മണിരത്നം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കാട്രു വെളിയിടൈ. കാര്‍ത്തി നായകനായെത്തിയ ചിത്രത്തില്‍ അദിതി റാവു ഹൈദരി ആണ് നായികയായെത്തിയത്. ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത് എ.ആര്‍. റഹ്‌മാനാണ്. ഡോക്ടര്‍ ഇല്ലിയാസ് ഹുസൈന്‍ എന്ന കഥാപാത്രത്തെയാണ് ആര്‍.ജെ. ബാലാജി ചിത്രത്തില്‍ അവതരിപ്പിച്ചത്.
കാട്രു വെളിയിടൈ എന്ന ചിത്രത്തില്‍ താന്‍ ഒരിക്കലും അഭിനയിക്കാന്‍ പാടില്ലെന്ന് പറയുണ്ടാകാന്‍ ആര്‍.ജെ. ബാലാജി. സിനിമ എന്ന രീതിയില്‍ ആ ചിത്രം നല്ലതാണോ മോശമാണോ എന്നതിലേക്കൊന്നും താന്‍ കടക്കുന്നില്ലെന്നും എന്നാല്‍ ഒരു കഥാപാത്രം എന്ന നിലയില്‍ താന്‍ ആ ചിത്രത്തില്‍ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ സംബന്ധിച്ചിടത്തോളം പത്ത് ദിവസം മണിരത്‌നത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞെന്നും അതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്തതായി തോന്നുന്നില്ലെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍.ജെ. ബാലാജി.
‘ഞാന്‍ ഒരു ദിവസം സൈമ അവാര്‍ഡ്‌സില്‍ മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ എന്റെ ഫോണ്‍ അടിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു. ഞാന്‍ കട്ട് ആക്കും അവര്‍ പിന്നെയും വിളിക്കും. അവസാനം ഞാന്‍ കോള്‍ എടുത്ത് പറയാന്‍ പറഞ്ഞപ്പോള്‍ മണിരത്‌നത്തിന്റെ ഓഫീസില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ അമിതാഭ് ബച്ചനാണെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. പിന്നെയും പിന്നെയും കോള്‍ വന്നുകൊണ്ടേ ഇരിക്കുകയായിരുന്നു. സത്യത്തില്‍ അത് മണിരത്‌നത്തിന്റെ ഓഫീസില്‍ നിന്ന് തന്നെയായിരുന്നു.
കാട്രു വെളിയിടൈ എന്ന ചിത്രത്തിലേക്ക് വേണ്ടിയായിരുന്നു എന്നെ വിളിച്ചത്. ഞാന്‍ ആ ഫോണ്‍ കോള്‍ എടുക്കാതിരുന്നിരിക്കണമായിരുന്നു. ഇപ്പോള്‍ പോലും ഞാന്‍ ആ വേഷം എന്തിന് ചെയ്തു, എന്തുകൊണ്ട് ചെയ്തു എന്നെനിക്ക് അറിയില്ല. സിനിമ എന്ന രീതിയില്‍ അത് നല്ല സിനിമയാണ് മോശം സിനിമയാണ് എന്ന രീതിയിലേക്കൊന്നും ഞാന്‍ ഇപ്പോള്‍ പോകുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ പത്ത് ദിവസം മണി സാറിന്റെ കൂടെ ഉണ്ടായി. അത്ര മാത്രം.
ആ കോളിന് ശേഷം ഞാന്‍ മണി സാറിനെ ചെന്നൈയില്‍ പോയി കണ്ടിരുന്നു. ഒരു നാല്പത് മിനിറ്റോളം എനിക്ക് കഥയെല്ലാം പറഞ്ഞു തന്നു. സത്യത്തില്‍ ആ നിമിഷം എനിക്ക് വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു. പിന്നെ അവരുടെ കൂടെ വര്‍ക്ക് ചെയ്തു. ഒരു കഥാപാത്രം എന്ന നിലയില്‍ ഞാന്‍ ആ സിനിമയില്‍ എന്താണ് ചെയ്തതെന്ന് എനിക്ക് അറിയില്ല,’ ആര്‍.ജെ. ബാലാജി പറയുന്നു.
Content Highlight: RJ Balaji Talks About Kaatru Veliyidai Movie