| Monday, 1st August 2022, 8:00 am

കഥ എഴുതുന്ന ഘട്ടത്തിലൊന്നും പാപ്പനായി സുരേഷ് ഗോപി മനസിലുണ്ടായിരുന്നില്ല: ആര്‍.ജെ. ഷാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് പാപ്പന്‍. ജൂലൈ 29ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷന്‍ ത്രില്ലറായെത്തിയ ചിത്രത്തില്‍ നൈല ഉഷ, നിത പിള്ള, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വിജയ രാഘവന്‍, സജിത മഠത്തില്‍, ആശ ശരത്ത് എന്നിങ്ങനെ വലിയ താരനിരയാണ് എത്തിയത്.

കഥ എഴുതുന്ന സമയത്ത് നായകനായി സുരേഷ് ഗോപി ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ചിത്ത്രതിന്റെ തിരക്കഥാകൃത്ത് ആര്‍.ജെ. ഷാന്‍. കഥ പൂര്‍ത്തിയായി കഴിഞ്ഞ് വായിച്ചപ്പോഴാണ് പാപ്പനായി സുരേഷ് ഗോപിയുടെ മുഖം മനസിലേക്ക് വന്നതെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാന്‍ പറഞ്ഞു.

‘പാപ്പന്‍ എന്ന കഥാപാത്രം മനസില്‍ വന്ന നിമിഷമുണ്ട്. ആ കഥാപാത്രം ഒരു വലിയ മനുഷ്യനാണ്, ആജാനുബാഹുവാണ്, അങ്ങനെയാണ് ഞാന്‍ സുരേഷേട്ടന്റെയടുത്ത് പറഞ്ഞതും. സുരേഷേട്ടനോട് പറയുന്നതിന് മുമ്പ് ജോഷി സാറിനോടാണ് കഥ പറയുന്നത്.

കഥ എഴുതി തീരുന്നതുവരെ സുരേഷേട്ടന്റെ ഇമേജ് വരുന്നില്ല. പക്ഷേ, എഴുതി ഫസ്റ്റ് ഡ്രാഫ്റ്റ് കഴിഞ്ഞ് ഒരു റീഡിങ് സെഷന്‍ ഉണ്ടാവുമല്ലോ. ആദ്യത്തെ വായന കഴിഞ്ഞപ്പോള്‍, വായിക്കുംതോറും സുരേഷേട്ടന്റെ മുഖം വരുന്നുണ്ട് മനസില്‍. ജോഷിയേട്ടനോട് പോയി സുരേഷ് ഗോപിയാണ് നായകന്‍ എന്ന് പറയുന്നതില്‍ ഒരു ഔചിത്യക്കുറവുണ്ടെന്ന് എനിക്ക് തോന്നി. സുരേഷേട്ടനെ പരിചയമുണ്ടെങ്കിലും നേരിട്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് സ്‌ക്രിപ്റ്റുമായി പോയിട്ടുമില്ല. എങ്ങനെയാണ് പോവേണ്ടതെന്നും എനിക്ക് അറിയില്ല,’ ഷാന്‍ പറഞ്ഞു.

‘പിന്നെ ജോഷി സാറിനെ കണ്ടു. ട്വിസ്റ്റും ടേണ്‍സും കേട്ട് ആസ്വദിച്ച് കഥ കേള്‍ക്കുന്നതിനിടയില്‍ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ നിര്‍ത്തിക്കോ, ഞാന്‍ വായിക്കട്ടെ എന്ന് പറഞ്ഞു. പുസ്തകമെടുത്തിട്ട് അല്ലെങ്കില്‍ വേണ്ട നീ പറ എന്ന് വീണ്ടും പറഞ്ഞു. ബാക്കി മുഴുവന്‍ വായിച്ചു. അതുവരെ ഇത് ആരാണ് ചെയ്യുന്നതെന്ന് പറയുന്നില്ല. ജോഷി സാര്‍ ഒന്ന് ആലോചിക്കട്ടെ എന്ന് ഞാനും വിചാരിച്ചു.

പിറ്റെ ദിവസം വന്ന് ജോഷി സാര്‍ ആദ്യം ചോദിക്കുന്ന ചോദ്യം, ആരാണ് നായകനായി നിന്റെ മനസിലെന്നാണ്. പക്ഷേ ഞാന്‍ പറഞ്ഞില്ല. സാര്‍ ഐക്കോണിക്കായിട്ടുള്ള ഒരാള്‍ എന്ന് പറഞ്ഞു. സുരേഷ് ചെയ്യട്ടെയെന്നായിരുന്നു ജോഷി സാര്‍ പറഞ്ഞത്,’ ഷാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: RJ Shan says that Suresh Gopi was not the hero at the time of writing the story of paappan

We use cookies to give you the best possible experience. Learn more