| Saturday, 9th October 2021, 4:51 pm

മുന്നിലും മമ്മൂക്ക, പിന്നിലും മമ്മൂക്ക, ആണ്ടവാ... ഇതൊക്കെയാണ് ഭാഗ്യം; വിശ്വസിക്കാന്‍ പാടുള്ള കഥയുമായി ആര്‍. ജെ സൂരജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റേഡിയോ ജോക്കി, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍, ട്രാവല്‍ വ്‌ളോഗര്‍ എന്നീ നിലകളില്‍ മലയാളിക്ക് സുപരിചിതനാണ് ആര്‍.ജെ സൂരജ്. മമ്മൂട്ടി നായകനായ പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണമേഖലയിലും സൂരജ് സാന്നിധ്യമായിരുന്നു.

ഇപ്പോഴിതാ ‘വിശ്വസിക്കാന്‍ പാടുള്ള ഒരു കഥ’യുമായാണ് സൂരജ് എത്തിയിരിക്കുന്നത്. മമ്മൂട്ടി നായകനാവുന്ന പുഴു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ആ സംഭവം നടന്നതെന്നാണ് സൂരജ് പറയുന്നത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സൂരജ് ആ കഥ പറയുന്നത്.

‘ഈ കഥ നിങ്ങള്‍ വിശ്വസിക്കാന്‍ പാടാണ്…!

പുഴു സിനിമയുടെ ലൊക്കേഷന്‍..
ഷോട്ട് കഴിഞ്ഞ് അപാര ലുക്കില്‍ മമ്മൂക്ക ദേ വരുന്നു. നേരെ കാരവാനിലേക്കാവും. തൊട്ടടുത്ത പാര്‍ക്കിംഗില്‍ ആരുടെയോ സ്‌കൂട്ടിയും ചാരി നിന്ന ഞാന്‍ ചാടി എണീറ്റു. ദൈവമേ മമ്മൂക്ക മോശം മൂഡിലായിരിക്കുമോ..!
കണ്ടിട്ടും മൈന്റാക്കാതെ കാരവാനിലേക്ക് പോയാല്‍ അതുറപ്പിക്കാം.. പക്ഷേ… നേരെ വന്ന് ആ ചാരി നിന്ന സ്‌കൂട്ടിയുടെ ഹാന്റിലും പിടിച്ച് നടുവിന് കൈയ്യും കൊടുത്ത് മലയാളസിനിമയുടെ മെഗാസ്റ്റാര്‍ ചോദിച്ചു..
‘എന്താടോ ഖത്തറില്‍ റേഡിയോയൊക്കെ പൂട്ടീട്ടാണോ വന്നേക്കുന്നേ..’
‘അല്ല മമ്മൂക്കാ. വെക്കേഷന്‍ വന്നതാ..’
‘അപ്പൊ ഇനിയെന്താ പരിപാടികള്‍..’
‘അങ്ങനൊന്നുല്ല.. കറങ്ങി നടക്കുന്നു..’
‘ഉം..’

വായടക്കാതെ സംസാരിക്കുന്ന എനിക്ക് പിന്നൊന്നുല്ല പറയാന്‍..! ഇതിനു മുന്നെ മമ്മൂക്കയെ നേരില്‍ കണ്ട് സംസാരിച്ചത് അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് പ്രീസ്റ്റ് സിനിമയുടെ ഓവര്‍സ്സീസ് ഡിസ്റ്റ്രിബ്യൂഷനുമായി ബന്ധപ്പെട്ടായിരുന്നു. പിന്നീട് വാട്‌സാപ് വഴി വല്ലപ്പോഴുമുള്ള പരിചയം പുതുക്കല്‍ മാത്രം. ഒരു ഫോട്ടോ എടുക്കണമെന്നൊക്കെ ആഗ്രഹമുണ്ട്.

പക്ഷേ ഇത്രേം കൂളായി വിശേഷങ്ങള്‍ ചോദിച്ച് മുന്നില്‍ നില്‍ക്കുന്ന മമ്മൂക്കയോട് ഫോട്ടോ എടുത്തോട്ടേന്ന് ചോദിച്ചാല്‍ ചിലപ്പൊ അപ്പൊ തന്നെ ഒരു പടത്തിനു ചുമ്മാ പോസ് ചെയ്ത് മമ്മൂക്ക അങ്ങു പോയാലോ..! മൂന്നോ നാലോ തലമുറകളിലായി ആരാധക കോടികളുള്ള മെഗാ സ്റ്റാര്‍ ഈ എന്റെ കൂടെ ഒരു ഫ്‌ലാറ്റിന്റെ താഴെയുള്ള പാര്‍ക്കിംഗില്‍ ചുമ്മാ കാറ്റും കൊണ്ട് വിശേഷവും ചോദിച്ച് ഈസിയായി നില്‍പ്പാണ്.. ഇങ്ങനൊരു നിമിഷം എത്രയും കൂടുതല്‍ നേരം ആസ്വദികാനാകും എന്നത് മാത്രമായിരുന്നു എന്റെ മനസില്‍.

