| Tuesday, 27th September 2022, 12:10 pm

മമ്മൂക്കയുടെ ഇന്റര്‍വ്യൂ എടുക്കാന്‍ ആഗ്രഹമുണ്ട്, സ്റ്റുഡിയോയില്‍ വന്നാലേ എടുക്കുകയുള്ളൂവെന്ന് പറഞ്ഞു, മറുപടി ഇതായിരുന്നു: ആര്‍.ജെ. ഷാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച് സിനിമാ മേഖലയിലേക്ക് എത്തിയ താരമാണ് ആര്‍.ജെ. ഷാന്‍. റേഡിയോ ജോക്കി ആയിരുന്ന സമയത്ത് മമ്മൂട്ടിയോട് ഒരു ഇന്റര്‍വ്യൂ ചോദിച്ച അനുഭവം പങ്കുവെക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഷാന്‍.

‘മമ്മൂക്കയുമായി ഒരുദിവസം സംസാരിച്ചപ്പോള്‍ മമ്മൂക്കയുടെ ഇന്റര്‍വ്യൂ ഒരുദിവസം എനിക്ക് എടുക്കണമെന്ന് പറഞ്ഞു. ദുല്‍ഖറിന്റെ ഇന്റര്‍വ്യൂ കഴിഞ്ഞ ഏതോ സമയമാണ്. ഫോണിലാണ് മമ്മൂക്കയോട് സംസാരിക്കുന്നത്. അതിന് മുമ്പ് കണ്ടിട്ടൊക്കെയുണ്ട്. ക്ലബ്ബ് എഫ്.എമ്മിന്റെ സ്റ്റുഡിയോയിലൊക്കെ വന്നിട്ടുണ്ട്. പക്ഷേ ഒരു ഇന്റര്‍വ്യൂ സെഷന്‍ കിട്ടിയിട്ടില്ല.

ഞാന്‍ പറഞ്ഞു, എനിക്ക് ഇന്റര്‍വ്യൂ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന്. എന്നാ നീ വന്ന് എടുത്തോ എന്ന് പറഞ്ഞു. സ്റ്റുഡിയോയില്‍ വരണം, സ്റ്റുഡിയോയില്‍ വെച്ചേ ഇന്റര്‍വ്യൂ എടുക്കൂ എന്ന് പറഞ്ഞു. ആ.. ഞാന്‍ സ്റ്റുഡിയോയിലൊന്നും വരില്ല എന്ന് മമ്മൂക്ക പറഞ്ഞു.

എന്റെ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് ഷോര്‍ട്ട് ഫിലിം കണ്ടിട്ട് മമ്മൂക്ക മെസേജ് അയച്ചിരുന്നു. കണ്ടു, നന്നായിട്ടുണ്ട്, ഗുഡ് എന്നാണ് മമ്മൂക്ക പറഞ്ഞത്. ദുല്‍ഖറാണ് മമ്മൂക്കക്ക് ഫ്രീഡം അറ്റ് മിഡ്നൈറ്റ് കാണിച്ചുകൊടുത്തത്. ദുല്‍ഖറാണ് ആദ്യം കണ്ടത്. ദുല്‍ഖറിന് ഭയങ്കര ഇഷ്ടമായി. മലയാള സിനിമയിലെ ഒരുപാട് ഫിലിം മേക്കേഴ്സും ഒരുപാട് പ്രൊഡ്യൂസേഴ്സും ആക്ടേഴ്സും എന്നെ ഐഡന്റിഫൈ ചെയ്യാന്‍ ഫ്രീഡം അറ്റ് മിഡ്നൈറ്റ് കാരണമായി,’ ഷാന്‍ പറഞ്ഞു.

പാപ്പന്റെ തിരക്കഥ എഴുതാനുണ്ടായ സാഹചര്യങ്ങളും ഷാന്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘കഥാപാത്രം എന്നെ പിന്തുടര്‍ന്നതുകൊണ്ടാണ് ക്രൈം ത്രില്ലര്‍ എഴുതിയത്. ക്രൈം ത്രില്ലര്‍ എഴുതണമെങ്കില്‍ നല്ല ക്ഷമ വേണം. മൂന്ന് പേര്‍ ചിന്തിക്കുന്നുവെന്ന് മനസിലാക്കണം. ഒന്ന് ഞാനെങ്ങനെ ചിന്തിക്കുന്നു, രണ്ട് ഇത് കാണുന്നവന്‍ എങ്ങനെ ചിന്തിക്കുന്നു. മൂന്ന് ആ കഥാപാത്രം എന്ത് ചിന്തിക്കുന്നു.

അതായത് ഒരാള്‍ ഒരാളെ കൊല്ലുന്നു. കാണുന്നവന്‍ ഇനി എന്ത് നടക്കുമെന്ന് ചിന്തിക്കും. ഞാന്‍ ഇനി എന്ത് നടക്കുമെന്ന് ചിന്തിക്കും. കൊന്നയാള്‍ എന്ത് നടക്കുമെന്ന് ചിന്തിക്കും. ഇത് മൂന്നും സംഭവിക്കരുത്. നാലാമത്തേത് ആയിരിക്കണം നമ്മള്‍ എഴുതേണ്ടത്,’ ഷാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: rj Shaan shared the experience of asking Mammootty for an interview when he was a radio jockey

Latest Stories

We use cookies to give you the best possible experience. Learn more