| Sunday, 31st March 2024, 2:57 pm

റിയാസ് മൗലവി വധക്കേസ്; വിചാരണ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: റിയാസ് മൗലവി വധക്കേസ് വിധിക്കെതിരെ അപ്പീല്‍ പോകാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിചാരണ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി എ.ജിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്ന വിചാരണ കോടതിയുടെ വിധിന്യായം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

നിലവാരമില്ലാത്ത അന്വേഷണമാണ് നടന്നതെന്ന് വിധിന്യായത്തില്‍ അടിവരയിട്ട് പറഞ്ഞിരുന്നു. പൊലീസിനും സര്‍ക്കാരിനുമെതിരെ ഇന്നലെ തന്നെ വലിയ പ്രതിഷേധം വിഷയത്തില്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മേല്‍ കോടതിയില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. വിധിന്യായം പരിശോധിച്ച ശേഷം അപ്പീല്‍ പോകുന്നതിന് വേണ്ടിയുള്ള തീരുമാനം എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ എ.ജിക്ക് നല്‍കിയ നിര്‍ദേശം.

റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ട് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻ കോടതി ജഡ്ജി കെ.കെ. ബാലക്യഷ്ണൻ ശനിയാഴ്ചയാണ് വിധി പുറപ്പെടുവിച്ചത്. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിൻ കുമാർ, അഖിലേഷ് എന്നീ ആർ.എസ്.എസ് പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഏഴ് വർഷത്തിന് ശേഷമാണ് കേസിൽ കോടതി വിധി പറഞ്ഞത്.

തെളിവെടുപ്പിലും തെളിവ് ശേഖരണത്തിലും അന്വേഷണ സംഘത്തിന് വലിയ വീഴ്ച പറ്റിയതായി വിധിന്യായത്തിൽ പറയുന്നു. കൊലയുടെ ഉദ്യേശം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വസ്ത്രത്തിൽ പുരണ്ട രക്തക്കറയുടെ ഡി.എൻ.എ പരിശോധന നടത്തിയില്ലെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. അന്വേഷണം പൂർണ പരാജയമായിരുന്നെന്നും കോടതി കുറ്റപ്പെടുത്തി.

കേസിന്റെ ഭാഗമായി പിടിച്ചെടുത്ത തൊണ്ടി മുതലുകളും പ്രതികളും തമ്മിലുള്ള ബന്ധം കോടതിയിൽ തെളിയിക്കാൻ പ്രോസികൃൂഷന് സാധിച്ചിരുന്നില്ല. സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത കത്തി ഉപയോഗിച്ചാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാനും പ്രോസിക്യൂഷൻ പരാജയപ്പെട്ടു.

ഇത്തരത്തിൽ കേസിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കിയ ഓരോ തെളിവുകളെ കുറിച്ചുമുള്ള സംശയങ്ങൾ കെ.കെ. ബാലകൃഷ്ണൻ തന്റെ വിധിന്യായത്തിൽ ഉന്നയിച്ചു. അതോടൊപ്പം തന്നെ പ്രതികളുടെ ആർ.എസ്.എസ് ബന്ധത്തെ കുറിച്ച് ഒരു പരിശോധനയും അന്വേഷണ സംഘം നടത്തിയില്ലെന്നും കൊലപാതകത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായി വിശദീകരിക്കാൻ സാധിച്ചില്ലെന്നും വിധിന്യായത്തിൽ പറഞ്ഞു.

അതിനാൽ കൊലപാതകവും അതിലെ പ്രതികളുടെ പങ്കും തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെ തുടർന്ന് സംശയത്തിന്റെ ആനുകൂല്യത്തിൽ പ്രതികളെ വെറുതെ വിടുന്നു എന്നാണ് വിധിന്യായത്തിൽ പറഞ്ഞത്.

Content Highlight: Riyaz Maulvi murder case; state government is about to approach the Supreme Court against the trial court verdict

We use cookies to give you the best possible experience. Learn more