'തമിഴിൽ അഭിനയിക്കുന്നവർ ചെന്നൈയിൽ തന്നെയുള്ളവർ ആകണമെന്ന തീരുമാനം'; ഇന്ത്യയിലത് ബുദ്ധിമുട്ടാണ്: റിയാസ് ഖാൻ
Entertainment
'തമിഴിൽ അഭിനയിക്കുന്നവർ ചെന്നൈയിൽ തന്നെയുള്ളവർ ആകണമെന്ന തീരുമാനം'; ഇന്ത്യയിലത് ബുദ്ധിമുട്ടാണ്: റിയാസ് ഖാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th July 2023, 8:31 am

തമിഴ് സിനിമ മേഖലയിൽ ജോലിചെയ്യുന്നവർ ചെന്നൈ/തമിഴ്‌നാട്ടിൽ തന്നെയുള്ളവർ ആകണമെന്ന തീരുമാനം നടപ്പിലാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് നടൻ റിയാസ് ഖാൻ. വിജയ്‌യുടെ ലിയോ എന്ന ചിത്രത്തിൽ എല്ലാ ഭാഷകളിൽ നിന്നുമുള്ള അഭിനേതാക്കൾ ഉണ്ടെന്നും ഈ നിയമം നടപ്പിലാക്കാൻ സാധ്യത കുറവാണെന്നും റിയാസ് പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചെന്നൈയിൽ ഉള്ളവർ മാത്രം തമിഴിൽ അഭിനയിച്ചാൽ മതിയെന്ന് പറയുന്നത് ഇവിടെ നടക്കില്ല. അത് ഇന്ത്യൻ സിനിമയിൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. വൈവിദ്യങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. അപ്പോൾ ഒരിക്കലും ഒരു ഭാഷയിൽ മാത്രം അങ്ങനെയൊരു തീരുമാനം എടുക്കാൻ പറ്റില്ല. അത് വല്യ ഗുണമുള്ള തീരുമാനവുമല്ല. ഇത് ഇവിടെ നടപ്പാകുമോയെന്ന് എനിക്കറിയില്ല.

സിനിമ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഇത് നടപ്പിലാക്കാൻ പോകുന്നില്ല. നടപ്പാക്കാൻ ആയിരുന്നെങ്കിൽ എപ്പോഴേ നടപ്പിലാക്കിയേനെ. ഇവിടെ അഭിനയിക്കുന്നതൊക്കെ ബോളിവുഡിൽ നിന്നൊക്കെയുള്ളവരല്ലേ. ഭാഷയും അറിയില്ല ടാലന്റും ചിലപ്പോൾ ഉണ്ടാകില്ല. വെറുതെ ഹിന്ദിയിൽ നിന്നും കൊണ്ടുവന്ന് അഭിനയിപ്പിക്കുന്നു. അപ്പോൾ തന്നെ ഈ കാരണങ്ങൾകൊണ്ട് എതിർപ്പുകൾ ഉണ്ടായേനെ.

ഇവിടെയുള്ളവർ ഒരു പത്ത് ലക്ഷം രൂപയ്ക്കാണ് ശമ്പളം വാങ്ങുന്നതെങ്കിൽ അവിടുന്നുള്ളവർ വരുമ്പോൾ 50 ലക്ഷം വാങ്ങിക്കും. അവർക്കാണെങ്കിൽ ഭാഷയും അറിയില്ല മാർക്കറ്റിങ്ങും ഉണ്ടാകില്ല. അവർക്ക് ഹിന്ദിയിൽ ആയിരിക്കും മാർക്കറ്റിങ് ഉണ്ടാകുക.

തമിഴ് ഇൻഡസ്ട്രിയിൽ വിജയ്‌യുടെ ലിയോയിൽ തന്നെ എല്ലാ താരങ്ങളും ഉണ്ട്. സഞ്ജയ് ദത്ത്, ധനുഷ് എന്നിവരൊക്കെയുണ്ട്. മലയാളത്തിൽ നിന്നുള്ളവരും ഉണ്ട്. കമൽ സാർ (കമൽ ഹാസൻ) പ്രഭാസിന്റെ സിനിമയിൽ വില്ലനായിട്ട് അഭിനയിച്ചു. ഇങ്ങനെ പല രീതിയിൽ എല്ലാവരുടെയും ടാലന്റുകൾ പല ഇടങ്ങളിൽ ആയി അവതരിപ്പിക്കുന്നു. അങ്ങനെയുള്ള ഒരു കാലഘട്ടത്തിൽ ഇത്തരം തീരുമാനങ്ങൾ നടപ്പിലാകില്ല,’ റിയാസ് ഖാൻ പറഞ്ഞു.

തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ) തീരുമാനമെടുത്തിരുന്നു.

തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്‌നാട്ടില്‍ മാത്രം നടത്തണമെന്നതുള്‍പ്പെടെ മറ്റു പല നിര്‍ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുന്നുണ്ട്.

അങ്ങേയറ്റം ആവശ്യം അല്ലാത്തപക്ഷം തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്‌നാടിന് പുറത്ത് നടത്തരുതെന്നും സംഘടനയുടെ നിര്‍ദ്ദേശമുണ്ട്. ഷൂട്ടിങ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മാതാക്കള്‍ക്ക് എഴുതി നല്‍കണമെന്നും സംഘടന പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

Content highlights: Riyaz Khan on Tmail movie industry decision