതും സങ്കടകരമായ അവസ്ഥയാണെന്ന് സൂരജ് പറയുന്നു.

ഏതെങ്കിലും ഒരു വ്യക്തി പറഞ്ഞു കഴിഞ്ഞാല്‍ അല്ലെങ്കില്‍ എഴുതിക്കഴിഞ്ഞാല്‍ അല്ലെങ്കില്‍ സംസാരിച്ചുകഴിഞ്ഞാല്‍ വ്രണപ്പെട്ടുപോകുന്നതാണോ ഒരു മതത്തിനോടുള്ള നിങ്ങളുടെ വിശ്വാസവും ആരാധനയുമെന്നും അത്രയേ ഉള്ളുവോ ആ മതത്തോടുള്ള നിങ്ങളുടെ താത്പര്യമെന്നും സൂരജ് ഫേസ്ബുക്ക് വീഡിയോയിലൂടെ ചോദിക്കുന്നു.

ഹിന്ദുമത്തെ ഒരാള്‍ കുറ്റംപറഞ്ഞു കഴിഞ്ഞാല്‍ അതോടെ തീരുമോ ഹിന്ദുമതം? ക്രിസ്ത്യന്‍മതത്തെ കുറ്റം പറഞ്ഞാല്‍ അതോടെ ക്രിസ്ത്യന്‍ മതം ഇല്ലാതാവുമോ? ഇസ് ലാം മതത്തെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ആ മതം ഇല്ലാതാവുമോ? പിന്നെ ആരെങ്കിലുമൊക്കെ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന സമയത്ത് അവരെ അനാവശ്യം പറഞ്ഞുകൊണ്ട് മതവികാരം വ്രണപ്പെടുത്തിയെന്ന ലേബല്‍ ഒട്ടിച്ചുകൊണ്ട് അയാളെ ഒറ്റപ്പെടുത്തിക്കൊണ്ട് ആക്രമിക്കാനായി കുറേ പേര്‍ ഇറങ്ങുന്നത് എന്തിനാണെന്നും സൂരജ് ചോദിക്കുന്നു.

“” ഇവര്‍ ഈ മതത്തിന്റെ മുതലാളി മാരാണോ ? മനസിലാവത്തതുകൊണ്ടാണ് ചോദിക്കുന്നത്. ചീത്തപറഞ്ഞിട്ട് ആളുകളെ വായടപ്പിക്കാന്‍ നോക്കുന്ന ഇവര്‍ മതത്തിന്റെ മൊത്തക്കച്ചവടക്കാരാണോ ?അതാത് മതത്തിനുള്ളില്‍ നിന്ന് മതത്തെ സംരക്ഷിക്കാനെന്ന വ്യാജേന മറ്റുള്ളവരെ അനാവശ്യമായിതെറിപറയുകയും കരിവാരിത്തേക്കുകയും ചെയ്യുന്ന ഓരോ വൃത്തികെട്ടവന്‍മാരും ഇക്കാര്യം സ്വയം ചോദിക്കണം.

നിന്നെ ആരാണ് ഈ മതത്തിന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുള്ളത് എന്ന് അതേ മതത്തിലുള്ള ആള്‍ക്കാര്‍ അവരോട് ചോദിക്കണം.

ഇത് പല തവണയായി ആവര്‍ത്തിച്ചുവരുന്നു. അപ്പോഴും ആ മതത്തിലെ വലിയൊരു വിഭാഗം അവരെ എതിര്‍ത്ത് സംസാരിക്കാന്‍ മുന്നോട്ടുവരുന്നു. പക്ഷേ ഇവര്‍ ഇത് കേട്ടതായി കാണുന്നില്ല. അനാവശ്യം പറയുന്ന എത്രപേര്‍ ഈ മതത്തിനെ മനസിലാക്കിയിട്ടുണ്ട് എന്ന് സ്വയം ചോദിക്കണം. മതത്തിന്റെ പറ്റി പഠിച്ചവരും അറിയുന്നവരുമാണ് എന്നെ പിന്തുണച്ചത്.

ഇസ്‌ലാം എന്നത് ഒരു മതം എന്നതിന് അപ്പുറത്തേക്ക് ഇസ്‌ലാം എന്ന് ആ ഒരു വാക്ക് മാത്രം വെച്ച് വിലയിരുത്തണം. ഇസ്‌ലാം എന്നാല്‍ ദൈവത്തിന് കീഴ്‌പ്പെട്ടവന്‍ എന്നാണ് അര്‍ത്ഥം. അപ്പോള്‍ ദൈവത്തിന് കീഴ്‌പ്പെട്ട ഒരാള്‍, ഇസ്‌ലാം ആണ് എന്ന് പറയുന്ന ഒരാള്‍ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പറയുക? ദൈവത്തിന് കീഴ്‌പ്പെട്ട ഒരാളുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ നല്ലതായിരിക്കണ്ടേ? വൃത്തികേടുകളാണ് വരുന്നതെങ്കില്‍ അവന്‍ കീഴ്‌പ്പെട്ടിട്ടുള്ളത് പിശാചിനല്ലേ? കൃത്യമായിട്ടുള്ള ചോദ്യമല്ലേ ഇത്

എന്റെ മതത്തിനെ അവന്‍ കുറ്റപ്പെടുത്തി എന്ന് പറഞ്ഞ് അവനെ കണ്ണുപൊട്ടുന്ന തെറിവിളിക്കുന്നവന്‍ എങ്ങനെയാണ് ഇസ്‌ലാം ആവുക? ബാക്കിയുള്ളവരെ അനാവശ്യം പറയുന്ന ആള്‍ക്കാര്‍ സ്വയം മനസിലാക്കുക നിങ്ങള്‍ ഇസ് ലാമില്‍ വരുന്ന ആള്‍ക്കാരല്ല. നിങ്ങള്‍ പിശാചിന് കീഴ്‌പ്പെട്ട് ജീവിക്കുന്ന ആള്‍ക്കാരാണെന്ന് മനസിലാക്കുന്നത് സ്വയം തിരുത്തലിന് നല്ലതാവും- സൂരജ് പറുന്നു.

