ബോളിവുഡില്‍ നിന്ന് പോലും വില്ലന്മാരെ നോക്കി; ഹൗസ് ഫുള്ളായ ആ സിനിമ കണ്ട് എന്നെ ബാലേട്ടനിലേക്ക് വിളിച്ചു: റിയാസ് ഖാന്‍
Entertainment
ബോളിവുഡില്‍ നിന്ന് പോലും വില്ലന്മാരെ നോക്കി; ഹൗസ് ഫുള്ളായ ആ സിനിമ കണ്ട് എന്നെ ബാലേട്ടനിലേക്ക് വിളിച്ചു: റിയാസ് ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th June 2024, 11:53 am

റിയാസ് ഖാന്റെ കഥാപാത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ബാലേട്ടന്‍ എന്ന സിനിമയിലെ ഭദ്രന്‍. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് താരമെത്തിയത്. ടി.എ. ഷാഹിദിന്റെ തിരക്കഥയില്‍ വി.എം. വിനു സംവിധാനം ചെയ്ത ബാലേട്ടന്‍ 2003ലായിരുന്നു പുറത്തിറങ്ങിയത്.

വിജയകാന്തിനെ നായകനാക്കി 2002ല്‍ എ.ആര്‍. മുരുകദാസ് രചനയും സംവിധാനവും നിര്‍വഹിച്ച തമിഴ് ചിത്രമാണ് രമണ. ചിത്രത്തില്‍ റിയാസ് ഖാനും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

താന്‍ രമണയില്‍ നിന്ന് ബാലേട്ടനില്‍ എത്തിയത് എങ്ങനെയെന്ന് പറയുകയാണ് റിയാസ് ഖാന്‍. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എ.ആര്‍. മുരുകദാസിന്റെ രണ്ടാമത്തെ സിനിമയായ രമണയില്‍ വിജയകാന്ത് സാര്‍ ആയിരുന്നു നായകനായി എത്തിയത്. ആ സിനിമയില്‍ എനിക്ക് വളരെ സ്‌ട്രോങ്ങായ ഒരു കഥാപാത്രമായിരുന്നു ലഭിച്ചത്. സിനിമ റിലീസായി അമ്പതോ അറുപതോ ദിവസമായിട്ടും തിയേറ്ററില്‍ ഹൗസ് ഫുള്ളായിരുന്നു.

ആ സമയത്ത് ബാലേട്ടന്‍ സിനിമയുടെ ക്രൂ ചെന്നൈയില്‍ ഉണ്ടായിരുന്നു. അവര്‍ സിനിമയിലെ പാട്ട് റെക്കോഡ് ചെയ്യാന്‍ വേണ്ടിയോ മറ്റോ വന്നതായിരുന്നു. ആ സമയത്ത് ഭദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തിലേക്ക് ആരെയും തീരുമാനിച്ചിരുന്നില്ല.

ആ കഥാപാത്രത്തിനായി ഹിന്ദിയില്‍ നിന്നും മറ്റു ഭാഷകളില്‍ നിന്നുമെല്ലാം നടന്മാരെ നോക്കുകയായിരുന്നു അവര്‍. സാധാരണയായി കാണുന്ന വില്ലനെ ആയിരുന്നില്ല വേണ്ടിയിരുന്നത്. ഹീറോ ലുക്കുള്ള വില്ലനെയായിരുന്നു ആവശ്യം. ഡയറക്ടര്‍ തുളസിദാസും അസോസിയേറ്റ് ഗോവിന്ദന്‍ കുട്ടിയും ‘രമണ’ കണ്ടിരുന്നു. അവര്‍ പറഞ്ഞിട്ടാണ് സിനിമയുടെ ക്രൂ രമണ കാണുന്നതും അതുവഴി ഞാന്‍ ബാലേട്ടനില്‍ എത്തുന്നതും,’ റിയാസ് ഖാന്‍ പറഞ്ഞു.


Content Highlight: Riyaz Khan Talks About Ramana Movie