|

മോഹന്‍ലാലിനോട് മലയാളം പറയാനുള്ള പേടി കൊണ്ട് ആ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു: റിയാസ് ഖാന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനോട് എങ്ങനെ മലയാളം പറയും എന്ന് പേടിച്ച് ബാലേട്ടന്‍ സിനിമയില്‍ അഭിനിയിക്കില്ലെന്ന് അമ്മയോട് പറഞ്ഞിരുന്നതായി റിയാസ് ഖാന്‍. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് റിയാസ് ഖാന്‍ തന്റെ കരിയറില്‍ വഴിത്തിരിവായ ബാലേട്ടന്‍ സിനിമയിലെത്തിയ കഥ പറയുന്നത്.

‘ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു ബാലേട്ടന്‍ സിനിമയില്‍ അഭിനയിച്ചു എന്നത്. എ.ആര്‍.മുരുകദാസിന്റെ രണ്ടാമത്തെ സിനിമയായ രമണ തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായി നില്‍ക്കുന്ന സമയത്താണ് സംവിധായകന്‍ വി.എം. വിനുവും, ചീഫ് അസോസിയേറ്റ് ആയിരുന്നു ഗോവിന്ദന്‍ കുട്ടിയും ചെന്നൈയിലെത്തുന്നത്. സിനിമയിലേക്ക് വില്ലനെ തേടിയാണ് അവരെത്തിയത്.

കണ്ടുപഴകിയ വില്ലന്‍ ലുക്ക് വരരുത് എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പ്രസാദ് സ്റ്റുഡിയോയില്‍ നിന്നും ഒരു സിനിമയുടെ ഡബ്ബിങ് കഴിഞ്ഞുവരുമ്പോള്‍ അവിടെ തുളസീദാസും, ഗോവിന്ദന്‍കുട്ടിയും ഉണ്ടായിരുന്നു. തുളസീദാസാണ് ഗോവിന്ദന്‍ കുട്ടിയോട് എന്നെ കുറിച്ച് പറയുന്നത്. നിങ്ങളുടെ സിനിമക്ക് പറ്റിയ ആളെ അന്വേഷിച്ചോളൂ പക്ഷെ രമണ എന്ന ഈ സിനിമ ഒന്ന് കണ്ടുനോക്കൂ എന്നും അതില്‍ റിയാസ് എന്നൊരാളുണ്ട് എന്നുമാണ് അന്ന് തുളസീദാസ് ഗോവിന്ദന്‍ കുട്ടിയോട് പറഞ്ഞത്.

അങ്ങനെ അവര്‍ നൂണ്‍ഷോയ്ക്ക് രമണ പോയി കണ്ടു. ഞാന്‍ ഉച്ചക്ക് വീട്ടിലേക്ക് ചോറുണ്ണാന്‍ വേണ്ടി വന്ന സമയത്ത് തന്നെ ഗോവിന്ദന്‍ കുട്ടി എന്റെ കൈപിടിച്ച് അവരുടെ ഓഫീസിലേക്ക് കൊണ്ടുപോയി. എന്റെ വീടിനടുത്ത് നിന്ന് അഞ്ച് വീട് അപ്പുറത്തായിരുന്നു അവരുടെ ഓഫീസ്. അവിടെ വെച്ചാണ് ബാലേട്ടനിലേക്ക് എന്നെ ഉറപ്പിക്കുന്നത്. ഞാന്‍ അപ്പോള്‍ തന്നെ ഓടി വീട്ടിലേക്ക് വന്ന് അമ്മയോട് പറഞ്ഞത്, ഞാന്‍ ഈ പടം ചെയ്യുന്നില്ല എന്നായിരുന്നു.

ഞങ്ങളുടെ കുടുംബം ഫോര്‍ട്ട് കൊച്ചിയില്‍ വേരുള്ളതാണെങ്കിലും ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. അത് കൊണ്ട് തന്നെ എനിക്ക് ഒട്ടും മലയാളം അറിയില്ലായിരുന്നു. മോഹന്‍ലാല്‍ സാറിനോട് ഞാന്‍ എങ്ങനെ മലയാളം പറയുമെന്ന് പേടിച്ചിട്ടാണ് ഞാന്‍ ബാലേട്ടനില്‍ അഭിനിയക്കില്ലെന്ന് ആദ്യം അമ്മയോട് പറഞ്ഞത്. അമ്മ മറുപടി പറഞ്ഞത്, തെലുങ്ക്, കന്നട സിനിമകളിലൊക്കെ അഭിനയിക്കുന്നതോ എന്നായിരുന്നു. അതിന് ശേഷമാണ് ഞാന്‍ ബാലേട്ടനില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.

ഞാന്‍ വളരെ എന്‍ജോയ് ചെയ്ത് അഭിനയിച്ച സിനിമയായിരുന്നു ബാലേട്ടന്‍. ലാല്‍സാറാണ് അതിന് എന്നെ സഹായിച്ചത്. എന്റെ ലൈഫില്‍ ഏറ്റവും വലിയ സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ അത് മോഹന്‍ലാലാണ്. അതിനപ്പുറം ഒരാളില്ല. ബാലേട്ടന്‍ എന്റെ കരയിറിലും വിലയൊരു വഴിത്തിരിവായിരുന്നു. ആ സിനിമയുടെ പേരിലാണ് എനിക്ക് പിന്നീട് കൂടുതല്‍ അവസരങ്ങള്‍ മറ്റു ഭാഷകളിലടക്കം ലഭിച്ചത്’ റിയാസ് ഖാന്‍ പറഞ്ഞു.

CONTENT HIGHLIHTS: Riyaz Khan shares his experience of acting with Mohanlal in the movie Baletan