റിയാസ് ഖാന്റെ പുതിയ ചിത്രമായ മായക്കൊട്ടാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ പോസ്റ്ററിനെയും പോസ്റ്ററിലെ വാചകത്തേയും ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍.
‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി’ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ വാചകം. നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍’ എന്നാണ് റിയാസ് ഖാന്റെ കഥാപാത്രത്തിന്റെ പേര്. പേരും വാചകവും ചിലരെ ഉദ്ദേശിച്ചുകൊണ്ടല്ലേ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. നിരവധി ചോദ്യങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ ഉയര്‍ന്നുവന്നിരിക്കുന്നത്. സിനിമയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് റിയാസ് ഖാന്‍.
ആരാണ് ‘നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍’? എന്ന് റിയാസാ ഖാന്‍ തന്നെ പറഞ്ഞിരിക്കുകയാണ്. ഏഷ്യാനെറ്റ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘സിനിമയുടെ ഫോട്ടോഷൂട്ട് കഴിഞ്ഞതേയുള്ളൂ. തുടങ്ങാനിരിക്കുകയാണ്. ഒരു കോമഡി സബ്ജക്ട് ആണ്. ഒരു സ്പൂഫ് സിനിമയാണ് മായക്കൊട്ടാരം. എന്ത് വിഷയം കണ്ടാലും ചാടിക്കേറി അത് ഏല്‍ക്കുന്ന ആളാണ് സുരേഷ് കോടാലിപ്പറമ്പന്‍ എന്ന നായക കഥാപാത്രം. എന്നിട്ട് അതിനുവേണ്ടി പണം സമാഹരിക്കും. പിന്നെ അതെടുത്ത് യുട്യൂബില്‍ ഇടും. അങ്ങനെ ഒരു കഥാപാത്രം,” സുരേഷ് കോടാലിപ്പറമ്പനെക്കുറിച്ച് റിയാസ് ഖാന്‍ പറയുന്നു.
നിലവിലുള്ള ചാരിറ്റി പ്രവര്‍ത്തകരില്‍ ആരെയെങ്കിലും വ്യക്തിപരമായി ഉദ്ദേശിച്ചല്ല കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതെന്നും സ്പൂഫ് സിനിമയുടെ പോസ്റ്ററും സ്പൂഫ് രീതിയില്‍ ചെയ്തതാണെന്നും റിയാസ് ഖാന്‍ പറഞ്ഞു.
‘ആ പോസ്റ്റര്‍ കാണുമ്പോള്‍ ഇത് ചില ആളുകളെ ഉദ്ദേശിച്ചല്ലേ എന്ന് നമുക്ക് തോന്നും. അതേസമയം അങ്ങനെ ചിന്തിച്ചോട്ടെ എന്ന് കരുതിയുമാണ് ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ ഇറക്കിയത്’, റിയാസ് പറയുന്നു.
കെ.എന്‍ ബൈജുവാണ് മായക്കൊട്ടാരം സംവിധാനം ചെയ്യുന്നത്.
ബൈജു തന്നെയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കന്നഡ താരം ദിഷ പൂവയ്യയാണ് നായിക. മാമുക്കോയ, ജയന്‍ ചേര്‍ത്തല, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, നാരായണന്‍കുട്ടി, തമിഴ് നടന്‍ സമ്പത്ത് രാമന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
നവഗ്രഹ സിനി ആര്‍ട്സ്, ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറുകളില്‍ എ.പി കേശവദേവ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെങ്കിടാണ്. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ സംഗീതം പകരുന്നു. ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, അനുരാധ ശ്രീറാം, മാതംഗി അജിത് കുമാര്‍ എന്നിവരാണ് ഗായകര്‍. പെരുമ്പാവൂരും പാലക്കാടുമാണ് ലൊക്കേഷനുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Riyaz Khan about Nanmamaram Suresh Kodalipparamban,