| Thursday, 14th June 2018, 4:00 pm

ഉടായിപ്പു കാണിച്ചതും പോരാ, മനുഷ്യനെ വട്ടാക്കുന്നോ.?! ; മോഹന്‍ലാലുമായുള്ള സാങ്കല്‍പിക അഭിമുഖം പങ്കുവെച്ച് ആര്‍.ജെ സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓസ്‌ട്രേലിയയില്‍ അവതരിപ്പിച്ച മോഹന്‍ലാല്‍ ഷോയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പരിപാടി വന്‍ വിജയമാണെന്ന് ലാല്‍ ആരാധകര്‍ വീമ്പുപറയുമ്പോഴും ടിക്കറ്റെടുത്ത് പരിപാടി കാണുന്ന ആളുകളെ എന്തിനാണ് ഇങ്ങനെ കബളിക്കുന്നതെന്നായിരുന്നു പലരും ഉന്നയിച്ച ചോദ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്‍ മോഹന്‍ലാലുമായുള്ള സാങ്കല്പിക അഭിമുഖം നടത്തിയിരിക്കുകയാണ് ആര്‍.ജെ സലീം

ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ തത്വചിന്താപരമായ മറുപടികള്‍ നല്‍കുന്ന മോഹന്‍ലാലിനെയാണ് അഭിമുഖത്തിലുട നീളം വരച്ചുകാട്ടുന്നത്.

അഭിമുഖം വായിക്കാം…

ലാലേട്ടാ, ഓസ്ട്രേലിയയില്‍ വീണ്ടും ലാലിസം അവതരിപ്പിച്ചെന്നു കേട്ടല്ലോ. പാട്ടു തുടങ്ങിയിട്ടും മൈക് പോലും ശരിക്കു പിടിക്കാതെ താങ്കള്‍ സ്റ്റേജില്‍ നില്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയ സ്ഥിതിക്ക് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്.?
.
മോ ലാ – : നോക്കൂ, ഇതൊരു മെയ്ക് ബിലീഫാണ്. അല്ലേ..? നമ്മളില്‍ക്കൂടി നമ്മളറിയാതെ തന്നെയൊരു ശക്തി പ്രവര്‍ത്തിക്കുന്നുണ്ട് അല്ലെ..? പിന്നെ പാട്ട് എന്ന് പറയുന്നത് ശബ്ദമാണ്, ശബ്ദം ഒരു വിസ്മയമാണ്. ജീവിതം മുഴുവന്‍ വിസ്മയങ്ങളാണ്. അല്ലേ..? പിന്നെ ഓസ്ട്രേലിയ നല്ല സുന്ദരമായ സ്ഥലമാണ്. ഇവിടത്തെ കങ്കാരുക്കളോടു എനിക്ക് പ്രണയമാണ്. കങ്കാരുക്കളോടു മാത്രമല്ല, കങ്കാരുക്കള്‍ക്ക് കൊമ്പുണ്ടെങ്കില്‍ അതിനോടും എനിക്ക് പ്രണയമാണ്, അങ്ങനെ എനിക്ക് ജീവിതത്തിനോട് തന്നെ പ്രണയമാണ്.
.

അല്ല ലാലേട്ടാ, താങ്കള്‍ നേരിട്ട് പാടുകയാണ് എന്ന രീതിക്ക് പരിപാടി അവതരിപ്പിച്ചിട്ട്, പാട്ട് വന്നിട്ടും താങ്കളത് അറിഞ്ഞു പോലുമില്ലാതെ നില്‍പ്പാണ്. പെട്ടെന്ന് താങ്കള്‍ ആ മൈക്ക് ശരിക്കു പിടിക്കുകയാണ്. അതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ് ചോദ്യം.
.
മോ ലാ – :ശരിയും തെറ്റുമൊക്കെ നമ്മുടെ ചില തോന്നലുകള്‍ മാത്രമാണ്. അല്ലേ..? അങ്ങനെയല്ലേ….? ഇപ്പൊ നമുക്കറിയാത്ത എത്രയോ കാര്യങ്ങളുണ്ട്. ഇപ്പൊ നമുക്കറിയാത്ത കാര്യങ്ങളാണ് നമ്മള്‍ ചോദിക്കുന്നത്, പക്ഷെ അറിയുന്ന കാര്യങ്ങളാണ് നമ്മളെക്കൊണ്ട് ചോദ്യം ചോദിപ്പിക്കുന്നത്. അറിയുന്ന കാര്യങ്ങളില്‍ തന്നെ അറിയാത്ത കാര്യങ്ങളും ഇല്ലേ..? അപ്പൊ ഇതൊക്കെ നമ്മുടെയൊരു തോന്നലാണ്.. എനിക്ക് ജീവിതത്തോട് പ്രണയമാണ്, മൈക്കിനോട് പ്രണയമാണ്, പാട്ടിനോടും പ്രണയമാണ്.
.

