| Sunday, 5th March 2023, 5:57 pm

ലോകാരോഗ്യ സംഘടനയുടെ പോസ്റ്ററില്‍ ഇടം പിടിച്ച് മലയാളിയായ റിസ്‌വാന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ലോകാരോഗ്യ സംഘടനയുടെ ലോക കേള്‍വി ദിനത്തിന്റെ പോസ്റ്ററില്‍ ഇടം പിടിച്ച് മലയാളിയായ എം.ബി.ബി.സ് വിദ്യാര്‍ത്ഥിനി റിസ്‌വാന. ലോക കേള്‍വി ദിനമായ മാര്‍ച്ച് മൂന്നിന് പുറത്തിറക്കിയ പോസ്റ്ററിലാണ് റിസ്‌വാനയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.

കേള്‍വി സംബന്ധമായ ആരോഗ്യ പ്രശ്‌നം നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് ശ്രവണ വൈകല്യമുള്ള കുട്ടികളെ ജന്മനായുള്ള വൈകല്യങ്ങളില്‍ നിന്ന് രക്ഷിക്കും. അതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമായാണ് റിസ്‌വാനയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.

ശ്രവണ വൈകല്യം തിരിച്ചറിഞ്ഞ മാതാപിതാക്കളായ അബ്ദുല്‍ റഷീദും സാബിതയും കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ചെയ്യുകയായിരുന്നു.

ഒരു വയസ് പ്രായമുള്ളപ്പോഴാണ് റിസ്‌വാനയുടെ കേള്‍വി ശേഷിക്ക് തകരാറുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. ആ സമയത്ത് കോക്ലിയാര്‍ ഇംപ്ലാന്റേഷനെക്കുറിച്ച് അറിവില്ലാതിരുന്ന മാതാപിക്കള്‍ സ്പീച്ച് തെറാപ്പിയിലൂടെ പരിഹാരം കാണാന്‍ ശ്രമിച്ചിരുന്നു.

പിന്നീട് ആറ് വയസുള്ളപ്പോഴാണ് റിസ്‌വാനക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തുന്നത്. അതിന് ശേഷം കേള്‍വി ശക്തി തിരിച്ചു കിട്ടിയെങ്കിലും അവള്‍ സംസാരിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആശങ്കകളുണ്ടായിരുന്നു.

‘ വിജയിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും എന്റെ രക്ഷിതാക്കള്‍ സ്പീച്ച് തെറാപ്പിക്കും മറ്റുമായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ചെയ്യാന്‍ വൈകിയിട്ടും അവരുടെ പ്രതീക്ഷ കൈവിടാത്തത് കൊണ്ടാണ് എനിക്ക് ചെവി കേള്‍ക്കാനും സംസാരിക്കാനും സാധിച്ചത്,’ റിസ്‌വാന പറഞ്ഞു.

കേള്‍വിക്കുറവുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് താനൊരു പ്രോത്സാഹനമാകുമെങ്കില്‍ അതിലെനിക്ക് സന്തോഷമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് റിസ്‌വാന.

ഇന്ത്യയില്‍ 63 ദശലക്ഷം ആളുകള്‍ ശ്രവണ വൈകല്യമുള്ളവരാണെന്നും നേരത്തേയുള്ള പരിശോധനയിലും ചികിത്സയിലും 60 ശതമാനം കുട്ടികളെയെങ്കിലും വൈകല്യത്തില്‍ നിന്ന് രക്ഷിക്കാമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

CONTENT HIGHLIGHT: Rizwana, a Malayali, has been featured in the poster of the World Health Organization

We use cookies to give you the best possible experience. Learn more