| Saturday, 11th March 2023, 5:35 pm

ആദ്യത്തെ ചോദ്യത്തിന് തന്നെ ചീത്ത വിളിച്ചു, ഞാന്‍ പൊട്ടിപ്പൊട്ടി കരഞ്ഞു, ഇനി മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്യില്ലെന്ന് പറഞ്ഞു: ആര്‍.ജെ. രേണു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യമായി മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്ത അനുഭവം പറയുകയാണ് ആര്‍.ജെ. രേണു. ആദ്യത്തെ തവണത്തെ ഇന്റര്‍വ്യൂവിന് മൂന്നാമത്തെ ചോദ്യത്തിന് തന്നെ ഇറങ്ങിപ്പോയെന്നും രണ്ടാമത്തെ ഇന്റര്‍വ്യൂവിന് വഴക്ക് പറഞ്ഞെന്നും രേണു പറഞ്ഞു. താനും മമ്മൂട്ടിയും തമ്മില്‍ വ്യക്തിപരമായി നല്ല അടുപ്പമാണെന്നും എന്നാല്‍ മൂന്നാമതും ഇന്റര്‍വ്യൂവിന് വിളിച്ചപ്പോള്‍ പോവില്ലെന്ന് പറഞ്ഞെന്നും ബിഹൈന്‍ഡ്‌വുഡ്‌സ് ഇങ്കിന് നല്‍കിയ അഭിമുഖത്തില്‍ രേണു പറഞ്ഞു.

‘ഞാന്‍ ക്ലബ്ബ് എഫ്.എമ്മില്‍ ജോലി ചെയ്യുന്ന സമയത്താണ് മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്യുന്നത്. മമ്മൂക്കയെ പോലെ ഒരാളെ ഇന്റര്‍വ്യൂ ചെയ്യാനിരിക്കുമ്പോള്‍ അദ്ദേഹത്തെ പറ്റി വ്യക്തമായി ഒരു അറിവ് വേണം. അദ്ദേഹത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ക്ലാരിറ്റി വേണം. വളരെ റീസന്റായിട്ടാണ് അദ്ദേഹം ലൈറ്റായി സംസാരിച്ച് തുടങ്ങിയത്. ഇത് കുറച്ച് കൊല്ലങ്ങള്‍ക്ക് മുന്നേയുള്ള കഥയാണ്. മമ്മൂക്ക വന്നിരുന്നു, മൂന്നാമത്തെ ചോദ്യത്തിന് എഴുന്നേറ്റ് നില്‍ക്കുന്നു, ഇത്തരം ചോദ്യങ്ങള്‍ എന്നോട് ചോദിക്കാന്‍ പാടില്ലാന്ന് പറയുന്നു, സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങി പോകുന്നു. ഞാനവിടെ ഇരുന്ന് കരഞ്ഞു.

വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂക്കയുടെ ഇന്റര്‍വ്യൂ എനിക്ക് കിട്ടുന്നത് കസബ റിലീസ് ചെയ്തതിന്റെ അന്ന് രാവിലെയാണ്. എട്ട് മണിക്ക് മമ്മൂക്കയുടെ വീട്ടിലെത്തണമെന്ന് ഏഴ് മണിക്ക് എന്നെ വിളിച്ച് പറയുന്നു. എന്റെ വീടും മമ്മൂക്കയും വീടും തമ്മില്‍ കുറച്ച് ദൂരമുണ്ട്. മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ കസബ ഞാന്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞു. കസബ ഫസ്റ്റ് ഷോ മൂന്ന് മണിക്ക് നടത്തിയത്രേ. സിനിമ കാണാത്ത ഞാന്‍ എങ്ങനെ ഇന്റര്‍വ്യൂ ചെയ്യും. മമ്മൂക്കയാണെങ്കില്‍ ഈ സിനിമയെ കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളത്രേ. സിനിമ റിലേറ്റഡായി ചോദിക്കണം. എനിക്ക് ഒന്നുമറിയില്ല.

പക്ഷേ ഒന്നും പറ്റില്ല, മമ്മൂക്ക ഇപ്പോഴാണ് സമയം തന്നിരിക്കുന്നത്. എട്ട് മണി മുതല്‍ ഒമ്പത് മണി വരെ ഇന്റര്‍വ്യൂ ചെയ്തിരിക്കണം. പുതുമുഖ സംവിധായകരെ വെച്ച് ഇപ്പോള്‍ മമ്മൂക്ക ഒരുപാട് സിനിമ ചെയ്യുന്നുണ്ടല്ലോ എന്നാണ് എന്റെ ആദ്യചോദ്യം. ഇത് പലരും എന്നോട് ചോദിച്ച ചോദ്യമാണെന്ന് പറഞ്ഞ് നാല് ചീത്തയും കൂടി എന്നോട് പറഞ്ഞു.

എന്റെ കൂടെ ക്ലബ്ബ് എഫ്.എമ്മില്‍ നിന്നും വന്ന വേറൊരു ആര്‍.ജെ ഉണ്ട്. വേറെ കുറെ ആളുകള്‍ ചുറ്റുമുണ്ട്. ഏഴെട്ട് പേര് മമ്മൂക്കയെ കാണാനും വന്നിട്ടുണ്ട്. ഇത്രയും ആളുകള്‍ കാണുന്നത് എനിക്ക് അപമാനമായി. എന്റെ ആദ്യത്തെ ചോദ്യത്തിന് തന്നെ പുള്ളി എന്നോട് ചൂടായി. സിനിമ കണ്ടോ എന്ന് എന്നോട് ചോദിച്ചു, ഇല്ലെന്ന് ഞാന്‍ പറഞ്ഞു. വെളുപ്പിനെ മൂന്ന് മണിക്കുള്ള ഷോ ഞാന്‍ കാണണമെന്നാണ് മമ്മൂക്ക ഉദ്ദേശിക്കുന്നത്. ഫാന്‍സ് ഷോ നടത്തിയത് ഞാന്‍ അറിഞ്ഞിട്ടില്ല.

ഞാനും മമ്മൂക്കയും തമ്മില്‍ ഭയങ്കര സ്‌നേഹമാണ്. മമ്മൂക്കക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്. പേഴ്‌സണലി ഭയങ്കര അടുപ്പമാണ്. പക്ഷേ ഈ ഒരു ചൂടാവലങ്ങ് നടന്നുകഴിഞ്ഞ് ഞാന്‍ പൊട്ടിപ്പൊട്ടി കരയുകയാണ്. അപ്പോള്‍ മമ്മൂക്ക എന്റെ കയ്യെടുത്തിട്ട് സാരമില്ല. പിന്നെ മൂന്നാമത്തെ തവണ മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്യണില്ലെന്ന് പറഞ്ഞു. അത് ഇങ്ങനെ തന്നെ ആയിരിക്കുമല്ലോ,’ രേണു പറഞ്ഞു.

Content Highlight: rj renu shares her experience of interviewing mammootty

Latest Stories

We use cookies to give you the best possible experience. Learn more