എന്റെ പൊന്നു ലാലേട്ടാ, ഓക്കേ ഓക്കേ… സമ്മതിച്ചു.. (ക്ഷമ പൊളിഞ്ഞു തുടങ്ങി..) പക്ഷെ കാശ് കൊടുത്തു നിങ്ങളുടെ പരിപാടി കാണാന്‍ വന്നിരിക്കുന്ന ആളുകളെ പറ്റിക്കുന്ന പരിപാടിയല്ല ഇതൊക്കെ ? നേരിട്ട് പാടിയാല്‍ എന്തായിരുന്നു കുഴപ്പം ? അല്ല, താങ്കള്‍ പാടേണ്ട തന്നെ എന്ത് അടിയന്തിര സാഹചര്യമാണ് അവിടെ ഉണ്ടായിരുന്നത്. ?
.


മന്ത്രിസഭയില്‍ “ഫുട്‌ബോള്‍” ഭിന്നത; മണിയാശാനും കടകംപള്ളിയും നേര്‍ക്കുനേര്‍; നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി


മോ ലാ – : ഈ പറ്റിക്കല്‍ എന്ന് പറയുന്നത് ചീറ്റിങ്ങ് ആണ് അല്ലേ.. ചീറ്റിങ്ങ് എന്ന് പറയുന്നത് ട്രസ്റ്റിന്റെ ലംഘനമാണ് അല്ലേ.. ട്രസ്റ്റ് എന്ന് പറയുന്നത് അപ്പനും സുഭദ്രയും ഞാനുമാണല്ലോ. അപ്പൊ അതാണ് ഞാന്‍ പറയുന്നത്, നമുക്ക് ലംഘിക്കാന്‍ സാധിക്കാത്തതായി ഈ ലോകത്തില്‍ എന്താണുള്ളത്. ? പക്ഷെ നമ്മള്‍ എത്രയോ നിസ്സാരനായ മനുഷ്യരാണ്. അല്ലേ..? അപ്പൊ നമ്മള്‍ സ്‌നേഹിക്കുക. പാസ്റ്റ് ഒരു മിഥ്യയാണ്. അല്ലെങ്കിലും നമുക്ക് കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ചു എന്തിനാണ് സംസാരിക്കുന്നത്. നമുക്ക് വരാനിരിക്കുന്ന നല്ല കാര്യങ്ങളെക്കുറിച്ചു സംസാരിക്കാം..അല്ലേ..? എപ്പോഴും അങ്ങനെയാണല്ലോ…. ഇതൊരു വിസ്മയമാണല്ലോ… അല്ലേ..?
.

എടൊ തന്നോടല്ലേടോ മലയാളത്തില്‍ ചോദിച്ചത് കാണിച്ചത് മുട്ടന്‍ ഉഡായിപ്പല്ലേന്ന്.. ഉടായിപ്പു കാണിച്ചതും പോരാ, മനുഷ്യനെ വട്ടാക്കുന്നോ.?! ആരെങ്കിലും പറഞ്ഞോ നിങ്ങളോടു പാട്ടു പാടാന്‍. അറിയാന്‍ മേലാത്ത പണിക്കും പോകും, അതിന്റെ കൂടെ ഉടായിപ്പും. അന്ന് ലാലിസത്തിന് കേട്ട തെറിയും തിരികെ കൊടുത്ത കാശുമൊക്കെ ഇത്ര വേഗം മറന്നോ ?
.
മോ ലാ – :മറവി ഒരു മെന്റല്‍ കണ്ടീഷനനാണ് അല്ലേ.. എപ്പോഴും അങ്ങനാണല്ലോ, നമുക്ക് ഓര്‍ക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണല്ലോ മറന്നു പോകുന്നത്. അല്ലെങ്കിലും ഞാന്‍ വിഷമങ്ങള്‍ ഒരിക്കലും ക്യാരി ചെയ്ത നടക്കാറില്ല. കാരണം കാറുള്ളതുകൊണ്ടു എനിക്ക് അങ്ങനെ നടക്കാന്‍ സമയം കിട്ടാറില്ല. പിന്നെ ഞാനെങ്ങനെ ക്യാരി ചെയ്യും. പിന്നെ ഇതൊക്കെ ഒരു മെയ്ക് ബിലീഫാണ്. ഇല്ലേ..? ആക്ഷനും കട്ടിനും ഇടയിലുള്ള ഒരു ലോകമല്ലേ ആക്റ്ററുടേത്. പിന്നെ എല്ലാമൊരു പ്രണയമാണ്. അല്ലേ..? അല്ലേ..?
.
കോപ്പാണ്… എഴീച് പോ ഉവ്വാ….””$%ക്ഷ&

Latest Stories

We use cookies to give you the best possible experience. Learn more