‘സുഖാണോ മമ്മൂക്കാന്ന്’ ചോദിച്ചാലോ..! ഏയ് വേണ്ടാ ഒരുക്ലീഷേ ചോദ്യായിപ്പോകും.. ‘ആ സുഖം’ എന്ന് പറഞ്ഞ് പുള്ളി പൊയ്ക്കളഞ്ഞാലോ..!

അങ്ങനെ എന്റെ മനസില്‍ ആയിരം ചിന്തകള്‍.. കുറച്ച് സെക്കന്റുകളിലെ മൗനം..! ഇടയില്‍ , മുഖം ലേശം താഴ്തി കണ്ണുകളുയര്‍ത്തി കണ്ണടക്കു മുകളിലൂടെ നോക്കി മമ്മൂക ചോദിച്ചു.

‘ഫോട്ടോ എടുക്കണോ..’
ആ ചോദ്യം എന്നെ ഞെട്ടിച്ചു കളഞ്ഞു..! എന്റെ മുഖത്തെ ആഗ്രഹസാഗരം മനസിലാക്കി മമ്മൂക്ക അവിടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ രോഹിത്തിനെ വിളിച്ചു അവന്റെ ക്യാമറയില്‍ ഒരു പടം എടുപ്പിച്ചു..!
ഹൊ.. ദാറ്റ് രോമാഞ്ചിഫിക്കേഷന്‍ മൊമന്റ്..
ശേഷം മമ്മൂക്ക കോസ്റ്റ്യൂം ചേഞ്ചിന് കാരവാനിലേക്ക് പോയി..!

ഹോം സിനിമയില്‍ ഇന്ദ്രേട്ടന്‍ പറഞ്ഞത് പോലെ ഇത്രയും നിങ്ങള്‍ക്ക് വിശ്വാസമായില്ലെങ്കില്‍ ഇനി പറയുന്നത് നിങ്ങള്‍ ഒട്ടും വിശ്വസിക്കില്ല..!
ലഞ്ച് ബ്രേക്ക് ആയിരുന്നു.. പ്രൊഡക്ഷന്‍ ഫുഡുമായി ആളുകള്‍ ഓടി നടക്കുന്നു.. എറണാകുളത്തുനിന്ന് കുറച്ച് ദൂരെയായിരുന്നു ലൊക്കേഷന്‍.. രാവിലെ ഉറങ്ങി എണീറ്റയുടന്‍ റെഡിയായി ഇറങ്ങിയതാണ് ഒന്നും കഴിച്ചിട്ടില്ല.

മമ്മൂക്കയുടെ ഒരു പേര്‍സ്സണല്‍ അസിസ്റ്റന്റ് വന്ന് ഫുഡ് കഴിക്കാന്‍ ആ കാരവാനിലേക്ക് ക്ഷണിച്ചു. പക്ഷേ മമ്മൂക്കയെ കാണാന്‍ അവരുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയിട്ട് അവരുടെ ഫുഡും കഴിച്ച് പോകുന്നത് മോശല്ലേ. വിശപ്പുണ്ടെങ്കിലും ഏയ് വേണ്ടാന്ന് പറഞ്ഞു..
കുക്ക് വന്ന് രണ്ട് ചെയര്‍ കൂടി ഇട്ട് രണ്ട് പ്ലേറ്റും തന്നു..! ദൈവമേ ഞാന്‍ മെഗാസ്റ്റാര്‍ മമ്മൂക്കക്കൊപ്പം ഫുഡ് കഴിക്കാന്‍ പോകുവാണോ..!
ഈ മനുഷ്യനെയാണോ ഗൗരവക്കാരനാണ് ജാഡക്കാരനാണ് എന്നൊക്കെ പലരും പറഞ്ഞ് കേട്ടിട്ടുള്ളത്?

