| Thursday, 5th December 2024, 8:54 am

ആ നടന്‍ എല്ലാവരെയും കളിയാക്കും; വിഷമമാകുമോ ഇല്ലയോ എന്നൊന്നും നോക്കില്ല: ആര്‍.ജെ. ബാലാജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ചയാളാണ് ആര്‍.ജെ. ബാലാജി. നാനും റൗഡി താന്‍, താനാ സേര്‍ന്ത കൂട്ടം തുടങ്ങിയ ചിത്രങ്ങളില്‍ കോമഡി വേഷത്തിലൂടെ ശ്രദ്ധേയനായ ബാലാജി എല്‍.കെ.ജി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ സംവിധായകന്‍ ബാലാജിയാണ്.

സത്യരാജിനെ കുറിച്ച് സംസാരിക്കുകയാണ് ആര്‍.ജെ. ബാലാജി. സത്യരാജ് എല്ലാവരെയും കളിയാക്കുമെന്നും അതില്‍ ഇഷ്ടമുള്ളവരും ഇഷ്ടം ഇല്ലാത്തവരും ഉള്‍പ്പെടുമെന്നും അവര്‍ക്ക് വിഷമമാകുമോ എന്നൊന്നും നോക്കില്ലെന്നും ആര്‍.ജെ. ബാലാജി പറയുന്നു. വീട്ടിലെ വിശേഷം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ സംവിധാനം ചെയ്യുന്നതുകൊണ്ട് സത്യരാജുമായി അധികം സംഭാഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു.

അതിന് ശേഷം സിംഗപ്പൂര്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ രണ്ടുപേരും അഭിനേതാക്കള്‍ ആയതുകൊണ്ടുതന്നെ കൂടുതല്‍ സംസാരിച്ചെന്നും ആ സത്യരാജിനെ തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുപാട് കഥകള്‍ പറയാനുള്ള ആളാണ് സത്യരാജെന്നും കുറെ പേര്‍ക്ക് അദ്ദേഹം സഹായങ്ങള്‍ ചെയ്യാറുണ്ടെന്നും ബാലാജി പറഞ്ഞു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍.ജെ. ബാലാജി.

‘സത്യരാജ് സാര്‍ എല്ലാവരെയും കളിയാക്കും. നമ്മളെല്ലാം ഇഷ്ടമില്ലാത്തവരെ കളിയാക്കും ഇഷ്ടമുള്ളവരെ കളിയാകില്ല എന്നൊക്കെ ആണല്ലോ. എന്നാല്‍ സത്യരാജ് സാര്‍ എല്ലാവരെയും കളിയാക്കും. അവിടെ ഇഷ്ടമുള്ളവരെന്നോ ഇഷ്ടമില്ലാത്തവരെന്നോ അവര്‍ക്ക് വിഷമമാകുമോ എന്നൊന്നും നോക്കാറില്ല. അദ്ദേഹത്തോട് വളരെ അടുത്തുള്ള ആളുകളെയൊക്കെ കളിയാക്കുന്നത് കേള്‍ക്കാം, എന്താ സാര്‍ എങ്ങനെയെന്ന് ചോദിച്ചാല്‍, അങ്ങനെയല്ലേ വേണ്ടതെന്ന് മറുപടി നല്‍കും.

വീട്ടിലെ വിശേഷം എന്ന സിനിമ ചെയ്യുമ്പോള്‍ എനിക്കും അദ്ദേഹത്തിനും അച്ഛന്‍-മകന്‍ വേഷമായിരുന്നു. നമ്മുടെ സിനിമയില്‍ അദ്ദേഹം അഭിനയിക്കുന്നു, ഞാനാണ് സംവിധാനം ചെയ്യുന്നത് എന്നതൊക്കെ കൊണ്ടുതന്നെ വളരെ ബഹുമാനത്തോടെയാണ് അദ്ദേഹത്തിന്റെയടുത്ത് ഞാന്‍ ഇരുന്നത്. വളരെ കുറഞ്ഞ സംസാരമേ ഞങ്ങളുടെ ഇടയില്‍ നടന്നിട്ടുള്ളൂ.

എന്നാല്‍ സിംഗപ്പൂര്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഞാനും അദ്ദേഹവും അഭിനേതാക്കള്‍ എന്ന നിലയിലാണ് ആ ചിത്രം ചെയ്യുന്നത്. അപ്പോള്‍ കുറച്ചുകൂടെ സ്വാതന്ത്ര്യത്തില്‍ ഓരോ സിനിമയുടെയും വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ആ സത്യരാജിനെ എനിക്ക് ഭയങ്കരമായി ഇഷ്ടമായി. അദ്ദേഹത്തിന്റെ കയ്യില്‍ ഇഷ്ടം പോലെ കഥകളുണ്ട്. ഒരുപാട് ആളുകള്‍ക്ക് അദ്ദേഹം സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും പുറത്ത് ആര്‍ക്കും അറിയില്ല,’ ആര്‍.ജെ. ബാലാജി പറയുന്നു.

Content Highlight: RJ Balaji Talks About Sathyaraj

We use cookies to give you the best possible experience. Learn more