റിയാസ് മൗലവി സ്വയം കത്തിയെടുത്ത് കുത്തി മരിച്ചതാണെന്ന് പറയാഞ്ഞത് ഭാഗ്യം; കോടതിവിധിക്കെതിരെ കെ.ടി. ജലീൽ
Kerala News
റിയാസ് മൗലവി സ്വയം കത്തിയെടുത്ത് കുത്തി മരിച്ചതാണെന്ന് പറയാഞ്ഞത് ഭാഗ്യം; കോടതിവിധിക്കെതിരെ കെ.ടി. ജലീൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st April 2024, 9:48 am

തിരുവനന്തപുരം: മദ്രസാധ്യാപകൻ റിയാസ് മൗലവിയെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിന്റെ കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.ടി ജലീൽ. ഇരട്ട നീതി നൽകാൻ സംഘി മനസുളവർക്കേ കഴിയുവെന്നും ഏമാൻ ലക്ഷണമൊത്ത സംഘിയാണെന്നും ജലീൽ കുറ്റപ്പെടുത്തി.

ബിൽക്കീസ്ബാനുവിന് നീതി കിട്ടിയ പോലെ റിയാസ് മൗലവിക്കും നീതി കിട്ടുമെന്നും പിണറായി സർക്കാർ അതിനായി ഏതറ്റം വരെ പോവുമെന്നും പറഞ്ഞ ജലീൽ ജൂഡീഷ്യറിയുടെ കാവിവൽക്കരണം പറയാൻ ലീഗിന് പേടിയാണെന്ന വിമർശനവും ഉന്നയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീൽ തന്റെ അഭിപ്രായം പങ്കുവെച്ചത്.
‘ഇരട്ടനീതി നൽകാൻ സംഘി മനസ്സുള്ളവർക്കേ കഴിയൂ. “ഏമാൻ” ലക്ഷണമൊത്ത സംഘി. റിയാസ് മൗലവി സ്വയം കത്തിയെടുത്ത് കുത്തി മരിച്ചതാണെന്ന് പറയാതിരുന്നത് മഹാഭാഗ്യം! കാസർഗോഡിനെ സംഘികളുടെ പിടുത്തത്തിൽ നിന്ന് മോചിപ്പിക്കാൻ കാവി പുതച്ച “ഏമാൻമാർ” സമ്മതിക്കില്ല. ബിൽക്കീസ്ബാനുവിന് നീതി കിട്ടിയ പോലെ റിയാസ് മൗലവിക്കും നീതി കിട്ടും. പിണറായി സർക്കാർ അതിനായി ഏതറ്റംവരെയും പോകും,’ജലീൽ പറഞ്ഞു.

അതേസമയം റിയാസ് മൗലവി വധക്കേസ് വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകാനൊരുങ്ങിയിരിക്കുകയാണ്. വിചാരണ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി എ.ജിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്ന വിചാരണ കോടതിയുടെ വിധിന്യായം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നത്.

നിലവാരമില്ലാത്ത അന്വേഷണമാണ് നടന്നതെന്ന് വിധിന്യായത്തില്‍ അടിവരയിട്ട് പറഞ്ഞിരുന്നു. പൊലീസിനും സര്‍ക്കാരിനുമെതിരെ ഇന്നലെ തന്നെ വലിയ പ്രതിഷേധം വിഷയത്തില്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മേല്‍ കോടതിയില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്.

വിധിന്യായം പരിശോധിച്ച ശേഷം അപ്പീല്‍ പോകുന്നതിന് വേണ്ടിയുള്ള തീരുമാനം എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ എ.ജിക്ക് നല്‍കിയ നിര്‍ദേശം.

Content Highlight: Riyaz Maulvi case: K.T. Jaleel against the court verdict