| Thursday, 16th February 2023, 2:17 pm

ക്രിസ്റ്റഫര്‍ ജി.സി.സിയില്‍ ഡിസാസ്റ്ററായി, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് പൊട്ടി പാളിസായി, ആരാണ് ഇതൊക്കെ പറയുന്നത്; മമ്മൂട്ടി ചിത്രത്തിനെതിരെ ഡീഗ്രേഡിങ്ങെന്ന് ആര്‍.ജെ. സൂരജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിനെ ഡീഗ്രേഡ് ചെയ്യുന്നുവെന്ന ആരോപണവുമായി ആര്‍.ജെ. സൂരജ്. സിനിമയുടെ ആദ്യത്തെ ഷോ കഴിയുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് വാര്‍ത്തകളും റിവ്യുവും കൊടുക്കുകയാണെന്നും സിനിമയെ ഡീഗ്രേഡ് ചെയ്യാനായി കുറെ ആളുകള്‍ ഒരുങ്ങിയിരിക്കുകയാണെന്നും സൂരജ് പറഞ്ഞു. ജി.സി.സിയില്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഡിസാസ്റ്ററായി ക്രിസ്റ്റഫര്‍ മാറി, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് പൊട്ടി പാളിസായെന്നും ചിലര്‍ പറയുന്നുവെന്നും എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ലെന്നും ആര്‍.ജെ. സൂരജ് പറഞ്ഞു. ജി.സി.സി രാജ്യങ്ങളില്‍ ക്രിസ്റ്റഫര്‍ വിതരണത്തിനെടുത്ത ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ റീജിയണല്‍ മാനേജരാണ് ആര്‍.ജെ. സൂരജ്.

‘ക്രിസ്റ്റഫറുമായി ബന്ധപ്പെട്ട കുറേ ചര്‍ച്ചകളും വിവാദങ്ങളും കണ്ടു. റിലീസിന് മുമ്പ് തന്നെ ക്രിസ്റ്റഫര്‍ കണ്ടതാണ്. ഓടുമെന്ന പ്രതീക്ഷയും ഉറപ്പും ഉള്ളതുകൊണ്ടാണ് ഒരു സിനിമ വിതരണത്തിന് എടുക്കുന്നത്. അത് കണക്കാക്കിയാണ് പേയ്‌മെന്റ് തീരുമാനിക്കുന്നതും.

ആദ്യത്തെ ഷോ കഴിയുന്നതിന് മുമ്പ് തന്നെ ക്രിസ്റ്റഫറിനെതിരെ അറ്റാക്ക് തുടങ്ങിയിരുന്നു. ഇങ്ങനെയുള്ള അറ്റാക്കുകളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അനുഭവിക്കുന്നത് ആദ്യമായിട്ടാണ്. സിനിമയെ ഡീഗ്രേഡ് ചെയ്യാനായി കുറെ ആളുകള്‍ പ്രിപ്പയേര്‍ഡായി ഇരിക്കുകയാണ്. ഫസ്റ്റ് ഷോ കഴിയുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് വാര്‍ത്തകള്‍ കൊടുക്കുകയാണ്. അതിനും മാത്രം മോശം സിനിമയാണോ ക്രിസ്റ്റഫര്‍.

നിങ്ങളില്‍ എത്ര പേര്‍ ഈ സിനിമ കണ്ടു എന്നെനിക്ക് അറിയില്ല. കണ്ടവര്‍ക്ക് ഇത്രയും നെഗറ്റീവ് തോന്നില്ല. നല്ലൊരു പൊലീസ് സ്‌റ്റോറിയുള്ള, മമ്മൂട്ടിയുെട ഗംഭീര പ്രകടനമുള്ള, ഒരു ക്ലീഷേയുമില്ലാത്ത സിനിമയാണ് ഇത്. കേരളത്തിലെ കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള തീമാണ്. സിനിമ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യുന്നതിനിടയിലാണ് ഈ രീതിയിലുള്ള ആരോപണങ്ങള്‍ വരുന്നത്.

ജി.സി.സിയില്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഡിസാസ്റ്ററാണ് ക്രിസ്റ്റഫറെന്ന് ചിലരൊക്കെ ആരോപിക്കുന്നത് കണ്ടു. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് പൊട്ടി പാളിസായി, ഈ സിനിമയോടെ വലിയ നഷ്ടം ഫേസ് ചെയ്യുന്നു എന്നൊക്കെയാണ് ആരോപണങ്ങള്‍. അത് ആരാണ് നിങ്ങളോട് പറഞ്ഞത്? എങ്ങനെയാണ് ഈ ഇന്‍ഫര്‍മേഷന്‍ കിട്ടുന്നത്? ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് എത്ര രൂപക്കാണ് ഡിസ്ട്രിബ്യൂഷന്‍ എടുത്തതെന്ന് അറിയാമോ? എത്ര രൂപ റിട്ടേണ്‍ കിട്ടുന്നുണ്ടെന്ന കണക്ക് ഉണ്ടോ? പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ സിനിമ ഞങ്ങള്‍ക്ക് നഷ്ടമാണെന്ന് പറയുന്നത്. നഷ്ടം വരുന്ന ഡീലിന് ഒരു ഡിസ്ട്രിബ്യൂട്ടര്‍ നില്‍ക്കില്ല.

ഞങ്ങളെ സംബന്ധിച്ചടത്തോളം ഈ സിനിമ നഷ്ടമുണ്ടാക്കുന്ന ഒന്നല്ല. സിനിമ തിയേറ്ററില്‍ പോയി കണ്ടിട്ട് അഭിപ്രായം പറയുക. ഈ ആഴ്ചയും ക്രിസ്റ്റഫറിന് ഗംഭീര ചാര്‍ട്ടിങ് ഉണ്ട്.

ഫാന്‍ ഫൈറ്റിന്റെ പേരിലോ യൂട്യൂബില്‍ റെവന്യു കിട്ടാനോ നെഗറ്റീവായ കാര്യങ്ങള്‍ പരത്താന്‍ തുടങ്ങിക്കഴിഞ്ഞാല്‍ നാളെ സിനിമ ഉണ്ടാവില്ല. മലയാളം വളരെ ചെറിയ സിനിമ ഇന്‍ഡസ്ട്രിയാണ്. ഒരു സിനിമയെ പറ്റി രണ്ട് അഭിപ്രായമേ ഉണ്ടാവാന്‍ പാടുള്ളൂ. ഒന്നെങ്കില്‍ ഇഷ്ടപ്പെട്ടു, അല്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല. ബാക്കിയുള്ളവരെ ഇഷ്ടപ്പെടുത്തില്ല എന്ന രീതിയില്‍ ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ഓരോരുത്തര്‍ക്കും ഓരോ ടേസ്റ്റല്ലേ,’ സൂരജ് പറഞ്ഞു.

Content Highlight: RJ sooraj accused christopher movie is being degrading 

We use cookies to give you the best possible experience. Learn more