16 വര്‍ഷത്തിന് ശേഷമാണ് ഇങ്ങനെയൊരു നരേഷന്‍ കേള്‍ക്കുന്നതെന്ന് സൂര്യ സാര്‍ പറഞ്ഞു: ആര്‍.ജെ. ബാലാജി
Entertainment
16 വര്‍ഷത്തിന് ശേഷമാണ് ഇങ്ങനെയൊരു നരേഷന്‍ കേള്‍ക്കുന്നതെന്ന് സൂര്യ സാര്‍ പറഞ്ഞു: ആര്‍.ജെ. ബാലാജി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th November 2024, 10:52 pm

റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ചയാളാണ് ബാലാജി. കരിയറിന്റെ തുടക്കത്തില്‍ നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ബാലാജി വളര പെട്ടെന്ന് ശ്രദ്ധേയനായി. നായകനായും സംവിധായകനായും തിളങ്ങിയ ബാലാജിയുടെ പുതിയ സംവിധാനസംരംഭത്തിന്റെ അനൗണ്‍സ്‌മെന്റ് സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു.

സൂര്യയെ നായകനാക്കി ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44ന് ശേഷം അടുത്ത ചിത്രം ആരുടെ കൂടെയാകുമെന്ന് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. പുഷ്‌കര്‍ ഗായത്രി, ലോകേഷ് കനകരാജ് എന്നീ പേരുകള്‍ പിന്തള്ളിയാണ് ബാലാജിയുടെ പേര് ഉയര്‍ന്നുവന്നത്.

ചിത്രത്തിന്റെ കഥ സൂര്യയോട് പറഞ്ഞപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ബാലാജി. അഞ്ച് വര്‍ഷം മുമ്പ് താനാ സേര്‍ന്ത കൂട്ടത്തിന്റെ സമയത്താണ് താന്‍ സൂര്യയോട് കഥയുടെ വണ്‍ലൈന്‍ പറഞ്ഞതെന്നും നമുക്ക് നോക്കാമെന്ന് സൂര്യ പറഞ്ഞെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു. സൂര്യ 44ന്റെ പാക്കപ്പിന് ശേഷം അദ്ദേഹത്തിന്റെ മാനേജര്‍ തന്നെ വിളിച്ച് കഥ പറയാന്‍ വരാന്‍ പറഞ്ഞെന്നും താന്‍ പോയി കഥ പറഞ്ഞെന്നും ബാലാജി പറഞ്ഞു.

കഥ കേട്ട ഉടനെ സൂര്യ അതിനോട് ഓക്കെ പറഞ്ഞെന്നും 16 വര്‍ഷത്തിന് ശേഷമാണ് ഇങ്ങനെ ആദ്യ നറേഷനില്‍ താന്‍ ഓക്കെ പറയുന്നതെന്ന് സൂര്യ പറഞ്ഞെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു. അധികം വൈകാതെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും ബാലാജി പറഞ്ഞു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു ആര്‍.ജെ. ബാലാജി.

‘താനാ സേര്‍ന്ത കൂട്ടത്തിന് ശേഷം മൂക്കുത്തി അമ്മനൊക്കെ ചെയ്യുന്ന സമയത്താണ് ഞാന്‍ സൂര്യ സാറിനോട് ഈ കഥ പറഞ്ഞത്. അന്ന് ഒരു വണ്‍ലൈന്‍ മാത്രമേ പറഞ്ഞിരുന്നുള്ളൂ. നമുക്ക് നോക്കാം എന്ന് മാത്രമാണ് സാര്‍ അന്ന് പറഞ്ഞത്. സൂര്യ 44ന്റെ ഷൂട്ട് പാക്കപ്പായതിന് ശേഷമാണെന്ന് തോന്നുന്നു, അദ്ദേഹത്തിന്റെ മാനേജര്‍ എന്നെ വിളിച്ചിട്ട് കഥ പറയാന്‍ വരാന്‍ പറ്റുമോ എന്ന് ചോദിച്ചു.

ഞാന്‍ പോയി കഥ പറഞ്ഞു. കേട്ട ഉടനെ അദ്ദേഹം കൈ തന്നു, പ്രൊജക്ട് ഓണാക്കാം എന്ന് പറഞ്ഞു. ’16 വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് ഫസ്റ്റ് നറേഷന്‍ കേട്ടപ്പോള്‍ തന്നെ ഞാന്‍ ഓക്കെ പറയുന്നത്’ എന്ന് സൂര്യ സാര്‍ പറഞ്ഞു. ആ പ്രൊജക്ട് എങ്ങനെയുള്ളതാകണമെന്ന് നാലാളെ അറിയിക്കാനാണ് കങ്കുവയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിച്ചത്. അധികം വൈകാതെ ഈ സിനിമയുടെ ഷൂട്ട് തുടങ്ങും,’ ആര്‍.ജെ. ബാലാജി പറയുന്നു.

Content Highlight: RJ Balaji shares the experience when he narrate the story to Suriya