ഷാരൂഖ് ഖാന് ശേഷം ഏറ്റവും വലിയ എന്റെർറ്റൈനർ ആയ നടൻ വിജയ് എന്ന് നടൻ റിയാസ് ഖാൻ. ബദ്രി എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹോദരൻ ആയി അഭിനയിച്ചതിന് ശേഷം അദ്ദേഹം അണ്ണാ എന്നാണ് തന്നെ വിളിക്കുന്നതെന്നും ഏറ്റവും വലിയ സ്റ്റാർ വിജയ് ആണെന്നും റിയാസ് ഖാൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒപ്പം അഭിനയിച്ചതിന് ശേഷം ഇത്രയും നാളുകൾ ആയിട്ടും ഇപ്പോഴും ഞങ്ങൾ തമ്മിൽ പഴയ ഇന്ററാക്ഷനുകൾ നടക്കുന്നുണ്ട്. വിജയ് വളരെ എളിമയുള്ള വ്യക്തിയാണ്.
എന്നെ അണ്ണാ എന്ന് വിളിക്കേണ്ട ഒരു കാര്യവും ഇല്ല. എങ്കിലും പുള്ളി അണ്ണാ എന്നാണ് വിളിക്കുന്നത്. ബദ്രി എന്ന ചിത്രത്തിൽ ഞാൻ വെട്രി എന്ന കഥാപാത്രം ചെയ്തപ്പോൾ വിജയ് ആണ് ബദ്രി എന്ന കഥാപാത്രമായി എത്തിയത്. അതിൽ ചേട്ടനും അനിയനുമായിട്ടാണ് അഭിനയിക്കുന്നത്. ഇപ്പോഴും ആ ബന്ധമാണ് അവിടെ കാണുന്നത്.
വിജയ്‌യുടെ വില്ലൻ ആയിട്ട് സുറ എന്ന ചിത്രത്തിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. അപ്പോഴും അദ്ദേഹം എന്നെ അണ്ണാ എന്നാണ് വിളിക്കുന്നത്. ഞങ്ങൾ താമസിക്കുന്നത് ഒരേ ഏരിയയിൽ തന്നെയാണ്.
അദ്ദേഹമാണ് ഏറ്റവും വലിയ സ്റ്റാർ എന്ന് ഞാൻ പറയും. അദ്ദേഹമാണ് ഷാരൂഖ് ഖാന് ശേഷം ഏറ്റവും വലിയ എന്റെർറ്റൈനെർ,’ റിയാസ് ഖാൻ പറഞ്ഞു.
അഭിമുഖത്തിൽ തന്റെ പഴയ കാല സിനിമ അനുഭവത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. രംഭ നായികയായെത്തിയ സർഗം എന്ന ചിത്രത്തിൽ താൻ ആയിരുന്നു ആദ്യം നായകൻ എന്നും രംഭയെക്കാൾ ചെറുപ്പം തോന്നിക്കുമെന്നുള്ളതുകൊണ്ട് ആ വേഷം ചെയ്യാൻ പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നടി രംഭയുടെ ആദ്യത്തെ ചിത്രമായ സർഗത്തിൽ എന്നെ ആദ്യം നായകൻ ആയിട്ട് തെരഞ്ഞെടുത്തു. പക്ഷെ എനിക്ക് രംഭയെക്കാൾ ചെറുപ്പം തോന്നിച്ചു. അതുകൊണ്ട് എനിക്ക് ആ വേഷം ചെയ്യാൻ പറ്റിയില്ല. എന്നിട്ടാണ് വിനീതിനെ ആ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. അത് വിനീതിന് അറിയില്ല. എനിക്കും ഡയറക്ടർ സാറിനും മാത്രം അറിയാവുന്ന ഒന്നാണ്,’ റിയാസ് ഖാൻ പറഞ്ഞു.
Content Highlights: Riyaz Khan on Vijay