പ്രവാചകന്‍മാര്‍ ഒരുപാട് പാഠങ്ങള്‍ കാണിച്ചുതന്നിട്ടുണ്ട്. ഒരു വ്യക്തി നിങ്ങളുടെ മതത്തിന് എതിരായി സംസാരിച്ചുകഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുകഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം മാറ്റുന്നു. അദ്ദേഹം സംഘപരിവാര്‍ അജണ്ടക്കാരനാണ്. അല്ലെങ്കില്‍ ഹിന്ദുത്വ ഭീകരനാണ് ഹിന്ദുത്വം പ്രചരിപ്പിക്കാന്‍ വരുന്നവനാണ് എന്നൊക്കെ നിങ്ങള്‍ ആക്രോശിക്കുന്നു.

്ഒരു സൂരജോ ഒരു പവിത്രന്‍ തീക്കുനിയോ പറഞ്ഞാല്‍ നിങ്ങള്‍ അയാളെ ഹിന്ദുത്വ ഭീകരനാക്കി, ആര്‍.എസ്.എസുകാരനാക്കി സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ വരുന്ന ആളാക്കി, എന്തുകൊണ്ട് നിങ്ങള്‍ ജസ ല എന്ന പെണ്‍കുട്ടി പറയുമ്പോള്‍ അവള്‍ക്കെതിരെ ഈ പറയുന്ന ആര്‍.എസ്.എസ് മുദ്രകുത്തുന്നില്ല. ഒരു മുഹമ്മദോ ജാഫറോ ജബ്ബാറോ നിങ്ങള്‍ക്കെതിരെ അവര്‍ സംസാരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ എന്തുകൊണ്ട് അവരെ ആര്‍.എസ്.എസുകാരാക്കുന്നില്ല? അവര്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ വരുന്ന ആളാണെന്ന് നിങ്ങള്‍ പറയുന്നില്ല?

അപ്പോള്‍ നിങ്ങളുടെ പ്രശ്‌നം ആശയങ്ങളല്ല, പേരുകളാണ്. സൂരജും പവിത്രനും ഹിന്ദുവാണ് അവര്‍ ഇത്തരത്തിലുള്ള അജണ്ടകള്‍ നടപ്പിലാക്കാനാണ് വരുന്നതെന്ന ഒരു മിഥ്യാധാരണ മനസിലുണ്ട്. ആ ധാരണ വെച്ചിട്ടാണ് നിങ്ങള്‍ പ്രതികരിക്കുന്നത് എന്നാണ് തോന്നുന്നത്.

നിങ്ങള്‍ കുറ്റം പറയുന്നത് പേരുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. അല്ലാതെ ഓരോരുത്തരുടേയും ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നിട്ട് അവര്‍ പറയുന്ന ആശയം മനസിലാക്കിക്കൊണ്ടല്ല.

ഓരോ വിഷയത്തിന് മുകളിലും ആശയപരമായിട്ടുള്ള സമീപനം നടത്തുക. അല്ലാതെ ഒരാളുടെ പേര് വെച്ചിട്ട് വിലയിരുത്തുന്ന ആ രീതി നമ്മള്‍ മാറ്റേണ്ട കാലം അതിക്രമിച്ചെന്നും സൂരജ് പറയുന്നു.

പര്‍ദ്ദ എന്ന പേരില്‍ ഫേസ്ബുക്കില്‍ കവിതയെഴുതിയതിന്റെ പേരില്‍ സൈബര്‍ ലോകത്തെ ഒരുവിഭാഗം മതമൗലിക വാദികള്‍ പവിത്രന്‍ തീക്കുനിക്കെതിരെ രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം കവിത പിന്‍വലിക്കുകയും ചെയ്തിരുന്നു.

പര്‍ദ്ദ” എന്നപേരില്‍ കവിത എഴുതിയതിന്റെ പേരില്‍ പവിത്രന്‍ തീക്കുനിയെ മലപ്പുറം കോട്ടക്കലിനടുത്തുള്ള ഐയു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജിലെ പരിപാടിയില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു.

കവിതയുടെ പേരില്‍ തന്നെ കോളെജ് മാനേജ്മെന്റ് വിലക്കിയ കാര്യം പവിത്രന്‍ തീക്കുനി തന്നെയാണ് ഫേസ്ബുക്കില്‍ അറിയിച്ചത്.

പ്രോഗ്രാമില്‍ നിന്ന് “പര്‍ദ്ദ” എന്ന കവിതയുടെ പേരില്‍ വിലക്കിയ മാനേജ്മെന്റ് നടപടിയോടും പര്‍ദ്ദ എന്തിന് പിന്‍വലിച്ചു എന്ന് വിശദീകരിക്കും മുമ്പേ ക്രൂശിച്ചവരോടും നന്ദി പറയുന്നുവെന്ന് പവിത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

We use cookies to give you the best possible experience. Learn more