| Monday, 3rd June 2024, 8:53 pm

ദുബായ് ജോസിന്റെ പടം വരുന്നുണ്ടോയെന്ന അവരുടെ ചോദ്യം; ഒടുവില്‍ ഞാനത് സമ്മതിച്ചു കൊടുത്തു: റിയാസ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയിലിന്റെ സംവിധാനത്തില്‍ 2004ലെത്തിയ ചിത്രമാണ് ജലോത്സവം. ഈ സിനിമയില്‍ ചീങ്കണ്ണി ജോസെന്ന് വിളിപേരുള്ള ദുബായ് ജോസിന്റെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് റിയാസ് ഖാനായിരുന്നു. സിനിമ ഇറങ്ങി 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ദുബായ് ജോസ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

ചിത്രത്തിലെ ജോസിന്റെ ‘അടിച്ചു കേറി വാ’ എന്ന ഡയലോഗും വലിയ രീതിയില്‍ വൈറലാകുന്നുണ്ട്. അതിന് പിന്നാലെ തനിക്ക് തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന കോളുകളെ പറ്റി പറയുകയാണ് റിയാസ് ഖാന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ എന്ന ചിത്രത്തിന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘കേരളത്തില്‍ ദുബായ് ജോസ് വലിയ ട്രെന്‍ഡിങ്ങായി പോയി കൊണ്ടിരിക്കുകയാണ്. ഇത് തമിഴ്‌നാട്ടിലേക്കും പോകുന്നുണ്ട്. അവര്‍ക്ക് ഈ സിനിമയെ കുറിച്ച് അറിയില്ല. അപ്പോള്‍ പലരും എന്നെ വിളിച്ചിട്ട് ‘സാര്‍ പുതിയ പടം ചെയ്യുന്നുണ്ടോ. എന്താണ് സാര്‍ അത് നന്നായി പോകുന്നുണ്ടല്ലോ. ഈ പടമാണോ ഇനി റിലീസിന് ഉള്ളത്’ എന്ന് ചോദിക്കുന്നുണ്ട്.

ഇതല്ല വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചിയാണ് പുതിയ സിനിമയെന്ന് ഞാന്‍ മറുപടിയും പറഞ്ഞു. ഉടനെ ‘അപ്പോള്‍ ഇത് വേറെ പടമാണോ’ എന്ന ചോദ്യവും വരും. ദുബായ് ജോസ് എന്ന പടം വരുന്നുണ്ടോയെന്നാണ് ചോദ്യം. കുറച്ചു തവണ ഞാന്‍ സത്യം പറഞ്ഞു. പിന്നെ ഞാന്‍ അതേ പുതിയ പടം വരികയാണെന്ന് സമ്മതിച്ചു കൊടുത്തു,’ റിയാസ് ഖാന്‍ പറഞ്ഞു.

കെ.ആര്‍. രാംദാസ് സംവിധാനം ചെയ്ത സിനിമയാണ് നരകാസുരന്‍. 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുധാകര്‍ വസന്ത്, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ഇന്ദ്രജ, രാജന്‍ പി. ദേവ്, ദേവന്‍, സലിം കുമാര്‍, ജഗദീഷ് എന്നിവര്‍ ഒന്നിച്ച ചിത്രത്തില്‍ റിയാസ് ഖാനും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

രാജന്‍ എന്ന പൊലീസ് ഓഫീസറായാണ് താരം നരകാസുരനില്‍ എത്തിയത്. ആ സിനിമയെ കുറിച്ചും താന്‍ ചെയ്ത പൊലീസ് കഥാപാത്രങ്ങളെ കുറിച്ചും റിയാസ് ഖാന്‍ അഭിമുഖത്തില്‍ സംസാരിച്ചു.

‘നരകാസുരന്‍ എന്ന സിനിമയില്‍ എന്ത് ടെന്‍ഷന്‍ വന്നാലും അപ്പോള്‍ കുളിക്കുന്ന കഥാപാത്രമാണ് എന്റേത്. അതിലും പൊലീസായാണ് അഭിനയിച്ചിരിക്കുന്നത്. മുന്നൂറ്റി അറുപതോ അതില്‍ അധികമോ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.

അഭിനയിച്ച സിനിമകളുടെ എണ്ണം ഞാന്‍ ഓര്‍ത്തു വെച്ചിട്ടില്ല. ഇതില്‍ 188 പടങ്ങളില്‍ ഞാന്‍ പൊലീസായാണ് അഭിനയിച്ചിരിക്കുന്നത്. വീട്ടില്‍ എല്ലാ ടൈപ്പ് യുണീഫോമുണ്ട്. കോണ്‍സ്റ്റബിള്‍, എസ്.ഐ, എസ്.പി അങ്ങനെയെല്ലാമുണ്ട്,’ റിയാസ് ഖാന്‍ പറയുന്നു.


Content Highlight: Riyaz Khan Talks About The Calls He Received From Tamil Nadu After Dubai Jose Went Viral

We use cookies to give you the best possible experience. Learn more