|

അപ്പന്റെ പേരില്‍ മകന്‍ അല്ല മകന്റെ പേരില്‍ അപ്പനറിയപ്പെടണമെന്ന് മമ്മൂക്ക പറഞ്ഞു, എന്റെ മറുപടി കേട്ട് അദ്ദേഹം ഉറക്കെ ചിരിച്ചു: മാത്തുക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ജെയായും അവതാരകനായും സംവിധായകനായും മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനാണ് അരുണ്‍ മാത്യു. അരുണ്‍ മാത്യു എന്ന പേര് മലയാളികള്‍ക്കിടയില്‍ സുപരിചിതമല്ലെങ്കിലും മാത്തുക്കുട്ടിയെന്ന് പറഞ്ഞാല്‍ അറിയാത്തവരായിട്ട് ആരുമുണ്ടാകില്ല.

മമ്മൂട്ടി ഒരിക്കല്‍ തന്റെ പേരിനെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും അപ്പന്റെ പേരാണ് മാത്തുക്കുട്ടി എന്ന് പറഞ്ഞപ്പോള്‍ അപ്പന്റെ പേരില്‍ അല്ല മക്കള്‍ അറിയപ്പെടേണ്ടതെന്ന് മമ്മൂട്ടി പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

മകന്റെ പേരില്‍ അറിയപ്പെടണമെന്നത് അപ്പന്റെ ആഗ്രഹമായിരുന്നുവെന്ന് താന്‍ തിരിച്ച് മറുപടി കൊടുത്തുന്നെന്നും അത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും മാത്തുക്കുട്ടി പറഞ്ഞു.

മമ്മൂട്ടി അത് കേട്ട് ചിരിച്ച വീഡിയോ പ്രൊമോ ആക്കിയിട്ട് തന്റെ ഇന്റര്‍വ്യൂവിന് നല്ല റെസ്‌പോണ്‍സ് കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മാത്തുക്കുട്ടി ഇക്കര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്ത സമയത്താണ് അദ്യമായി എന്റെ പേര് പൊളിയാണെന്ന് തോന്നിയിട്ടുള്ളത്. അദ്ദേഹം ഈ പേരിനെക്കുറിച്ച് എന്നോട് ഇങ്ങോട്ട് ചോദിച്ചു. നിന്റെ പേര് മാത്തുക്കുട്ടി എന്നാണോയെന്ന് ഇന്റര്‍വ്യൂ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പേ അദ്ദേഹം ചോദിച്ചു.

മമ്മൂക്ക അന്ന് ഭയങ്കര ദേഷ്യത്തിലാണ് അത് ചോദിച്ചത്. അദ്ദേഹം വേറെ ഒരു കലിപ്പ് കഴിഞ്ഞിട്ട് നില്‍ക്കുമ്പോഴാണ് ഞാന്‍ മൈക്കും കൊണ്ട് ചെല്ലുന്നത്. ഉടനെ എന്നോട് പേരിനെക്കുറിച്ച് ചോദിക്കുകയായിരുന്നു.

നിന്റെ പേര് മാത്തുകുട്ടിയെന്നാണോ ചോദിച്ചപ്പോള്‍ അല്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നെ ആരുടെ പേരാണെന്ന് ചോദിച്ചപ്പോള്‍ അപ്പന്റെ പേരാണെന്ന് ഉടനെ ഞാന്‍ പറഞ്ഞു. അപ്പന്റെ പേരില്‍ മകന്‍ അല്ല അറിയപ്പെടേണ്ടത് മകന്റെ പേരില്‍ അപ്പനറിയപ്പെടണമെന്ന് മമ്മൂക്ക പറഞ്ഞു. മോന്റെ പേരില്‍ അറിയപ്പെടണമെന്ന് എന്റെ അപ്പന് ഒരാഗ്രഹമുണ്ടായിരുന്നുവെന്ന് അപ്പോള്‍ ഞാന്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ മമ്മൂക്ക വല്ലാതെ ചിരിച്ചു.

അദ്ദേഹത്തിന്റെ ആ ചോദ്യവും എന്റെ മറുപടിയും ലാസ്റ്റുള്ള അദ്ദേഹത്തിന്റെ ചിരിയും എല്ലാം ആയപ്പോള്‍ സംഭവം കളറായി. അതായിരുന്നു അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തതിന്റെ പ്രൊമോ ആയി ഇട്ടത്. അതിന് മികച്ച റെസ്‌പോണ്‍സ് കിട്ടി. എന്റെ ഫേവറിറ്റ് ലിസ്റ്റിലെ വീഡിയോയും അത് തന്നെയാണ്,”മാത്തുക്കുട്ടി പറഞ്ഞു.

content highlight: rj mathukutty about mammootty