മമ്മൂക്ക കഴിക്കുന്ന റാഗി പുട്ടൊക്കെ ടേസ്റ്റ് ചെയ്ത് ലഞ്ച് കഴിഞ്ഞപ്പൊഴേക്ക് ജോര്‍ജ്ജേട്ടന്‍ കയറി വന്നു.. അദ്ദേഹം പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയാണ് പുഴു.. ജോര്‍ജ്ജേട്ടന്‍ വന്നപ്പൊ ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങിയാലോന്ന് കരുതിയപ്പൊ ജോര്‍ജ്ജേട്ടന്‍ തന്നെ ഇരിക്കാന്‍ പറഞ്ഞു.. മമ്മൂക്കയോട് എന്തോ പറഞ്ഞ് അദ്ദേഹം പുറത്തേക്ക് പോയി.

പിന്നീട് നടന്നത് സ്വപ്നമായിരുന്നു.. മമ്മൂക്കയുടെ മുന്നിലെ ടിവി യില്‍ യൂടൂബ് ഓപ്പണായി ഇരിക്കുന്നു. അതില്‍ പലപല വീഡിയോകള്‍.. നമ്മളിലെ സാധാരണക്കാരുടെ വീഡിയോകള്‍.. വ്‌ലോഗര്‍മ്മാരുടെ വീഡിയോകള്‍.. ടിവി ഷോകള്‍.. അതൊരു ഞെട്ടലായിരുന്നു..
‘ദൈവമേ അപ്പൊ ഞാനൊക്കെ ചെയ്തുകൂട്ടുന്നത് മമ്മൂക്കയുടെ ഈ സ്‌ക്രീനിലൂടെ പോകുന്നുണ്ടാവില്ലേ..!’
എന്നെ അങ്ങോട്ട് കൊണ്ടുപോയ എന്റെ ചങ്ക് സമദ് ബ്രോയും മമ്മൂക്കയും ചിരിച്ചു. മമ്മൂക്ക യൂടൂബില്‍ സാമ്രാജ്യം സിനിമയുടെ പുതിയ പതിപ്പ് വന്നിട്ടുണ്ടെന്ന് പറഞ്ഞ് അത് സെര്‍ച്ച് ചെയ്ത് പ്ലേ ചെയ്തു.

മുന്നില്‍1991 കാലത്തെ വെളുത്ത സ്യൂട്ട് ഇട്ട മമ്മൂക്ക.. പിന്നില്‍ 2021 ലെ സൂപ്പര്‍ മമ്മൂക്ക..! ഞാന്‍ പലതവണ നൈസായി മമ്മൂക്കയെ തിരിഞ്ഞു നോക്കി ഈ സംഭവിക്കുന്നത് സ്വപ്നമല്ലെന്ന് ഉറപ്പ് വരുത്തി..!
മമ്മൂക്കയുടെ കൂടെ മമ്മൂക്കയുടെ ഒരു മെഗാഹിറ്റ് സിനിമ അദ്ദേഹത്തിന്റെ കാരവാനിലിരുന്ന് കണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ.. എന്നാല്‍ അത് സംഭവിച്ചു. അന്നത്തെ ഫാഷനെ പറ്റിയും, പിന്നെ ദളപതി സിനിമയിലെ രജനീകാന്തുമൊത്തുള്ള കഥകളും, ആ സിനിമയിലെ സീനുകളും, തെലുങ്കില്‍ മമ്മൂക്ക സ്വയം ശബ്ദം നല്‍കിയ ‘സൂര്യവംശുടു’ എന്ന സിനിമയിലെ സീനുകളും അങ്ങനെ അങ്ങനെ സ്വപ്നം പോലെ രണ്ട് മണിക്കൂറുകള്‍ കടന്നുപോയി…!

ഇത് മറ്റൊരാളോട് പറഞ്ഞാല്‍ എന്റെ സ്വഭാവം വച്ച് തള്ളെന്ന് പറയുമല്ലോ ഈശ്വരാ എന്ന വിഷമം മാത്രേ ബാക്കിയുള്ളൂ.! പിന്നെ ദേ ഈ ഫോട്ടോയും.. വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടേ..!’ സൂരജ് കുറിക്കുന്നു.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതയായ റത്തീനയാണ് പുഴു സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ എസ്. ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഹര്‍ഷാദ് ആണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ് പുഴുവിന്റെയും കലാസംവിധാനം.

ദീപു ജോസഫാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ജേക്സ് ബിജോയ്. ആര്‍ട്ട് മനു ജഗത്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. സ്റ്റില്‍ ശ്രീനാഥ് ഉണ്ണിക്കൃഷ്ണന്‍.

രാജേഷ് കൃഷ്ണ, റനീഷ് അബ്ദുള്‍ഖാദര്‍, ശ്യാം മോഹന്‍ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: RJ Sooraj shares his experience with Mammootty

We use cookies to give you the best possible experience. Learn more