| Tuesday, 4th June 2024, 10:06 am

ആദ്യം വെറും 15 മിനിറ്റ് മാത്രമേ ദുബായ് ജോസ് സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ: റിയാസ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് റിയാസ് ഖാന്റെ ദുബായ് ജോസ് എന്ന കഥാപാത്രം. 2004ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ജലോത്സവം എന്ന ചിത്രത്തിലാണ് റിയാസ് ഖാന്‍ ദുബായ് ജോസായി എത്തിയത്. ചിത്രത്തിലെ ‘അടിച്ച് കേറി വാ’ എന്ന ഡയലോഗ് ഇപ്പോള്‍ ട്രെന്‍ഡിങായി മാറിയിരിക്കുകയാണ്. റിയാസ് ഖാന്‍ ആദ്യമായി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്ത കഥാപാത്രമായിരുന്നു ഇത്.

20 വര്‍ഷങ്ങള്‍ക്കു ശേഷം ദുബായ് ജോസിനെ വീണ്ടും ആളുകള്‍ ഏറ്റെടുത്തത് സന്തോഷം തരുന്ന കാര്യമാണെന്ന് റിയാസ് ഖാന്‍ പറഞ്ഞു. എന്നാല്‍ തമിഴ്‌നാട്ടിലുള്ളവര്‍ വിചാരിച്ചിരിക്കുന്നത് പുതിയ സിനിമയിലെ കഥാപാത്രമാണ് ദുബായ് ജോസ് എന്നും റിയാസ് ഖാന്‍ പറഞ്ഞു.

അവരെ പറഞ്ഞു മനസിലാക്കാന്‍ പറ്റാത്തതുകെണ്ട് പുതിയ സിനിമയാണെന്ന് സമ്മതിക്കേണ്ടി വന്നെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് റിയാസ് ഖാന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇപ്പോള്‍ എല്ലായിടത്തും ദുബായ് ജോസാണ് ട്രെന്‍ഡെന്ന് രണ്ട് ദിവസം മുന്നേയാണ് ഞാന്‍ അറിഞ്ഞത്. മകന് ഈ സീന്‍ കണ്ടിട്ട് എന്താണെന്ന് പോലും മനസിലായില്ല. 20 കൊല്ലം മുന്നേ ചെയ്ത ക്യാരക്ടറാണത്. വെറും 15 മിനിറ്റ് മാത്രമേ ആ കഥാപാത്രം ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് സിബി സാര്‍ അത് എക്‌സ്‌റ്റെന്റ് ചെയ്യിക്കുകയായിരുന്നു.

ഈ ട്രെന്‍ഡ് പഴയ സിനിമയിലേതാണെന്ന് കേരളത്തിലുള്ളവര്‍ക്ക് മനസിലാകും. പക്ഷേ തമിഴ്‌നാട്ടില്‍ അങ്ങനെയല്ല, അവര്‍ വിചാരിച്ചു വെച്ചിരിക്കുന്നത് ഇത് പുതിയ പടത്തിലെയാണെന്നാ. പലരും എന്നെ വിളിച്ചിട്ട്, ‘പുതിയ സിനിമയാണല്ലേ ദുബായ് ജോസ്, അതിന്റെ വീഡിയോ ഹിറ്റാണല്ലോ’ എന്നൊക്കെ ചോദിക്കുന്നുണ്ട്. അവരെ പറഞ്ഞു മനസിലാക്കാന്‍ ഞാന്‍ പോയില്ല. പുതിയ സിനിമയാണെന്നാണ് പറഞ്ഞത്,’ റിയാസ് ഖാന്‍ പറഞ്ഞു.

Content Highlight: Riyaz Khan reacts to the the trend of Dubai Jose in social media

We use cookies to give you the best possible experience. Learn more